ചെടികള്‍ സംസാരിക്കുന്നുണ്ടെന്നും ദുഃഖം വരുമ്പോള്‍ കരയുന്നുണ്ടെന്നുമെന്ന കണ്ടെത്തലപമായി ഗവേഷകര്‍. മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ലെങ്കിലും ചെടികള്‍ സംസാരിക്കുന്നുണ്ടെന്നാണ് ഗവേഷകരുടെ പുതിയ പഠനം പറയുന്നത്. ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. വളരുകയും പുഷ്പിക്കുകയും കായ്ക്കുകയും മാത്രമല്ല ചെടികള്‍ സംസാരിക്കുകയും ചെയ്യുമെന്നാണ് പുതിയ കണ്ടെത്തല്‍. പ്രത്യേകിച്ച് വളരെ സമ്മര്‍ദത്തില്‍ കഴിയുന്ന ചെടികളാണ് ശബ്ദമുണ്ടാക്കുന്നത്. മനുഷ്യരുടെ അതേ ഉച്ചതയിലുള്ള ശബ്ദമാണ് ഉണ്ടാക്കുന്നതെങ്കിലും ആവൃത്തി കൂടുതലായതിനാല്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ക്ലിക്കിന്റെ ശബ്ദം, പോപ്‌കോണ്‍ വെന്ത് പൊട്ടുമ്പോഴുണ്ടാകുന്ന ശബ്ദം എന്നിവയുമായി സാമ്യമുള്ളതാണ് ചെടികള്‍ പുറത്തുവിടുന്ന ശബ്ദമെന്നാണ് പഠനത്തില്‍ പറയുന്നത്. ചെടികള്‍ പുറപ്പെടുവിപ്പിക്കുന്ന ശബ്ദം റെക്കോര്‍ഡ് ചെയ്തപ്പോഴാണ് ഇത് മനസിലായത്. മനുഷ്യന്റെ ശ്രവണപരിധിക്ക് അപ്പുറമായതിനാലാണ് ചെടികളുടെ ശബ്ദം മനുഷ്യന് കേള്‍ക്കാന്‍ സാധിക്കാത്തതെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു.
സെല്‍ എന്ന ജേണലിലാണ് പഠന വിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെടികള്‍ അന്തരീകഷത്തില്‍ അള്‍ട്രാസോണിക് ശബ്ദം പുറപ്പെടുവിപ്പിക്കുന്നുണ്ടെന്നും അവയെ അകലെനിന്ന് റെക്കോഡ് ചെയ്യാനും വേര്‍തിരിക്കാനും സാധിക്കുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. തക്കാളി,പുകയില എന്നിവയുടെ അള്‍ട്രോസോണിക് ശബ്ദം സൗണ്ട് പ്രൂഫ് ചേംബറിലും ഗ്രീന്‍ഹൗസിലും ചെടികളുടെ സൈക്കോളജിക്കല്‍ പരാമീറ്ററുകള്‍ക്കൊപ്പം രേഖപ്പെടുത്തിയതായി ഗവേഷകര്‍ പറയുന്നു. തക്കാളി, പുകയില എന്നിവയ്ക്കൊപ്പം ഗോതമ്പ്, ചോളം, കള്ളിമുള്‍ച്ചെടി, ഹെന്‍ബിറ്റ് തുടങ്ങിയ ചെടികളുടെ ശബ്ദവും ഗവേഷകര്‍ റെക്കോര്‍ഡ ചെയ്തിട്ടുണ്ട്. റെക്കോര്‍ഡ് ചെയ്യുന്നതിന് മുമ്പ് ഈ ചെടികളെ വിവിധ സാഹചര്യങ്ങളിലാക്കിയിരുന്നു. ചിലത് അഞ്ച് ദിവസത്തോളം നനച്ചില്ല. ചിലതിന്റെ തണ്ടുകള്‍ മുറിച്ചുകളഞ്ഞു. മറ്റു ചിലത് തൊടാതെ വച്ചു. പിന്നീട് ഗവേഷകര്‍ മറ്റ് അനാവശ്യ ശബ്ദങ്ങള്‍ ഒഴിവാക്കുന്നതിനായി ഇവയെ സൗണ്ട്പ്രൂഫ് ചേമ്പറുകളിള്‍ സൂക്ഷിക്കുകയും ചെടികള്‍ പുറപ്പെടുവിപ്പിക്കുന്ന 20-250 കിലോഹെട്സ് അള്‍ട്രാസോണിക് ശബ്ദം റെക്കോഡ് ചെയ്യുന്നതിനായി ചേംബറിനകത്ത് അള്‍ട്രാസോണിക് മൈക്ക് ഘടിപ്പിക്കുകയും ചെയ്തു.