Sat. Apr 20th, 2024

തമിഴ്‌നാട് നിയമസഭയില്‍ ഇന്ന് നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെ നാടകീയരംഗങ്ങള്‍ അരങ്ങേറി, പ്രസംഗത്തില്‍ ‘ദ്രാവിഡമോഡല്‍’ പ്രയോഗം ഗവര്‍ണര്‍ ഒഴിവാക്കിയത് ഡിഎംകെ അംഗങ്ങളെ പ്രകോപിതരാക്കി. പെരിയാര്‍, ബിആര്‍ അംബേദ്കര്‍, കെ കാമരാജ്, അണ്ണാദുരൈ എന്നിവരെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗവും വിട്ടുകളഞ്ഞ് ഗവര്‍ണര്‍ ആര്‍എന്‍ രവി വായിച്ചതാണ് വിവാദമായത്.

അതേസമയം, ഗവര്‍ണര്‍ വിട്ടുകളഞ്ഞ ഭാഗങ്ങള്‍ സ്പീക്കര്‍ പ്രസംഗത്തിന്‍റെ പരിഭാഷയില്‍ സഭയില്‍ വായിക്കുകയും ചെയ്തു, പെരിയാറിന്റേയും അംബേദ്കറുടേയും കാമരാജിന്റേയും അണ്ണാദുരയുടേയും കരുണാനിധിയുടേയും സിദ്ധാന്തങ്ങളും ആശയങ്ങളും പിന്‍തുടരുന്ന സര്‍ക്കാര്‍ ദ്രാവിഡ മോഡല്‍ ഭരണമാണ് നടത്തുന്നതെന്ന ഭാഗം ആര്‍എന്‍ രവി വായിക്കാതെ വിടുകയായിരുന്നു. ബാക്കി എല്ലാ ഖണ്ഡികയിലും മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ പേര് ഗവര്‍ണര്‍ വായിച്ചു.

തമിഴ്നാട്ടിലെ ക്രമസമാധാനനിലയെക്കുറിച്ച് പറയുന്ന ഭാഗവും ഗവര്‍ണര്‍ വായിച്ചില്ല, സമാധാനത്തിന്റെ തുറമുഖമാണ് തമിഴ്‌നാട് എന്നും വിദേശ നിക്ഷേപകരെ വന്‍ തോതില്‍ ആകര്‍ഷിക്കുന്ന സ്ഥിതി എംകെ സ്റ്റാലിന്‍ സര്‍ക്കാര്‍ സംജാതമാക്കിയെന്നും, സമസ്ത മേഖലയിലും പുരോഗതി കൊണ്ടുവരാന്‍ ഡിഎംകെ സര്‍ക്കാരിന് കഴിഞ്ഞുവെന്നും വായിക്കാന്‍ ഗവര്‍ണര്‍ ആര്‍എന്‍ രവി തയാറായില്ല. പ്രസംഗത്തിലെ 65ാം ഖണ്ഡികയിലാണ് ഒഴിവാക്കിയ ദ്രാവിഡ മോഡല്‍ എന്ന പ്രയോഗം ഉണ്ടായിരുന്നത്. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിലെ ഭാഗങ്ങള്‍ മാറ്റി, ആര്‍എന്‍ രവി അദ്ദേഹത്തിന്റേതായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതാണ് അംഗങ്ങളെ ചൊടിപ്പിച്ചത്.

തുടര്‍ന്ന്, രവിയുടെ പ്രസംഗത്തിലെ ഒഴിവാക്കിയ ഭാഗങ്ങളും കൂട്ടിച്ചേര്‍ത്ത ഭാഗങ്ങളും രേഖകളില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍  പ്രമേയവും പാസാക്കി. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പ്രസംഗം മാത്രമാണ് സ്പീക്കര്‍ സഭാ രേഖകളില്‍ ഉള്‍പ്പെടുത്താവൂ എന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ രേഖകളില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്. ഇതില്‍ പ്രകോപിതനായി ഗവര്‍ണര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ചടങ്ങില്‍ ദേശീയ ഗാനം പൂര്‍ത്തിയാക്കുന്നതിന് മുമ്പായി തന്നെ ആര്‍എന്‍ രവി ധൃതിയില്‍ പുറത്തുപോയി.

നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത് തന്നെ ഡിഎംകെ, കോണ്‍ഗ്രസ്, സിപിഐ, സിപിഎം അംഗങ്ങളുടെ പ്രതിഷേധ മുദ്രാവാക്യങ്ങളോടെയാണ്. തമിഴ്‌നാട് വാഴ്ക, ഞങ്ങളുടെ നാട് തമിഴ്‌നാട് തുടങ്ങിയ മുദ്രാവക്യങ്ങളുമായി എംഎല്‍എമാര്‍ ഉയര്‍ത്തിയത്. സംസ്ഥാനത്തിന്റേ പേര് തമിഴ്‌നാട് എന്നതിന് പകരം തമിഴകം എന്നാക്കണമെന്ന ആര്‍എന്‍ രവി ആവശ്യപ്പെട്ടിരുന്നു, ഇതിനെതിരെയായിരുന്നു എംഎല്‍എമാരുടെ പ്രതിഷേധം.

ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിലപാടുകള്‍ ശക്തമായി ഉന്നയിക്കുന്ന സമീപനമാണ് ആര്‍എന്‍ രവി സ്വീകരിക്കുന്നത്, അതേസമയം ഇതിനെ എല്ലാതരത്തിലും എതിര്‍ക്കുന്ന നിലപാടുകളാണ് ഡിഎംകെ എടുത്തുപോരുന്നത്. ഈ വൈരുധ്യം ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നേരിട്ടുളള ഏറ്റുമുട്ടലുകള്‍ക്ക് വഴിതെളിയിക്കുകയാണ്. ബിജെപിയുടെ രണ്ടാം സംസ്ഥാന പ്രസിഡന്‍റായി രവി പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് വരെ ഡിഎംകെ എംപി ടിആര്‍ ബാലു നേരത്തെ തുറന്നടിച്ചിരുന്നു.

സ്റ്റാലിന്‍റെ നേതൃത്വത്തില്‍ ഡിഎംകെ സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നതും കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികളുമായി സഹകരണത്തോടെ പോകുന്നതും ബിജെപിയെ കുഴയ്ക്കുന്നുണ്ട്, തമിഴ്നാട്ടില്‍ നേട്ടമുണ്ടാക്കാനുളള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് ശക്തമായി തടയിടുന്നതാണ് ഡിഎംകെയുടേയും കോണ്‍ഗ്രസിന്‍റേയും സഖ്യകക്ഷികളുടേയും പ്രവര്‍ത്തനങ്ങള്‍. ഇത് മതേതര ശക്തികളുടെ നേതൃത്വത്തിന് ശുഭ സൂചകമായ പ്രതീക്ഷയാണ് നല്‍കുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.