Tue. Aug 12th, 2025 12:08:56 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. കേന്ദ്രപൂളിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് തീരുമാനം. നഗരമേഖലകളിലും ആശുപത്രികൾ അടക്കമുള്ള അവശ്യസേവനമേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല. 

4580 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ന് രാത്രി വരെ സംസ്ഥാനത്തിന് വേണ്ടതെന്നാണ് കണക്ക്. പക്ഷെ കേരളത്തിന് വൈദ്യുതി നൽകുന്ന ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ കൽക്കറി ക്ഷാമം മൂലം ഉത്പാദനം കുറച്ചതിനാൽ കേരളത്തിന് കിട്ടേണ്ട വൈദ്യുതിയിൽ 400 മു​തൽ 500 മെ​ഗാവാട്ട് വരെ കുറവുണ്ടാകും. ഇതേ തുടർന്നാണ് കെഎസ്ഇബി വൈദ്യുതി നിയന്ത്രണം ഇന്നത്തേക്ക് ഏർപ്പെടുത്തിയത്. 

കൽക്കരി ക്ഷാമം മൂലം ഇന്ത്യയിലെ വിവിധ താപനിലയങ്ങളിൽ വൈദ്യുതി ഉത്പാദനത്തിൽ കുറവ് വന്നിട്ടുണ്ട്. ഇതുമൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ പവർകട്ട് ഏർപ്പെടുത്തിയിരുന്നു.  14 സംസ്ഥാനങ്ങളിൽ ഒരു മണിക്കൂറിലേറെ പവർ കട്ടോ ലോഡ് ഷെഡിം​ഗോ ഏർപ്പെടുത്തിയിട്ടുണ്ട്.