മുംബൈ:
ഉത്തർപ്രദേശിലെ മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്ത നടപടിയിൽ യോഗി സർക്കാറിനെ അഭിനന്ദിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. നിർഭാഗ്യവശാൽ മഹാരാഷ്ട്രയിൽ തങ്ങൾക്ക് യോഗിമാരില്ലെന്നും പകരം ‘ഭോഗികൾ’ മാത്രമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏപ്രിൽ തുടക്കം മുതൽ മെയ് മൂന്നിനകം മഹാരാഷ്ട്രയിലെ എല്ലാ മുസ്ലിം പള്ളികളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് സർക്കാറിനോട് രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കാമ്പയിന് എം എന്‍ എസ് തുടക്കം കുറിക്കുകയും ചെയ്തു.
പ്രാർഥനകൾ നടത്തുന്നതിനെ എതിർത്തിട്ടില്ലെന്നും ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്നതിനെയാണ് എതിർക്കുന്നതെന്നുമാണ് എം എന്‍ എസിന്‍റെ വാദം. മെയ് മൂന്നിന് ശേഷം ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ഉച്ചഭാഷിണി സ്ഥാപിച്ച് ഹനുമാന്‍ ചാലിസ വായിക്കാനും രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. മുസ്‍ലിംകൾ നമസ്കരിക്കാന്‍ ഉച്ചഭാഷിണിയിൽ ബാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാന്‍ ചാലിസ വായിക്കുമെന്നും താക്കറെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
അതേസമയം, രാജ് താക്കറെയുടെ ആഹ്വാനങ്ങൾക്കെതിരെ നിരവധി രാഷ്ട്രീയക്കാർ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിലെ ക്രമസമാധാനനില തകർക്കാനും വർഗീയ സംഘർഷം സൃഷ്ടിക്കാനുമാണ് താക്കറെ ശ്രമിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.