Sat. Apr 27th, 2024
Maiden Pharmaceuticals responsible for the deaths of 66 children, says Gambia Parliamentary panel
പതിനാറ് ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാള്‍ നിരോധിച്ചു

ആഫ്രിക്കയിലെ ഗാംബിയയില്‍ 2022 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ 70കുട്ടികളുടെ മരണത്തിന്റെ ഉത്തരവാദികള്‍ ചുമക്കുള്ള സിറപ്പ് നിര്‍മ്മിച്ച ഇന്ത്യന്‍ കമ്പനി മെയ്ഡന്‍ ഫാര്‍മയാണെന്ന് ആഫ്രിക്കന്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട്. മായം കലര്‍ന്ന മരുന്നുകള്‍ കയറ്റി അയച്ച് മെയ്ഡന്‍ ഫാര്‍മ കമ്പനിക്കെതിരായി പാര്‍ലെമന്റ് നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആഫ്രിക്കയില്‍ നിരോധിച്ച കമ്പനികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അറ്റ്‌ലാന്റിക് ഫാര്‍മസ്യുട്ടിക്കല്‍സ് വഴി ആഫ്രിക്കയില്‍ എത്തിച്ച മെയ്ഡന്‍ ഫാര്‍മയുടെ നാല് സിറപ്പുകളുടെ സാംപിളുകള്‍ സ്വിറ്റ്സര്‍ലന്റിലാണ് പരിശോധനക്ക് വിധേയമാക്കിയത് എന്ന് ആഫ്രിക്കന്‍ നാഷണല്‍ അസംബ്ലിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ സെലക്ട് കമ്മിറ്റി വ്യക്തമാക്കുന്നു. സാധാരണ ചുമക്കുള്ള സിറപ്പുകളില്‍ കണ്ടെത്താന്‍ സാധ്യതയുള്ള അപകടകാരികളായ ഡൈതലീന്‍ ഗ്ലൈക്കോളിന്റെയും എത്തിലിന്‍ ഗ്ലൈക്കോളിന്റെയും സാന്നിദ്ധ്യം ഇവയില്‍ അനുവദീനമായ അളവിലും കൂടുതലായിരുന്നുവെന്നും ഇതാണ് കിഡ്നി തകരാറിലേക്കും കുട്ടികളുടെ മരണത്തിലേക്കും എത്തിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം, ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ ക്ലീന്‍ ചിറ്റ് ലഭിച്ചതിന് പിന്നാലെ പൂട്ടിയ പ്ലാന്റ് വീണ്ടും തുറക്കാന്‍ ഒരുങ്ങുകയാണ് മെയ്ഡന്‍ ഫാര്‍മ. കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ നരേഷ് കുമാര്‍ ഗോയലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യമന്ത്രാലയം ഡോ. വൈ കെ ഗുപ്തയുടെ അധ്യക്ഷതയില്‍  കമ്മിറ്റി രൂപീകരിച്ചാണ് കേന്ദ്രം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പ്രൊമേത്താസൈന്‍ ഓറല്‍ സൊല്യൂഷന്‍, കൊഫെക്സാമെലിന്‍ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയുടെ സാമ്പിളുകള്‍ പരീക്ഷിക്കുകയും ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ (ഡിഇജി), എഥിലീന്‍ ഗ്ലൈക്കോള്‍ (ഇജി) എന്നിവയുടെ സാന്നിധ്യം കമ്മിറ്റി വിലയിരുത്തുന്നു. ഗാംബിയയിലെ കുട്ടികളുടെ മരണം അന്താരാഷ്ട്ര വിപണിയിലെ ഇന്ത്യയുടെ മരുന്ന് ബിസിനസിനെ ബാധിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്.

അതിനിടെ, ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പതിനാറ് ഇന്ത്യന്‍ കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാള്‍ നിരോധിച്ചു. കഫ് സിറപ്പ് മൂലം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കുട്ടികള്‍ മരിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട മരുന്നുകളെ കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ചില കമ്പനികളുടെ മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നത് നേപ്പാള്‍ നിരോധിച്ചത്. നേപ്പാള്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി നിരോധിത കമ്പനികളുടെ പട്ടിക പുറത്തുവിട്ടു.

ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ദിവ്യ ഫാര്‍മസി ഉള്‍പ്പെടെ 16 ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാണ് ഈ പട്ടികയില്‍ ഉള്ളത്. റേഡിയന്റ് പാരന്ററല്‍സ് ലിമിറ്റഡ്, മെര്‍ക്കുറി ലബോറട്ടറീസ് ലിമിറ്റഡ്, അലയന്‍സ് ബയോടെക്, ക്യാപ്ടാബ് ബയോടെക്, അഗ്ലോമെഡ് ലിമിറ്റഡ്, സീ ലബോറട്ടറീസ് ലിമിറ്റഡ്, ഡാഫോഡില്‍സ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, ജിഎല്‍ജിഎസ് ഫാര്‍മ ലിമിറ്റഡ്, യൂണിജൂല്‍സ് ലൈഫ് സയന്‍സ് ലിമിറ്റഡ്, കണ്‍സെപ്റ്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് എന്നിവയുടെ മരുന്നുകള്‍ക്കാണ് നിരോധനം.ഇതിനുപുറമെ, ആനന്ദ് ലൈഫ് സയന്‍സസ് ലിമിറ്റഡ്, ഐപിസിഎ ലബോറട്ടറീസ് ലിമിറ്റഡ്, കാഡില ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്, ഡയല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, അഗ്ലോമെഡ് ലിമിറ്റഡ്, മാക്യുര്‍ ലബോറട്ടറീസ് ലിമിറ്റഡ് തുടങ്ങിയ വന്‍കിട കമ്പനികളും പട്ടികയില്‍ ഉള്‍പ്പെടുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.