തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം വരും ദിവസങ്ങളില്‍ കര്‍ശനമാക്കുമെന്ന് പൊതുഭരണ വകുപ്പ്. സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ആക്സസ് കണ്‍ട്രോള്‍ സംവിധാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയിട്ടില്ലെന്നാണ് ഇതിലൂടെ മനസിലാകുന്നത്. ആദ്യ ദിവസമായതിനാലാണ് ഇന്നു രാവിലെ ജീവനക്കാര്‍ക്ക് സാധാരണഗതിയില്‍ സെക്രട്ടേറിറ്റില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതെന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പറഞ്ഞു. വരും ദിവസങ്ങളില്‍ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്തുന്ന ബയോമെട്രിക് പഞ്ചിങ്ങിനെ ആക്‌സസ് കണ്‍ട്രോള്‍ സംവിധാനവുമായി ബന്ധിപ്പിക്കില്ലെന്ന ഉത്തരവ് തത്കാലത്തേക്കാണ്. ബയോമെട്രിക് പഞ്ചിങ്ങിനെ ഭാവിയില്‍ ആക്‌സസ് കണ്‍ട്രോളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം പൂര്‍ണമായ തോതില്‍ നടപ്പായോയെന്ന് അടുത്തയാഴ്ചത്തെ ആദ്യ പ്രവൃത്തിദിനമായ തിങ്കളാഴ്ച മാത്രമേ അറിയാന്‍ സാധിക്കൂകയുള്ളു. ജീവനക്കാരെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തോട് ഇടതു വലതു വ്യത്യാസമില്ലാതെ സെക്രട്ടറിയേറ്റിലെ എല്ലാ സര്‍വീസ് സംഘടനകകള്‍ക്കും കടുത്ത പ്രതിഷേധമാണുള്ളത്.