Wed. Nov 6th, 2024

ഡല്‍ഹി: വ്യാജ സിം കാര്‍ഡുകള്‍ തടയാന്‍ നീക്കവുമായി കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ്. സിം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായതിന് പിന്നാലെയാണ് കെവൈസി മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാനൊരുങ്ങുന്നത്. പുതിയ തീരുമാനം സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയുന്നതിന് ഏറെ സഹായകരമാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഒരു തിരിച്ചറിയില്‍ രേഖയില്‍ നല്‍കാന്‍ കഴിയുന്ന സിം കാര്‍ഡുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് അഞ്ചായി കുറയ്ക്കുക, ഏത് രേഖയെ അടിസ്ഥാനപ്പെടുത്തിയാണോ സിം കാര്‍ഡ് നല്‍കുന്നത് ആ രേഖയുടെ ഡിജിറ്റല്‍ പതിപ്പ് പരിശോധിക്കുക, സിം കാര്‍ഡുകള്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയാല്‍ തടവും പിഴയുമടക്കം അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നിങ്ങനെ നിരവധി പരിഷ്‌കാരങ്ങളാണ് നടപ്പാക്കുക. റിസര്‍വ് ബാങ്ക്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം മറ്റ് സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുമായി കൂടിയാലോചിച്ചതിന് ശേഷം പുതുക്കിയ കെവൈസി മാനദണ്ഡങ്ങള്‍ ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഇന്റലിജന്‍സ് യൂണിറ്റ് വിഭാഗം ആറ് മാസത്തിനകം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്ന 97 ശതമാനം സിം കാര്‍ഡുകളും രേഖകള്‍ കൃത്യമായി പരിശോധിച്ച ശേഷമാണ് നല്‍കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. 2021 സെപ്റ്റംബറില്‍ സിം കാര്‍ഡ് നല്‍കുന്നതിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി (ഇലക്ടോണിക്ക് കെവൈസി ) സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം