Fri. Nov 22nd, 2024

കൊച്ചി കോര്‍പറേഷന്റെ ജനകീയ ഹോട്ടലായ ‘സമൃദ്ധി @ കൊച്ചി’ വികസിപ്പിക്കുന്നു. 120 പേര്‍ക്ക് ഒരേ സമയം ഇരുന്നു കഴിക്കാന്‍ സൗകര്യമുള്ള ഡൈനിങ് ഏരിയയും കുടുംബശ്രീയുടെ സ്റ്റാളും, അടുക്കളയും വാഷിങ്ങ് ഏരിയായുമാണ് പുതിയതായി വിപുലീകരിക്കുന്നത്. 45 ലക്ഷം രൂപ ചെലവഴിച്ചുള്ള നവീകരണ ജോലികള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് സ്ഥിര സമിതി അധ്യക്ഷ ഷീബ ലാല്‍ പറഞ്ഞു.

ആളുകള്‍ക്കു ഭക്ഷണം ഇരുന്നു കഴിക്കാനുള്ള ഡൈനിങ് ഏരിയയും കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള കൗണ്ടറുകളുമാണു സജ്ജമാക്കുന്നത്. ഒപ്പം, അടുക്കളയുടെ ശേഷിയും വര്‍ധിപ്പിക്കും. സമൃദ്ധിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയില്‍ നവീകരണ ജോലികള്‍ ആരംഭിച്ചുവെന്ന് ഷീബ ലാല്‍ കൂട്ടിചേര്‍ത്തു.

നിലവില്‍ പ്രതിദിനം 10 രൂപയുടെ 3000 ഉച്ചയൂണുകളാണു സമൃദ്ധിയില്‍ വില്‍ക്കുന്നത്. എന്നാല്‍ ആളുകള്‍ക്ക് ഇരുന്നു കഴിക്കാനുള്ള സൗകര്യമില്ല. പ്രായമായവര്‍ ഉള്‍പ്പെടെ ഇതുമൂലം ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തിലാണ് 120 പേര്‍ക്ക് ഒരേ സമയം ഇരുന്നു കഴിക്കാന്‍ സൗകര്യമുള്ള ഡൈനിങ് ഏരിയ സജ്ജമാക്കുന്നത്. മേയര്‍ എം. അനില്‍കുമാര്‍, സ്ഥിര സമിതി അധ്യക്ഷന്‍മാരായ പി.ആര്‍. റെനീഷ്, ഷീബ ലാല്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണു ‘സമൃദ്ധി @ കൊച്ചി’യുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. നോര്‍ത്ത് പരമാര റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘സമൃദ്ധി’ ഇതിനകം ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയും സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഊണിനു പുറമേ കുറഞ്ഞ വിലയില്‍ പ്രഭാത ഭക്ഷണവും അത്താഴവും സമൃദ്ധി വഴി വില്‍ക്കുന്നുണ്ട്. ഒപ്പം പാഴ്‌സലായി പൊതിച്ചോറും നല്‍കുന്നു. സമൃദ്ധിയെ സുസ്ഥിര വികസന മാതൃകയായി വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു കോര്‍പറേഷന്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നത്. സര്‍ക്കാരില്‍ നിന്നുള്ള സബ്‌സിഡിക്കു പുറമേ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നു സംഭാവനയും സ്വീകരിച്ചാണു സമൃദ്ധിയുടെ പ്രവര്‍ത്തനം.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.