Fri. Mar 29th, 2024

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (നിര്‍മിത ബുദ്ധി) അധിഷ്ഠിതമായ പരിശീലനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് സാങ്കേതിക വിദ്യാരംഗത്തെ വിദഗ്ധരുടെ മുന്നറിയിപ്പ്. നിര്‍മിത ബുദ്ധി അധിഷ്ഠിതമായ വിവിധ സംവിധാനങ്ങള്‍ വികസിപ്പിക്കാനുള്ള മത്സരം ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌കും ആപ്പിള്‍ സഹ സ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാക്കും ഒപ്പുവെച്ച തുറന്ന കത്തിലൂടെ പറയുന്നു. എ ഐ ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടി പ്രാധാന്യം അര്‍ഹിച്ച് വരുന്ന സമയത്താണ് ടെക് വിദഗ്ധര്‍ തങ്ങളുടെ ആശങ്ക പങ്കുവെച്ച് രംഗത്തുവന്നിരിക്കുന്നത്. ചാറ്റ് ജിപിടി അല്ലെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിരവധി തൊഴിലവസരങ്ങള്‍ മനുഷ്യരില്‍ നിന്ന് കവര്‍ന്നെടുക്കുമെന്ന് പലരും സൂചന നല്‍കിയിരുന്നു. നിക്ഷേപ ബാങ്കായ ഗോള്‍ഡ് മാന്‍ സാച്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും ഏറെ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് പറയുന്നത്. ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭാവിയില്‍ 30 കോടി തൊഴിലവസരങ്ങളെ ബാധിച്ചേക്കാമെന്ന് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ചാറ്റ് ജിപിടി ഉള്‍പ്പെടുന്ന ജനറേറ്റീവ് എ ഐ അതിന്റെ വാഗ്ദാനം ചെയ്ത കഴിവുകള്‍ പ്രകടിപ്പിക്കുന്ന കാലത്ത്, തൊഴില്‍ വിപണിയില്‍ അത് കാര്യമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. യു എസിലെയും യൂറോപ്പിലെയും മൂന്നില്‍ രണ്ട് ജോലികളും ഒരു പരിധിവരെ ഓട്ടോമേറ്റ് ചെയ്യപ്പെടുമെന്നും അതില്‍ ചൂണ്ടിക്കാട്ടുന്നു. അഡ്മിനിസ്‌ട്രേറ്റീവ് മേഖലയില്‍ 46 ശതമാനവും നിയമ മേഖലയില്‍ 44 ശതമാനവും ജോലികള്‍ എ ഐ ചെയ്യുന്ന സാഹചര്യമുണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക വളര്‍ച്ചയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രത്യാഘാതങ്ങള്‍ എന്ന ഗവേഷണ പ്രബന്ധത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. അതേസമയം എ.ഐ സാങ്കേതിക പുരോഗതി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന ശുഭസൂചനയും നല്‍കുന്നുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം