Mon. Dec 23rd, 2024

തായ്വാന്‍ കടലിടുക്കില്‍ സുരക്ഷാ ഭീഷണി സൃഷ്ടിച്ച് 42 ചൈനീസ് പോര്‍വിമാനങ്ങള്‍ തായ്‌വാന്‍ കടലിടുക്കിലെ മീഡിയന്‍ രേഖ മറികടന്നു. തായ്വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്‍, ചൈനയുടെ യുഎസ് പ്രതിനിധി സഭാ സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ചൈനയുടെ സൈനിക നടപടി. ശനിയാഴ്ച രാവിലെയോടെ ജെ-10, ജെ-11, ജെ-16 എന്നീ വിഭാഗത്തില്‍പെടുന്ന 42 യുദ്ധവിമാനങ്ങള്‍ക്ക് പുറമെ എട്ട് കപ്പലുകളും രേഖ മുറിച്ചുകടന്നതായി തായ്വാന്‍ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം സായ് ഇങ്-വെന്‍ മടങ്ങിയെത്തി ഒരു ദിവസം മാത്രം പിന്നിടവെയാണ് മൂന്ന് ദിവസം നീണ്ട അഭ്യാസപ്രകടനങ്ങള്‍ക്ക് ചൈന തുടക്കം കുറിച്ചത്. ചൈനയുടെ എതിര്‍പ്പ് മറികടന്ന് അമേരിക്കയും തായ്‌വാനും നടത്തിയ കൂടിക്കാഴ്ച വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. തായ്വാന്‍ കടലിടുക്കിലും ദ്വീപിന്റെ വടക്ക്, തെക്ക്, കിഴക്ക് മേഖലകളിലും പദ്ധതിപ്രകാരം തന്നെ അഭ്യാസപ്രകടനങ്ങള്‍ നടത്തുമെന്ന് നേരത്തെ ചൈന അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി തായ്വാന് ചുറ്റും യുദ്ധ സജ്ജീകരണ പട്രോളിംഗും ‘ജോയിന്റ് വാള്‍’ അഭ്യാസങ്ങളും ആരംഭിച്ചതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറിയിച്ചു. തായ്വാനിലെ വിഘടനവാദികള്‍ക്കും സ്വതന്ത്രമാക്കാന്‍ പരിശ്രമിക്കുന്ന ബാഹ്യശക്തികളുടെ കൂട്ടുകെട്ടിനുമുള്ള ഗുരുതര മുന്നറിയിപ്പാണിതെന്ന് ചൈനീസ് സൈന്യത്തിന്റെ ഈസ്റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡ് പറഞ്ഞു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം