Sat. Feb 22nd, 2025

മുംബൈ: ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ഹോസ്റ്റസിന് നേരെ അതിക്രമം നടത്തിയ സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍. എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിനാണ് 63 കാരനായ ക്ലാസ് എറിക് ഹരാള്‍ജ് ജോനസ് വെസ്റ്റബര്‍ഗിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ഇന്‍ഡിഗോ ജീവനക്കാര്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ബാങ്കോക്കില്‍ നിന്ന് മുംബൈയിലേക്ക് വന്ന 6ഇ-1052 ഇന്‍ഡിഗോ വിമാനത്തിലായിരുന്നു അതിക്രമം നടന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഭക്ഷണം വിളമ്പുന്നതിനിടെയാണ് യാത്രക്കാരന്‍ അപമര്യാദയായി പെരുമാറിയത്. വിമാനം ലാന്‍ഡ് ചെയ്യും വരെ ഇത് തുടരുകയായിരുന്നു. ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്ന് ക്യാപ്റ്റന്‍ റെഡ് കാര്‍ഡ് മുന്നറിയിപ്പ് വായിച്ചെങ്കിലും ഇയാള്‍ മോശം പെരുമാറ്റം തുടരുകയായിരുന്നു എന്ന് ജീവനക്കാര്‍ പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ട യാത്രക്കാരനെ അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി 20,000 രൂപയുടെ ജാമ്യത്തിന് വിട്ടയച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം