ഡല്‍ഹി:
സുപ്രിംകോടതി ചീഫ് ജസ്റ്റിസുമാരുടെ മാറ്റം കൊണ്ട് ചരിത്രത്തിന്‍റെ ഭാഗമാകുകയാണ് 2022. ഒരു വർഷത്തിനിടെ മൂന്ന് ജസ്റ്റിസുമാരാണ് പരമോന്നത നീതിപീഠത്തിന്റ തലപ്പത്തെത്തുന്നത്. എൻ വി രമണക്ക് പിന്നാലെ യു യു ലളിതും ഡി വൈ ചന്ദ്രചൂഡും രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ തലവര നിർണയിക്കും.
ആഗസ്ത് 16ന് നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണ കാലാവധി പൂർത്തിയാക്കുന്നതോടെ ജസ്റ്റിസ് യു.യു ലളിത് ചുമതലയേൽക്കും. എന്നാൽ രണ്ട് മാസം മാത്രമായിരിക്കും യു യു ലളിത് പരമോന്നത കോടതിയുടെ അമരക്കാരനാവുക.
നവംബർ എട്ടിന് യു യു ലളിതും കാലാവധി പൂർത്തിയാക്കി മടങ്ങും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് അടുത്ത പകരക്കാരൻ. നവംബർ 9 മുതൽ രണ്ട് വർഷത്തേക്കാണ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് തുടരുക. ഡി വൈ ചന്ദ്രചൂഡ് സുപ്രിംകോടതി ചീഫ് ജസ്റ്റിസാകുന്നതോടെ അച്ഛനും മകനും ചീഫ് ജസ്റ്റിസ് പദവി അലങ്കരിച്ചുവെന്ന ചരിത്ര മുഹൂർത്തത്തിനും സുപ്രിംകോടതി സാക്ഷിയാകും.
സുപ്രിംകോടതിയുടെ പതിനാറാമത് ചീഫ് ജസ്റ്റിസായ വൈ വി ചന്ദ്രചൂഡിന്റെ മകനാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്.