Sun. Dec 22nd, 2024
പാണ്ടിക്കാട് :

തുവ്വൂരിൽ നിന്നു മാലിന്യം മോഷ്ടിച്ച് പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി ഈസ്റ്റിൽ തള്ളിയ കേസിൽ 2 പേർ അറസ്റ്റിൽ. പാണ്ടിക്കാട് ഗ്രാമപ്പഞ്ചായത്ത്  വാർഡ് അംഗം ടി ശ്രീദേവിയുടെ പരാതി പ്രകാരം പാണ്ടിക്കാട് പൊലീസാണ് പ്രതികളെ പിടികൂടിയത്. കൊളപ്പറമ്പ് സ്വദേശി പുതിക്കുന്നൻ സലീം (37) കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പട്ടിക്കാടൻ മുഹമ്മദ് ആരിഫ് (41) എന്നിവരാണ് അറസ്റ്റിലായത്.

ഏപ്രിൽ പതിനൊന്നിനാണ് കേസിനാസ്പദമായ സംഭവം. വെള്ളോട്ടുപാറയിൽ നിന്നും തുവ്വൂർ പഞ്ചായത്തിലെ ഹരിത കർമ്മസേന ശേഖരിച്ച മാലിന്യം മോഷ്ടിച്ച് വില പിടിപ്പുള്ളവ എടുത്ത് ബാക്കിയുള്ളത് പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്റ്റിലെ പൊതുവഴിയിൽ തള്ളുകയായിരുന്നു. സംഭവത്തെ തുടർന്ന് മാലിന്യം മോഷണം പോയതു കാണിച്ച് തുവ്വൂർ ഗ്രാമപ്പഞ്ചായത്ത് കരുവാരകുണ്ട് സ്റ്റേഷനിലും മാലിന്യം പൊതുവഴിയിൽ തള്ളിയെന്ന് കാണിച്ച്  പാണ്ടിക്കാട് പഞ്ചായത്ത് വാർഡ് അംഗം ടി ശ്രീദേവി പാണ്ടിക്കാട് സ്റ്റേഷനിലും പരാതി നൽകി.

തുടർന്നു കഴിഞ്ഞ ദിവസം വാഹനം ഉൾപ്പെടെ ഇരുവരെയും കരുവാരകുണ്ട്  പൊലീസ് കസ്റ്റഡിയിലെടുക്കുകയും പാണ്ടിക്കാട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. വഴിയിൽ മാലിന്യം തള്ളിയതിനാണ് കേസെടുത്തത്. പാണ്ടിക്കാട് സിഐ കെ റഫീഖിന്റെ നിർദേശ പ്രകാരം എസ്ഐമാരായ ഇ എ അരവിന്ദൻ, കെ കെ തുളസി, എഎസ്ഐ സെബാസ്റ്റ്യൻ രാജഷ്, എസിപിഒ അസ്മ, സിപിഒ മാരായ അരുൺ, സുബീഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം  നടത്തിയത്.