Wed. Jan 22nd, 2025
ഉപ്പള:

മംഗൽപാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ മാലിന്യം വീണ്ടും വലിച്ചെറിയാൻ തുടങ്ങി. ദേശീയ പാതയോരങ്ങളിലും ഉൾ ഭാഗത്തും മാലിന്യം നിറയുന്നു. നേരത്തേ വിവിധ സ്ഥലങ്ങളിൽ മാലിന്യം കുന്നു കൂടിയിരുന്നത് മനോരമ വാർത്തയുടെയും നാട്ടുകാരുടെ പ്രതിഷേധത്തേയും തുടർന്ന് പഞ്ചായത്ത് അധികൃതർ മാറ്റുകയും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇങ്ങനെ 300 പേരിൽ നിന്നായി 3000 രുപ പിഴ ഈടക്കിയിരുന്നു. ഇതോടെ മാലിന്യം തള്ളുന്നത് കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് നടപടി കുറഞ്ഞപ്പോൾ മാലിന്യം വഴിയരികിൽ കൊണ്ടിടുന്നതു വ്യാപകമായി. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡരികിലെ മണ്ണ് നീക്കം ചെയ്തു നിരപ്പാക്കുമ്പോൾ മാലിന്യവും മാറ്റിയിരുന്നു.

ഇപ്പോൾ വ്യാപകമായി മാലിന്യം വലിച്ചെറിയുന്നതു നാട്ടുകാർക്ക് വിഷമം സൃഷ്ടിക്കുന്നു. ഉപ്പള മീൻ മാർക്കറ്റ് റോഡ്, ബപ്പായി തൊട്ടി റോഡ് ജംക്‌ഷൻ, ഹനഫി ബസാർ, കൈക്കമ്പ, നയാ ബസാർ,ബന്ധിയോട് എന്നിവിടങ്ങളിൽ മാത്രമല്ല, ഉൾ പ്രദേശങ്ങളിലും മാലിന്യം തള്ളുന്നുത് വർധിച്ചു. കുബണൂരിലെ പഞ്ചായത്ത് വക മാലിന്യ പ്ലാന്റ് പ്രവർത്തനം നിർത്തിവച്ചിരിക്കയാണ്.

പ്രദേശവാസികളുടെ എതിർപ്പ് നിലനിൽക്കുന്നതിനാൽ മാലിന്യം ഇവിടേക്കു മാറ്റാൻ സാധ്യമല്ല. ഇതോടെ മാലിന്യം നീക്കാൻ സ്ഥലമില്ലാതെ പഞ്ചായത്ത് അധികൃതരും വിഷമത്തിലാണ്.