ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഉയർന്നുകേട്ടതും മുദ്രാവാക്യങ്ങളായതും, ഒടുവില്‍ ഫലം കണ്ടതും മുസ്ലിം വിരുദ്ധതയും അതിദേശീയതയും കപടവികസനവാദങ്ങളുമാണ്
ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞെടുപ്പ് ഫലത്തിലൂടെ മുന്നോട്ട് നോക്കുമ്പോൾ, കേവലം രണ്ട് സംസ്ഥാനങ്ങളിലെ ഫലനിർണയത്തിനപ്പുറം ദേശീയ രാഷ്ട്രീയത്തിലും ഒരുപക്ഷേ ജനാധിപത്യ ഇന്ത്യയുടെ തന്നെ വരുംകാല തെരഞ്ഞെടുപ്പ് ചിത്രങ്ങളിലേക്കുമുള്ള നേർസൂചനകൾ കൂടി ബാക്കിയാവുന്നുണ്ട്. ആര് ജയിച്ചു, തോറ്റു എന്നതിനേക്കാൾ ആരൊക്കെയാവും, എങ്ങനെയൊക്കെയാവും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പും അതിനായുള്ള കരുക്കളും നീങ്ങുകയെന്ന് അടിവരയിട്ടാണ് മതേതര ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിൽ നിർണായക ചുവപ്പ് വട്ടമിട്ട ഡിസംബർ മാസത്തിലെ ഈ ഫലങ്ങള്‍ കടന്നുപോകുന്നത്.
രാജ്യത്തിന്റെ പ്രധാനമന്ത്രിയും സർവപരിവാരങ്ങളും എല്ലാ ഗരിമയോടെയും പ്രചാരണം നടത്തിയ, മതേതരത്തിനപ്പുറം മതയടയാളങ്ങളിലൂന്നി ഭീഷണിയും വാഗ്വാദങ്ങളും മുഴങ്ങിയ, ഒളിവും മറയുമില്ലാതെ “ഒരു സമുദായത്തെ നമ്മൾ പാഠം പഠിപ്പിച്ചതോർമ്മയില്ലേ” എന്ന് അധികാരങ്ങളിലിരിക്കുന്നവർ തന്നെ പൊതുവേദിയിൽ ആവേശം കൊണ്ട, ഭൂരിപക്ഷവോട്ടുകളെ ബാധിക്കുമോയെന്ന് കരുതി അനീതിയെ കുറിച്ച് നേരിട്ട് മിണ്ടാൻ പുതുരാഷ്ട്രീയക്കാർ പോലും മടിച്ച, ഔദ്യോഗിക സംവിധാനങ്ങൾ ഔദ്യോഗികമായി തന്നെ പക്ഷം പിടിച്ച…അങ്ങനെ ധാരാളം വിശേഷണങ്ങളും പ്രത്യേകതകളും ഈ തെരഞ്ഞെടുപ്പുകൾക്കുണ്ട്.
ഗുജറാത്ത് – ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണ ഭൂമിക
ന്യൂനപക്ഷ വിരുദ്ധതയിലൂന്നിയ രാഷ്ട്രീയത്തിന് ഏറ്റവുമേറെ പിന്തുണ ലഭിച്ചിട്ടുള്ള, അധികാരയിടം കയ്യടക്കാനായിട്ടുള്ള സംസ്ഥാനങ്ങളിലൊന്നാണ് എക്കാലവും ഗുജറാത്ത്. സബർമതിയും മഹാത്മാഗാന്ധിയുടെ സ്മരണകളുമുള്ള ആ മണ്ണിൽ തന്നെയാണ് അപരവിദ്വേഷത്തിന്റെയും വംശഹത്യയുടെയും രാഷ്ട്രീയും തളിർത്ത് രാജ്യത്തെ ഒന്നടങ്കം ബാധിക്കുന്ന പടുമരങ്ങളായതെന്നത് വിരോധാഭാസം. 2002ലെ മുസ്ലിം വംശഹത്യയും നിരന്തരമുള്ള അക്രമങ്ങളുമെല്ലാം ഓർമകളിൽ പോലും ആവേശം കൊള്ളിക്കുന്നതായി കണക്കാക്കുന്ന ഈ നേതാക്കളും അണികളും തന്നെയാണ് തുടർച്ചയായുള്ള അധികാരക്രമം നിശ്ചയിക്കുന്നതും; ജനങ്ങളെ ബാധിക്കുന്ന വിലക്കയറ്റമോ തൊഴിലില്ലായ്മയോ അടിസ്ഥാനസൗകര്യങ്ങളിലെ പോരായ്മയോ ഒന്നും പോളിങ് ബൂത്തിൽ അതിനെ മറികടക്കുന്ന ഒന്നായി ഇപ്പോഴും മാറിയിട്ടില്ലെന്ന് തന്നെ വേണം കരുതാൻ. എല്ലാവരും വർഗീയതയെ പിന്തുണക്കുന്നവരാണെന്നല്ല, പക്ഷെ, അധികാരകേന്ദ്രീകരണം നടത്തുന്ന ആ ട്രെൻഡിനെ വേണ്ടവിധം എതിരിടാനുള്ള കരുത്ത് മറുപക്ഷത്ത്, ജനങ്ങൾക്കിടയിൽ പ്രകടമല്ലെന്നാണ്.
2022 ലെ തെരഞ്ഞെടുപ്പ് ചിത്രവും ഇതേ കാര്യം അടിവരയിടുന്നുണ്ട്. തെരുവുകളെയും കച്ചവടങ്ങളെയും കർഷകരെയും ബാധിക്കുന്ന വിധത്തിൽ കഠിനമായ പണപ്പെരുപ്പം, പരീക്ഷപേപ്പർ ചോർച്ച, അഴിമതി, തൊഴിലില്ലായ്മയെല്ലാം ഗുജറാത്തിന്റെ ഇന്നത്തെ യാഥാർത്ഥ്യമാണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി ബിജെപി ഭരിക്കുന്ന സംസ്ഥാനം പരസ്യങ്ങളിലും ക്യാമ്പയിനുകളിലും മികച്ചതെന്ന് അടയാളപ്പെടുത്തപ്പെടുമ്പോഴും അടിസ്ഥാനസൗകര്യങ്ങളിലടക്കം ഏറെ പിന്നിലാണെന്നത്, അഴിമതിമുക്തമല്ലെന്നത് ഒക്ടോബറിലെ മോർബി ദുരന്തം തെളിയിച്ചതാണ്. പാലം തകർന്ന് 140ഓളം മനുഷ്യർക്കാണ് ജീവൻ നഷ്ടപ്പെട്ടത്!
ഇതെല്ലമുണ്ടായിട്ടും പക്ഷെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ ഉയർന്നുകേട്ടതും മുദ്രാവാക്യങ്ങളായതും, ഒടുവില്‍ ഫലം കണ്ടതും മുസ്ലിം വിരുദ്ധതയും അതിദേശീയതയും കപടവികസനവാദങ്ങളുമാണ്. സംസ്ഥാനം ഭരിക്കുന്ന, രാജ്യം ഭരിക്കുന്ന ബിജെപിയുടെ നേതാക്കൾ ഒളിയും മറയുമില്ലാതെ തന്നെ മുസ്ലിം വിരുദ്ധതയും അപരവിദ്വേഷവും പ്രചരിപ്പിച്ചു. സിനിമാതാരം പരേഷ് റവാൾ “മത്സ്യം കഴിക്കുന്ന ബംഗാളികൾ ഇവിടെ വരാതിരിക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന്” ആഹ്വാനം ചെയ്തപ്പോൾ, “2002ൽ അക്രമികളെ നാം പാഠം പഠിപ്പിച്ചതോർമ്മയില്ലേ” എന്ന ഗുജറാത്ത് വംശഹത്യാകാലത്തിലെ സംഭവങ്ങളിലേക്ക് വിരൽചൂണ്ടുന്ന, മുസ്ലിംവിരുദ്ധത നിറഞ്ഞ പൊതുപ്രസ്താവനയാണ് രാജ്യത്തിന്റെ അഭ്യന്തരമന്ത്രി അമിത് ഷാ വോട്ടർമാർക്ക് മുന്നിൽ വച്ചത്! ബിൽക്കീസ് ബാനു കേസിൽ ബിജെപി സർക്കാറിന്റെ ഒത്താശയോടെ മോചിതരാക്കപ്പെട്ട അക്രമികൾക്ക് സ്വീകരണം കൊടുക്കാനും ആളുകളുണ്ടായി, അതിനെ നേട്ടമായെണ്ണിയ നേതാക്കളും. ഇതിനെല്ലാം കയ്യടിക്കുന്ന സദസ്സുമുണ്ടായിരുന്നു, പ്രശ്നം കാണാത്ത മാധ്യമങ്ങളുമുണ്ടായിരുന്ന കൂടെയന്നോർക്കണം.
പുതിയ ബദലെന്ന് അവകാശപ്പെട്ട് ഗുജറാത്തിൽ ശക്തമായ പ്രചാരണം നടത്തിയ ആം ആദ്മിയും ഏകദേശം ബിജെപിയുടെ അതേ സ്വരം പിന്തുടർന്നുവെന്നതും, അതിലൂടെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയെന്നതും ഗുജറാത്തിന്റെ രാഷ്ട്രീയചിത്രം കൂടുതൽ വെളിപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്തെ പ്രചാരണത്തിനിടെ ബിൽക്കീസ് ബാനു കേസിനെക്കുറിച്ച് എന്താണ് പ്രതികരണമെന്ന് ചോദിച്ചപ്പോൾ മറുപടി പറയാൻ മടിച്ച, “അതൊന്നും ഞങ്ങൾക്ക് വിഷയമല്ലെന്ന്” തള്ളിക്കളഞ്ഞ ആപ് നേതാവ് മനീഷ് സിസോദിയടക്കമുള്ളവർ ആ നിലപാട് വെറുതെ കൈകൊണ്ടതൊന്നുമല്ല. കുറി തൊട്ട് മാത്രം മാധ്യമങ്ങൾക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടും നോട്ടില്‍ ലക്ഷ്മിദേവിയുടെ ചിത്രം അച്ചടിക്കണമെന്നാവശ്യപ്പെട്ടതും രാമക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനയാത്രക്ക് സൗജന്യക്രമീകരണങ്ങളൊരുക്കുമെന്നുമെല്ലാം കെജ്രിവാളടക്കമുള്ളവർ പ്രഖ്യാപിച്ചത് വോട്ട് നേടിത്തരാൻ വേണ്ടി എന്തുപറയണമെന്ന് അറിഞ്ഞും മനസ്സിലാക്കി തന്നെയാണ്. അതിലവര്‍ ഒരുപരിധിവരെ വിജയം കണ്ടുവെന്ന് തന്നെ വേണം കരുതാന്‍.
മറുവശത്തുള്ള മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് സാധാരണത്തേതിൽ നിന്ന് വ്യത്യസ്തമായി ബൂത്ത് തലത്തിലും മറ്റും കേന്ദ്രീകരിച്ചുള്ള പതിഞ്ഞ പ്രചാരണവഴിയാണ് പിന്തുടർന്നത്. മാത്രവുമല്ല, മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മൃദു ഹിന്ദുത്വയുടെ മാർഗങ്ങളൊന്നും കാര്യമായി അവലംബിച്ചില്ല താനും! ബിൽക്കീസ് ബാനു കേസിലടക്കം അതിനെതിരെ നിലപാട് പ്രഖ്യാപിച്ചും ആർഎസ്എസിനെയും ഹിന്ദുത്വരാഷ്ട്രീയത്തെയും ഏതിരാളികളായി പ്രഖ്യാപിച്ചും അടിസ്ഥാനവിഷയങ്ങളിലൂന്നിയുമായിരുന്നു ഏറെയും പ്രചാരണം. സമീപകാലതെരഞ്ഞെടുപ്പുകളും നിലപാടുകളും പരിശോധിക്കുമ്പോൾ ഏറെക്കുറെ കോൺഗ്രസിന്റെ ഇടതുവ്യതിയാനമെന്ന് വിലയിരുത്താവുന്ന നീക്കങ്ങൾ. അതുപക്ഷേ തെരഞ്ഞെടുപ്പിൽ, ഗുജറാത്തിലെ വോട്ടർമാർക്ക് എങ്ങനെ അനുഭവപ്പെട്ടുവെന്നത് 2017ലേക്കാളും കുറഞ്ഞ സീറ്റുകളും വോട്ട് വിഹിതവും അടയാളപ്പെടുത്തുന്നുണ്ട്. ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ പ്രസ്താവനയും പത്രസമ്മേളനവും നടത്തിയ കോണ്‍ഗ്രസിന്റെ നിലപാട്, തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ദോശം ചെയ്യുമെന്ന് അന്ന് തന്നെ പറഞ്ഞവരുണ്ടായിരുന്നു. നീതിബോധത്തിനുമപ്പുറം മതത്തിന്റെ, വര്‍ഗീയതയുടെ നിറം പിടിച്ച തെരഞ്ഞെടുപ്പാണെന്ന ഉത്തമബോധ്യത്തില്‍ നിന്നാണ് ആ പ്രതികരണങ്ങളുണ്ടായത്.
ആം ആദ്മി പാർട്ടിയും ഒവൈസിയും മറ്റ് പ്രാദേശിക പാർട്ടികളും കളം പിടിച്ചപ്പോള്‍
ആശയങ്ങളുടെയും പ്രചാരണത്തിന്റെയും കണക്കുകൾക്കപ്പുറം ആം ആദ്മി പാർട്ടിയും ഒവൈസിയുടെ എഐഎംഐഎമ്മുമടക്കമുള്ള പാർട്ടികളുടെ സാന്നിധ്യവും ഈ തെരഞ്ഞെടുപ്പുകളെ വ്യത്യസ്തമാക്കുന്നുണ്ട്. അതോടൊപ്പം ഇനി നാം കാണാൻ പോകുന്ന മറ്റ് സംസ്ഥാന തെരഞ്ഞെടുപ്പുകളുടെയും 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെയും ഒരു ഏകദേശരൂപവും വരച്ചുവയ്ക്കുന്നു. അവസാനനിമിഷം സ്ഥാനാർത്ഥിത്വം പിൻവലിച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച സ്ഥാനാർത്ഥിയൊഴിച്ച് ഗുജറാത്തിലെ എല്ലാ സീറ്റുകളിലും ആം ആദ്മി പാർട്ടിക്ക് സാന്നിധ്യമുണ്ടായിരുന്നു. പാർട്ടി നേതാവ് കെജ്രിവാളും മനീഷ് സിസോദിയയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നുമടക്കമുള്ള എല്ലാ നേതാക്കളും നിരവധി തവണ റോഡ് ഷോകളും പ്രചാരണയോഗങ്ങളും സംഘടിപ്പിച്ചു. നേരത്തെ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഗാന്ധിനഗറിലടക്കം പരീക്ഷിച്ച് വിജയിച്ച ക്യാമ്പയിന്റെ കുറച്ചുകൂടെ വിപുലീകരിച്ച പതിപ്പായിരുന്നു ആപ്പ് മുന്നോട്ട് വച്ചത്. മൃദുഹുഹിന്ദുത്വ അജണ്ടകളും ക്ഷേമരാഷ്ട്രീയവുമെല്ലാം പാകം അളവിൽ വിതരണം ചെയ്തു. നഗരകേന്ദ്രീകൃതമെന്ന് വിലയിരുത്തപ്പെടുമ്പോഴും ഗ്രാമങ്ങളിലേക്കും അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചു.
നഗരങ്ങളിലാണ് ആം ആദ്മി പാർട്ടിയെന്നും അവരുടെ സാന്നിധ്യം കൂടുതലായും ബാധിക്കാൻ പോകുന്നത് ബിജെപിയെയാണെന്നുമായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. പക്ഷേ, മോദിപ്രഭാവത്തിലും ശക്തമായ ഹിന്ദുത്വ അജണ്ടയിലുമുറപ്പിച്ച ബിജെപി വോട്ട് ബേസിനെക്കാളും, പല കാരണങ്ങളാൽ ബിജെപിയോട് വിമുഖതയുള്ള, പാതിമനസ്സോടെ കോൺഗ്രസിന് വോട്ട് ചെയ്തവരെയാണ് ആം ആദ്മി പാർട്ടി ആകർഷിച്ചതെന്നാണ് കണക്കിലെ സൂചനകൾ പറയുന്നത്. പ്രചാരണത്തിലും ബിജെപിയെക്കാളും ആപ് നേതാക്കൾ ലക്ഷ്യം വച്ചത് പ്രതിപക്ഷമായ കോൺഗ്രസിനെയായിരുന്നു. 2017ലെ തെരഞ്ഞെടുപ്പിൽ 77 സീറ്റെന്ന വലിയ നമ്പറിലേക്ക് കോൺഗ്രസിനെയെത്തിച്ച, ബിജെപിയുടെ കണക്ക് കൂട്ടലുകളെ പോലുമിളക്കിയ പ്രതിപക്ഷവോട്ട് ഏകീകരണം ആപ്പിന്റെ കടന്നുവരവോടെ ഇല്ലാതായി എന്ന് ചുരുക്കം. അത് ഫലത്തില്‍ പ്രകടവുമാണ്.
ഉദാഹരണത്തിന് ജിഗ്നേഷ് മേവാനി മത്സരിക്കുന്ന വദ്ഗാം സീറ്റ് മാത്രമെടുത്താൽ മതി. ദളിത് അവകാശങ്ങൾക്കായി പോരാടുന്ന, ദേശീയരാഷ്ട്രീയത്തിലടക്കം ശക്തമായ അടയാളപ്പെടുത്തിയ, ബിജെപിയെ നിരന്തരം നേരിടുന്ന മേവാനിയുടെ സിറ്റിങ് സീറ്റായിരുന്നു വദ്ഗാം. കഴിഞ്ഞ തവണ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച മേവാനി ഇത്തവണ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് കളത്തിലിറങ്ങിയത്. പക്ഷേ നേരിട്ടത് ബിജെപിയുടെ സ്ഥാനാർത്ഥിയെ മാത്രമല്ല! സംവരണ സീറ്റായ വദ്ഗാമിൽ ആം ആദ്മി പാർട്ടിയും ഒവൈസിയുടെ എംഐഎമ്മും ബിഎസ്പിയുമെല്ലാം സ്ഥാനാർത്ഥികളെ നിർത്തി. ബിജെപിയുടെ വോട്ടുകൾ ഏകീകരിക്കപ്പെട്ടപ്പോൾ ബിജെപി വിരുദ്ധവോട്ടുകൾ പലവഴിക്കായി.
മുസ്ലിം പ്രാതിനിധ്യമെല്ലന്ന വാദമുയർത്തിയാണ് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഗുജറാത്തിൽ മത്സരിക്കാനിറങ്ങിയത്. സംസ്ഥാനത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തോളം വരുന്ന മുസ്ലിംകൾക്ക് അധികാരത്തിലോ തെരഞ്ഞെടുപ്പ് ചിത്രത്തിലോ വേണ്ട പ്രാതിനിധ്യമില്ലെന്നത് യാഥാർഥ്യമാണ്. ഭരിക്കുന്ന ബിജെപിയുടെ പട്ടികയിൽ ഒരൊറ്റ മുസ്ലിം സ്ഥാനാർത്ഥിയുണ്ടായിരുന്നില്ല, അവരുടെ പ്രാതിനിധ്യപട്ടികയിലും ന്യൂനപക്ഷസാന്നിധ്യമില്ലെന്ന് പറയാം. മറുവശത്ത് കോൺഗ്രസ് പട്ടികയിൽ ആറ് സ്ഥാനാർത്ഥികളാണ് മുസ്ലിം സമുദായത്തിൽ നിന്നുള്ളത്. ഇതിൽ മൂന്ന് പേർ സിറ്റിങ് എംഎൽഎമാരുമാണ്.
എന്നാൽ ഗോദ്രയടക്കം എഐഎംഐഎം മത്സരിച്ച സീറ്റുകളേറെയും കോൺഗ്രസിന് ശക്തമായ സാന്നിധ്യമുള്ള ഇടങ്ങളാണ്. അങ്ങനെയുള്ള ഇടങ്ങളിലെ മത്സരം ബിജെപിക്ക് സഹായകരമാവുമെന്ന് ആരോപിച്ചതും സ്ഥാനാർത്ഥികളെ നിർത്തരുതെന്ന് ആവശ്യപ്പെട്ടതും ഗുജറാത്തിലെ പ്രാദേശിക എഐഎംഐഎം നേതാക്കൾ തന്നെയാണ്. 2017ൽ ഇരുപതിനായിരത്തോളം വോട്ടുകൾക്ക് കോൺഗ്രസ് സ്ഥാനാർത്ഥി ഇമ്രാൻ ഖേദാവാല ജയിച്ച, മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ജമാൽപുർ ഖാദിയയിലടക്കം ഒവൈസിയുടെ പാർട്ടിക്ക് സ്ഥാനാർത്ഥിയുണ്ടായിരുന്നു. ഖേദാവാല ജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു. ബിജെപി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ മറുവശത്ത് ഒവൈസിയുടെ സ്ഥാനാര്‍ത്ഥി പത്ത് ശതമാനത്തോളം വോട്ട് പിടിച്ചു.
ബിജെപി വിരുദ്ധവോട്ടുകൾ ഭിന്നിക്കുന്നുവെന്ന ആരോപണത്തെ ശരിവയ്ക്കുന്നത് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലവും. പല മണ്ഡലങ്ങളിലും ബിജെപിക്ക് സഹായകരമായ വിധത്തില്‍ ശതമാനങ്ങള്‍ ചുരുങ്ങിയതും വികസിച്ചതും കാണാനാവും. ഇനി വരാനിരിക്കുന്ന കര്‍ണാടക, രാജസ്ഥാൻ, മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാന തെരഞ്ഞെടുപ്പുകളിലും 2024ലെ പൊതുതെരഞ്ഞെടുപ്പിലും ഇതുപോലെയുള്ള മത്സരങ്ങളൊരുങ്ങുന്നത് ബിജെപിക്ക് ആശ്വാസം പകരുന്ന വസ്തുതയാവും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനസമ്മതവും ഒദ്യോഗികസംവിധാനങ്ങളുടെ ദുരുപയോഗവും
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനായിരുന്നു പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഫലം അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയത്. അടിയന്തരാവസ്ഥയടക്കമുള്ള രാജ്യത്തിന്റെ ഗതിമാറ്റിയ പല സംഭവങ്ങൾക്കും കാരണമായ ആ കോടതിവിധിയുടെ, ജുഡീഷ്യറിയുടെ നിഴലെങ്കിലും ഇന്നത്തെ ജനാധിപത്യ ഇന്ത്യയിൽ അവശേഷിച്ചിരുന്നെങ്കിൽ ഈ തെരഞ്ഞെടുപ്പുകൾ (മുൻപത്തെ തെരഞ്ഞെടുപ്പുകളുമതേ!) പാടേ റദ്ദാക്കേണ്ടി വരുമായിരുന്നു. അത്രമേൽ ഔദ്യോഗികസംവിധാനങ്ങളിടപ്പെട്ട, ഇലക്ഷൻ കമ്മീഷനടക്കം പക്ഷം പിടിച്ച, മാധ്യമങ്ങളിലൂടെയടക്കം ചട്ടങ്ങൾ ലംഘിക്കപ്പെട്ട തെരഞ്ഞെടുപ്പാണ് കടന്നുപോയത്.
വോട്ട് ചെയ്യാൻ റോഡ് ഷോയൊരുക്കിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇലക്ഷൻ കമ്മീഷന് പരാതിപ്പെട്ട പ്രതിപക്ഷ പാർട്ടികൾക്ക് കിട്ടിയ മറുപടി, ജനങ്ങൾ സ്വന്തം ഇഷ്ടപ്രകാരം തടിച്ചുകൂടിയതെന്നായിരുന്നു! ചിത്രങ്ങളടക്കം ഒരുക്കങ്ങൾക്ക് തെളിവായുണ്ടായിട്ടും കമ്മീഷൻ നടപടിയെടുത്തില്ല.
ജനങ്ങളോട് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുന്ന ബാനറുകൾക്കും പോസ്റ്ററുകൾക്കും ബിജെപി കൊടിയോട് സാമ്യമുള്ള നിറം നൽകിയ കമ്മീഷനെതിരെ തന്നെയും പരാതികളുണ്ടായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയ തെരഞ്ഞെടുപ്പ് കാലത്ത് ഗുജറാത്തിൽ വിതരണം ചെയ്യപ്പെട്ടത് എണ്ണൂറ് കോടിയോളം രൂപയാണെന്നും ആരോപണങ്ങളുണ്ട്. ബൂത്ത് കയ്യേറ്റത്തോടൊപ്പം തന്നെ വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചും പോളിങ് ദിനത്തില്‍ വൈകുന്നേരം അഞ്ചു മണിക്ക് ശേഷം ചെയ്യപ്പെട്ട വലിയ ശതമാനം വോട്ടിനെക്കുറിച്ചും വ്യാപകമായ പരാതികളുണ്ടായി.
പക്ഷേ, ഒന്നും ചർച്ചയായില്ല, തെരഞ്ഞെടുപ്പും ഫലവും ചര്‍ച്ച ചെയ്ത മാധ്യമങ്ങൾക്കും ഇതൊന്നും വിഷയമായില്ല. തെരഞ്ഞെടുപ്പ് ദിവസം ജി-20 പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജ്യമെന്ന സന്തോഷവാർത്ത നരേന്ദ്രമോദിയുടെ ഫുൾസൈസ് ഫോട്ടോ മാത്രംവച്ച് മുൻപേജിൽ പരസ്യം നൽകിയ പത്രങ്ങൾക്കും, മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകശക്തിയാകുന്നുവെന്ന വിഷയം തെരഞ്ഞെടുപ്പ് ദിവസം മുഴുവൻ ചർച്ച നടത്തിയ ചാനലുകളും ഇത്തരം വിഷയങ്ങൾ വാർത്തയാക്കിയാലാവും അദ്ഭുതം!
ഗുജറാത്തിൽ മാത്രമല്ല, ഹിമാചൽ പ്രദേശിലും സമാനമായ ദിശയിലാണ് പ്രചാരണങ്ങളും പരസ്യങ്ങളും ഒരുക്കങ്ങളും നടന്നത്. അധികാരത്തിലിരിക്കുന്ന ബിജെപിക്കെതിരെ വാർത്തകളോ ചർച്ചകളോ ഇല്ലാത്ത വിധം നിശ്ചയിക്കപ്പെട്ട മാധ്യമങ്ങളും നടപടികളെടുക്കാൻ മടിക്കുന്ന ഇലക്ഷൻ കമ്മീഷനും. അധികാരത്തിലുണ്ടെങ്കിലും ഗുജറാത്തിന്റെയത്രയും ഹിന്ദുത്വ അജണ്ടകൾക്ക് വേരോടിക്കാൻ സാധിച്ചിട്ടില്ലെന്ന പ്രതീക്ഷയെങ്കിലും ഇവിടെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ ബാക്കിയുണ്ടായിരുന്നു. ആ പ്രതീക്ഷ തന്നെയാണ് ബിജെപിയെ കുറച്ചെങ്കിലും പിന്നോട്ടടിച്ചതും. അതിന് പുറമേ, താഴേ തട്ടിലുള്ള പ്രചരണത്തോടൊപ്പം അന്തരിച്ച വീര്‍ ഭദ്രസിങ് എന്ന കോണ്‍ഗ്രസ് നേതാവിന്റെ രാജപൈതൃകവും സ്വാധീനവും ഒരുപരിധി വരെ കോണ്‍ഗ്രസിന് സഹായകരമാവുകയും ചെയ്തു.
ഇതൊന്നും പുതിയതയാണെന്നല്ല, മുൻകാലങ്ങളിൽ അധികാരത്തിലിരുന്നവരും പയറ്റിയതൊക്കെ തന്നെയാണ്. പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തമായി സുതാര്യതയും നിഷ്പക്ഷതയും ഉറപ്പ് വരുത്തേണ്ട ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമ്മീഷനും മാധ്യമങ്ങളും കൂടി അജണ്ടകളുടെ ഭാഗമാവുന്നു എന്നതാണ് അപകടകരമായ മാറ്റം. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ തന്നെ ഈ മാതൃക പരീക്ഷിക്കപ്പെട്ടിരുന്നു, 2022ലെ ഗുജറാത്തിലും ഹിമാചലിലുമെത്തുമ്പോൾ അതിന്റെ അളവ് കൂടുന്നു, മറുശബ്ദങ്ങളില്ലാത്ത വിധം വിജയം കാണുന്നു. ആ നിലയ്ക്ക് വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലും പൊതുതെരഞ്ഞെടുപ്പ് കാലത്തും ഇതേപടിയാവും, ഒരുപക്ഷേ ഇതിനേക്കാൾ കൂടുതൽ ശക്തമായി ഔദ്യോഗിക സംവിധാനങ്ങളും മാധ്യമങ്ങളും പക്ഷം പിടിക്കുമെന്നും നറേറ്റിവ് സെറ്റ് ചെയ്യുമെന്നും ഒരു സംശയവുമില്ലാതെ തന്നെ പറയാനാവും. സാമ്പത്തികമായും അധികാരവിഹിതത്തിലും ഏറെ പിന്നിലുള്ള, ദുര്‍ബലരായ പ്രതിപക്ഷം കൂടിയാവുമ്പോള്‍, അതിനെതിരെയുള്ള ശബ്ദങ്ങളൊന്നും ആരും കേള്‍ക്കുകയുമില്ല.
പ്രതിപക്ഷമെന്താണ് ചെയ്യുന്നത്?
ഇത്രയെല്ലാം അധികാരകേന്ദ്രീകരണവും പ്രൊപഗണ്ടയും പ്രത്യക്ഷമാവുമ്പോഴും ഏറ്റവുമെളുപ്പം ചോദിക്കാവുന്ന, ദേശീയമാധ്യമങ്ങളിലെ ലിബറൽ മുഖങ്ങളടക്കം ചോദിക്കുന്ന ചോദ്യമാണത്. ഭരിക്കുന്നവരെ ഓഡിറ്റ് ചെയ്യാതെ പ്രതിപക്ഷത്തെ മാത്രം ഓഡിറ്റ് ചെയ്യുന്ന, അവരുടെ പിഴവുകളിലേക്കും വിഭാഗീയതയിലേക്കും മാത്രം ക്യാമറക്കണ്ണുകൾ തുറന്നുവയ്ക്കുന്ന വിചിത്രമായ രീതി. കുറച്ചുപേരുടെ ഉടമസ്ഥതയിലേക്ക് സ്വതന്ത്രമെന്ന് കരുതപ്പെട്ടിരുന്ന മാധ്യമസ്ഥാപനങ്ങൾ കൂടി ഒതുങ്ങുന്ന കാലത്ത് അതിനിയുമേറി വരും.
ഗുജറാത്ത് ഫലത്തിനെക്കുറിച്ചുള്ള തലക്കെട്ടുകളില്‍ “തകര്‍ന്നടിഞ്ഞ് തന്ത്രങ്ങളില്ലാതെ കോണ്‍ഗ്രസ്” എന്നൊക്കെ തലക്കെട്ടിട്ട, കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന് വരുത്തിത്തീര്‍ക്കാനും, മോദിയുടെ ജനകീയ നയങ്ങളുടെ ഫലമാണ് ഗുജറാത്തിലെ വിജയമെന്നും പറയുന്ന മലയാളമാധ്യമങ്ങളുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ ചെന്നിരുന്ന് ഇതെല്ലാം ശരിയാണെന്ന മട്ടില്‍ വാദിക്കുന്ന ലിബറലുകളുണ്ട്, കൂടെ ചാനലുകള്‍ക്കാവശ്യമുള്ള കൃത്യമായി മറുപടി പറയാന്‍ പോലും കഴിയാത്ത കോണ്‍ഗ്രസിന്റെ ഷമ മുഹമ്മദുമാരും.
മേലെ പറഞ്ഞ, കണ്‍മുന്നിലുള്ള രാഷ്ട്രീയവസ്തുതകളൊന്നും ഈ ചര്‍ച്ചകളിലോ, വരാനിരിക്കുന്ന നരേറ്റീവുകളൊരുക്കിന്നിടത്തോ പരിഗണിക്കപ്പെടുക പോലുമില്ല. ഇതെല്ലാം ആരെയാണ് ബാധിക്കുന്നതെന്ന് ചോദിച്ചാൽ, ആരെയാൽ പിന്നാക്കം തള്ളിയിടുന്നതെന്ന് ചോദിച്ചാൽ പ്രതിപക്ഷത്തെയാണ് എന്ന് പറയാം. ഒന്നുകൂടെ വ്യക്തമാക്കിയാൽ രാജ്യത്തെ മുഖ്യപ്രതിപക്ഷമായി കരുതിവരുന്ന കോൺഗ്രസ് പാർട്ടിയെ തന്നെയാണ്. പ്രാദേശിക താത്പര്യങ്ങളുള്ള പാർട്ടികളെ, അല്ലെങ്കിൽ കോൺഗ്രസിനെ മുഖ്യ ശത്രുവായി കാണുന്ന പ്രാദേശികപാർട്ടികൾക്ക് പോലും കിട്ടുന്ന ഇടവും പിന്തുണയും മേൽപ്പറഞ്ഞ ഒരു സംവിധാനത്തിലും കിട്ടാത്ത പാർട്ടിയായി കോൺഗ്രസ് മാറിക്കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പിന്തുടരേണ്ട ആശയധാരയുടെ കാര്യത്തിലും കോൺഗ്രസ് കെണിയിലകപ്പെട്ട് കിടപ്പാണ്.
ഉദാഹരണത്തിന് ഗുജറാത്ത് തെരഞ്ഞെടുപ്പ് തന്നെയെടുക്കാം. ബിൽക്കീസ് ബാനു വിഷയത്തിലടക്കം ഹിന്ദുത്വവാദികൾക്കെതിരെ കൃത്യമായി നിലപാടെടുത്ത് മതേതരമൂല്യങ്ങളിൽ അടിസ്ഥാനമാക്കി കോൺഗ്രസ് നിലപാടെടുത്തപ്പോൾ അത് ഹിന്ദുവിരുദ്ധതയായും മുസ്ലിം പ്രീണനമായും ദേശീയമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കപ്പെട്ടു. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്തടക്കം ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ വച്ചും മുൻകാല നയങ്ങളെണ്ണിയും കോൺഗ്രസിന് മൃദുഹിന്ദുത്വ സ്വഭാവമാണെന്ന് മറുവശത്തും പ്രചാരണങ്ങളുണ്ടായി. ഈ പ്രശ്നം ഒരു സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്തുടനീളം കോൺഗ്രസിനെ വരിഞ്ഞുകിടപ്പുണ്ട്.
കറന്‍സിയില്‍ ലക്ഷ്മിദേവിയുടെ പടം അച്ചടിക്കണമെന്നും ബില്‍ക്കീസ് ബാനുവൊന്നും ഒരു വിഷയമേയല്ലെന്നും പറയുന്ന ആം ആദ്മിയടക്കമുള്ള പാര്‍ട്ടികള്‍ തരാതരം പുണരുന്ന ഹിന്ദുത്വയെ, മൃദുവായോ ഗാഢമായോ ഒരിക്കലും നിലവിലെ ആശയസംവിധാനങ്ങള്‍ വച്ച് കോണ്‍ഗ്രസിന് പുണരാനാവില്ല.
എന്തൊക്കെ ജനകീയ പ്രശ്നങ്ങളെന്ന് പറഞ്ഞാലും നിലവിലെ ഇന്ത്യൻ രാഷ്ട്രീയാവസ്ഥയിൽ ഏറ്റവുമെളുപ്പം വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ടാക്കുന്ന, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാനൊക്കുന്ന വിഷയം ഹിന്ദു-മുസ്ലിം വിഷയം തന്നെയാണെന്നത് ദുഖകരമായ യാഥാർത്ഥ്യമാണ്. അല്ലെങ്കിൽ പ്രാദേശികവാദം, വികാരം. എത്രയൊക്കെ ജനകീയവിഷയങ്ങളെന്ന് പറഞ്ഞാലും അതിനപ്പുറമാണ് കാര്യങ്ങളെന്ന് ഓരോ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വർധിക്കുന്ന വോട്ട് ശതമാനം തെളിയിക്കുന്നുണ്ട്. ആ ദിശയിൽ സഞ്ചരിക്കാനാവാത്ത, അഥവാ സഞ്ചരിച്ചാൽ പൊളിഞ്ഞു പാളീസാവുന്ന വണ്ടിയാണ് കോൺഗ്രസ്. ഒവൈസിക്ക് മുസ്ലിം വിഷയം പറഞ്ഞ് കയ്യടി നേടാനും ആ വികാരത്തിന്റെ മറവിൽ വോട്ട് പിടിക്കാനും എളുപ്പമാവും. മറുവശത്ത് എത്ര ഭരണപരാജയമുണ്ടായാലും മുസ്ലിം അപരവത്കരണത്തിലൂടെ, ഹിന്ദുത്വ അജണ്ടകളിലൂടെ, അതിദേശീയതയിലൂടെ ബിജെപിക്കും ആർഎസ്എസിനും -തെരഞ്ഞെടുപ്പ് വിജയങ്ങൾ- കൈവരിക്കാനാവും. മറുവശത്ത് മത്സരിക്കാനെത്തുന്ന പാർട്ടികളുടെ എണ്ണമേറുന്നതും വോട്ടുകൾ ഭിന്നിക്കുന്നതും അതോടൊപ്പം തന്നെ അവർക്ക് ഗുണം ചെയ്യുകയും ചെയ്യും. ചില സംസ്ഥാനങ്ങളിലത് പ്രാദേശിക പാർട്ടികളും സാധ്യമാക്കുന്നു.
ഗുജറാത്തിലെ ഫലം തന്നെ നോക്കിയാൽ മതി. ജനകീയ വിഷയങ്ങൾക്ക് ഇന്നത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെന്ത് പങ്കാണുള്ളതെന്ന് മനസ്സിലാക്കാൻ. അടിത്തട്ടിൽ പ്രവർത്തിച്ചിട്ടും നേരിട്ട് സംവദിച്ചിട്ടും അതിന് മുകളിലേക്ക് വർഗീയരാഷ്ട്രീയത്തിന് സ്വാധീനം ചെലുത്താനാവുന്നുണ്ടെങ്കിൽ, ഇനി മുന്നോട്ടുള്ള വഴി കൂടുതൽ കഠിനമാണെന്ന് തന്നെയാണ് സാരം.
ആ തിരിച്ചറിവിൽ നിന്ന് തന്നെയാവും ഭാരത് ജോഡോ യാത്രയടക്കമുള്ള ശ്രമങ്ങൾ കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നതും. തെരഞ്ഞെടുപ്പിൽ നേരിട്ട് മാറ്റമുണ്ടാക്കിയില്ലെങ്കിലും, മതങ്ങൾക്കപ്പുറം അടിസ്ഥാനവിഷയങ്ങളിലേക്കും വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന പുതിയൊരു രാഷ്ട്രീയഗതി നിശ്ചയിക്കാൻ; ചുരുങ്ങിയത് പാർട്ടിയുടെ സംഘടനാ തലത്തിൽ ഒന്നുണരാനെങ്കിലും ഒരുപക്ഷേ ഈ യാത്രയിലൂടെയാവുമെന്ന് കോൺഗ്രസ് കരുതുന്നുണ്ട്. അത് രാജ്യത്തിനും ജനങ്ങൾക്കും ഗുണകരമായി ഭവിക്കുമോ, മാറ്റങ്ങളുണ്ടാക്കുമോ എന്നത് കാലം തന്നെ തെളിയിക്കേണ്ടി വരും. ഏതായാലും സമീപഭാവിയിൽ അതിന് കാര്യമായൊന്നും ചെയ്യാനില്ലെന്നാണ് പുതിയ ഫലങ്ങളും പറയുന്നത്.
വിഷയങ്ങളുടെ കാര്യത്തിലായാലും ഔദ്യോഗികസംവിധാനങ്ങളുടെ ഇടപെടലിന്റെ വിഷയത്തിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടികളുടെ എണ്ണമേറുന്നെതെല്ലാം ചേർന്ന് വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലേക്കുള്ള ചിത്രം വ്യക്തമാക്കുന്നുണ്ട്. കര്‍ണാടകയിലെത്തുമ്പോള്‍ ഹിജാബ് വിഷയത്തില്‍ മുസ്ലിംകളോടൊപ്പം നിന്ന കോണ്‍ഗ്രസിനെ മുസ്ലിം പാര്‍ട്ടിയായി ചിത്രീകരിക്കാനും മധ്യപ്രദേശിലും രാജസ്ഥാനിലും ഹിന്ദുവിരുദ്ധ ഗാന്ധികുടുംബമാണ് തലപ്പെത്തെന്ന പ്രചരണവുമുണ്ടാവും. ഇതിനിടയില്‍ തന്ത്രപരമായി മൗനം പാലിച്ചും കുറി തൊട്ടും ആപ്പ് അടക്കമുള്ളവര്‍ വോട്ട് ഭിന്നിപ്പിക്കുകയും ചെയ്യും; ചുരുക്കത്തില്‍, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലംപരിശവാനുള്ള എല്ലാ കൂട്ടുകളും ബിജെപിക്ക് പാകമായ അളവില്‍ ഇപ്പോള്‍ തന്നെ തയാറാണ്.
പൊതുതെരഞ്ഞെടുപ്പിലേക്ക് നോക്കുമ്പോള്‍, ബിജെപിയുടെ ഹിന്ദുത്വ വാഗ്ദാനമായ രാമക്ഷേത്രം നിർമാണം കൂടി പൂർത്തിയാകുന്നതോടെ മതവും വർഗീയാരോപണങ്ങളുമെല്ലാം നിറഞ്ഞ പ്രചരണകാലമാവും കാത്തിരിക്കുന്നത്. ഇതിനിടയിൽ തൊഴിലില്ലായ്മയും കർഷകപ്രശ്നങ്ങളും സാമ്പത്തികമേഖലയുടെ തകർച്ചയുമെല്ലാം കൂടുതൽ കയ്പ്പുള്ള യാഥാർത്ഥ്യങ്ങളാവുന്നുണ്ട് എന്നത് നേര് തന്നെയാണ്, പക്ഷേ അപ്പോഴും അതിനപ്പുറമുള്ള തുറുപ്പ് ചീട്ടായി വിദ്വേഷവും മതകാര്‍ഡും മാറിക്കഴിഞ്ഞു.
ഇതിനെ ഏങ്ങനെ അതിജീവിക്കും, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെന്ത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും അതിലെ ആശങ്കയേറി വരുന്നുമുണ്ട്. പുറം രാജ്യങ്ങളിലേക്കുള്ള വര്‍ധിക്കുന്ന കുടിയേറ്റം അതിന്റെ ഉത്തമഉദാഹരണമാണ്. ഏതായാലും, ഹിമാചലിലടക്കം ബാക്കിയാവുന്ന ആ ഇത്തിരി ജനാധിപത്യപോരാട്ടമുണ്ടല്ലോ, അതിലേക്ക് നോക്കുക മാത്രമാണ് ഇപ്പോഴും ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണെന്ന് വിശ്വസിക്കുന്ന ശുഭാപ്തിവിശ്വാസികള്‍ക്ക് നിര്‍വാഹമുള്ളൂ.
നസീൽ വോയ്സി: ഫ്രീലാൻസ് ജേർണലിസ്റ്റും മക്തൂബ് മീഡിയയുടെ ഫൗണ്ടർ എഡിറ്റർമാരിൽ ഒരാളാണ്. കോഴിക്കോട് സ്വദേശി, ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതാറുണ്ട്.
(രാഷ്ട്രീയ നിരീക്ഷകനും സ്വതന്ത്ര മാധ്യമപ്രവർത്തകനുമാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം. സ്ഥാപനത്തിന്റെ നിലപാടല്ല)
FAQs – ചോദ്യോത്തരങ്ങൾ
എന്താണ് മോര്‍ബി ദുരന്തം?
2022 ഒക്ടോബർ 30ന് ഗുജറാത്തിലെ മോര്‍ബി നഗരത്തിലെ മച്ചു നദിക്ക് കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് കുട്ടികളുള്‍പ്പെടെ 141 പേരുടെ മരണത്തിനിടയാക്കിയ സംഭവമാണ് മോര്‍ബി ദുരന്തം എന്നറിയപ്പെടുന്നത്. പാലത്തിന് നഗരസഭ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
എന്താണ് ബില്‍ക്കിസ് ബാനു കേസ്?
2002 ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്‍ഭിണിയായ 19 കാരി ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്തതാണ് ബില്‍ക്കിസ് ബാനു കേസ് . 2008ല്‍ കേസിലെ പ്രതികള്‍ക്ക് മുംബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചു. 2022ല്‍ ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ജീവപര്യന്തം ശിക്ഷയില്‍ തടവില്‍കഴിയുകയായിരുന്ന 11 പ്രതികളേയും മോചിപ്പിച്ചു.
എന്താണ് അടിയന്തരാവസസ്ഥ?
1975 മുതല്‍ 1979 വരെയുള്ള 21 മാസക്കാലം പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി രാജ്യത്തുടനീളം അടിയന്തരാവസസ്ഥ പ്രഖ്യാപിച്ചു. ആര്‍ട്ടിക്കിള്‍ 352 പ്രകാരം പ്രസിഡന്റ് ഫക്രുദ്ദീന്‍ അലി അഹമ്മദാണ് ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം ഔദ്യോഗികമായി അടിയന്തരാവസസ്ഥ പ്രഖ്യാപിച്ചത്.ഭ രിക്കാനുള്ള അവകാശം പ്രധാനമന്ത്രിക്ക് നല്‍കി തിരഞ്ഞെടുപ്പ് റദ്ദാക്കാനും പൗരാവകാശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും അനുവദിക്കുന്നതായിരുന്നു ഉത്തരവ്.
എന്താണ് ഗുജറാത്ത് കലാപം?
2002ല്‍ ഗുജറാത്തില്‍ നടന്ന ഹിന്ദു മുസ്ലീം കലാപമാണ് ഗുജറാത്ത് കലാപം അഥവാ ഗുജറാത്ത് മുസ്ലീം വംശ്യ ഹത്യ. അഹമ്മദാബാദില്‍ ആരംഭിച്ച കലാപം രാജ്യത്തുടനീളം പടരുകയായിരുന്നു.
എന്താണ് ഗോധ്ര കലാപം?
2002 ഫെബ്രുവരി 27ന് അയോധ്യയില്‍ നിന്നും അഹമ്മദാബാദിലേക്ക് പോവുകയായിരുന്ന സബര്‍മതി എക്‌സ്പ്രസ്സ് ഗോധ്ര സ്റ്റേഷനില്‍ വെച്ച് കത്തിക്കുകയും തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ഹിന്ദു സന്യാസിമാരെ കൊലപ്പെടുത്തുകയും ചെയ്തു. ഗോധ്ര സ്റ്റേഷനിലെ കച്ചവടക്കാരുമായി ഹിന്ദു സന്യാസിമാര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതാണ് കലാപത്തിലേക്ക് നയിച്ചത്.