Wed. Dec 18th, 2024
assembly polls

അഗര്‍തല: ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നാളെ. 60 സീറ്റുകളിലേക്കായി ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മാര്‍ച്ച് മൂന്നിന് വോട്ടെണ്ണും. 22 വനിതകള്‍ ഉള്‍പ്പെടെ 259 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. അതേസമയം, വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികളും അന്തര്‍സംസ്ഥാന അതിര്‍ത്തികളും അടച്ചു. 55 സീറ്റുകളിലായാണ് ഭരണകക്ഷിയായ ബിജെപി മത്സരിക്കുന്നത്. ബാക്കി ഐ.പി.എഫ്.ടിക്ക് നല്‍കിയിട്ടുണ്ട്.

43 സീറ്റില്‍ സിപിഎമ്മും 13 സീറ്റില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസും മത്സരിക്കും. പ്രാദേശിക പാര്‍ട്ടിയായ ടിപ്ര മോത 42 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. തൃണമൂല്‍ 28 സീറ്റിലാണ് മത്സരിക്കുന്നത്. വികസനം, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹികസുരക്ഷ, സ്ത്രീശാക്തീകരണം, പഴയ പെന്‍ഷന്‍ പദ്ധതി പുനരുജ്ജീവിപ്പിക്കല്‍ എന്നിവയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങള്‍. 2018ല്‍ ബിജെപി 36ലും സഖ്യകക്ഷിയായ ഐപിഎഫ്ടി എട്ട് സീറ്റിലും വിജയിച്ചു. സിപിഎമ്മിന് 16 സീറ്റാണ് ലഭിച്ചത്.

അതേസമയം, സമാധാനപരമായ വോട്ടെടുപ്പിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്ന് സംസ്ഥാന പൊലീസ് നോഡല്‍ ഓഫിസര്‍ ജിഎസ് റാവു പറഞ്ഞു. 400 കമ്പനി കേന്ദ്ര സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. വോട്ടെടുപ്പുദിവസം കേന്ദ്ര സായുധ പൊലീസ് സേനയെ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ വിന്യസിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം