മൂവാറ്റുപുഴ:
നഗരസഭ സഹകരണത്തോടെ ഈസ്റ്റ് മാറാടി സർക്കാർ വി എച്ച് എസ് സ്കൂളിലെ നാഷനൽ സർവിസ് സ്കീം യൂനിറ്റും ഭൂമിത്ര സേന ക്ലബും സംയുക്തമായി നടത്തിയ ‘കൈകോർക്കാം ഇലക്ട്രോണിക്സ് മാലിന്യരഹിത മൂവാറ്റുപുഴ’ കാമ്പയിന്റെ ഭാഗമായി ശേഖരിച്ച മാലിന്യം വിറ്റ് പണം വൃക്കരോഗിക്ക് കൈമാറി. കാമ്പയിന്റെ ഭാഗമായി ഒരു ടണ്ണോളം ഇലക്ട്രോണിക്സ് മാലിന്യമാണ് ശേഖരിച്ചത്. ഇത് വിറ്റതുവഴി ലഭിച്ച തുക വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ അശോക് കുമാറിന്റെ സഹോദരൻ അരുൺ കുമാറിന് നഗരസഭ ചെയർമാൻ പി പി എൽദോസ് കൈമാറി.
ഇലക്ട്രോണിക്സ് മാലിന്യം ക്ലീൻ കേരള കമ്പനി മാനേജർ ഗ്രീഷ്മക്ക് കൈമാറി. മൂവാറ്റുപുഴ നഗരസഭയിൽനിന്നും മാറാടി ഗ്രാമപഞ്ചായത്തിൽനിന്നുമായി ശേഖരിച്ച ഇ വേസ്റ്റിലൂടെ ലഭിച്ച 10,000 രൂപയാണ് പെരുമ്പാവൂർ വെസ്റ്റ് വെങ്ങോല മിനികവലയിൽ താമസിക്കുന്ന അശോക് കുമാറിന്റെ കുടുംബത്തിന് നൽകിയത്. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ പി എം അബ്ദുൽ സലാം, മുനിസിപ്പൽ സെക്രട്ടറി എം മുഹമ്മദ് ആരിഫ് ഖാൻ, വാർഡ് കൗൺസിലർ ജിനു മടേയ്ക്കൽ, പ്രോഗ്രാം ഓഫിസർ സമീർ സിദ്ദീഖി, സ്കൂൾ കൗൺസലർ ഹണി വർഗീസ്, രതീഷ് വിജയൻ എന്നിവർ സംബന്ധിച്ചു.