Fri. Dec 27th, 2024

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി സമര്‍പ്പിച്ച പുതിയ സ്‌കീമില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് സുപ്രീം കോടതി ആരാഞ്ഞു.

മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നട യാത്രക്കാരുടെയും ശ്രദ്ധ മാറ്റുന്ന പരസ്യങ്ങള്‍ ബസുകളില്‍ പതിക്കില്ല എന്നതാണ് കെഎസ്ആര്‍ടിസിയുടെ പുതിയ സ്‌കീമിലെ പ്രധാന നിര്‍ദേശം. മോട്ടോര്‍ വാഹന ചട്ടങ്ങള്‍ അനുസരിച്ച് ബസുകളുടെ വശങ്ങളിലും പിന്‍ഭാഗത്തും മാത്രമാണ് ഇനി പരസ്യം പതിക്കുക, എംഡിയുടെ അധ്യക്ഷതയിലുളള സമിതി പരസ്യങ്ങള്‍ പരിശോധിക്കും, പതിച്ച പരസ്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍ മറ്റൊരു സമിതി പരിശോധിക്കും തുടങ്ങിയവയും സ്കീമിലെ നിര്‍ദേശങ്ങളാണ്.

പരസ്യം പതിക്കുന്നതിന് ലഭിക്കുന്ന അപേക്ഷകളില്‍ എംഡിയുടെ അധ്യക്ഷതയിലുളള നാല് അംഗ സമിതിയാണ് അനുമതി നല്‍കുക. പതിക്കുന്ന പരസ്യം സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കുള്ള പരാതി പരിശോധിക്കുന്നതിന് പ്രത്യേക സമിതിയില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി, കെഎസ്ആര്‍ടിസിയിലെ ചീഫ് ലോ ഓഫീസര്‍, സീനിയര്‍ മാനേജര്‍ എന്നിവരാണ് അംഗങ്ങള്‍.

ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് വൻ വരുമാന നഷ്ടത്തിന് ഇടയാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആര്‍ടിസ് ആപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി വ്യവസായത്തിന് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയാണ്,  ഉത്തരവ് കൃത്യമായ പഠനം കൂടാതെയാണെന്നും കെഎസ്ആര്‍ടിസി സുപ്രിംകോടതിയെ അറിയിച്ചു. കെഎസ്ആര്‍ടിസിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും സ്റ്റാന്റിങ് കോണ്‍സല്‍ ദീപക് പ്രകാശും ഹാജരായി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെകെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.