Wed. Jan 22nd, 2025
പൊന്നാനി:

സോളാറില്‍നിന്ന് അധിക വൈദ്യുതി ഉല്പാദിപ്പിച്ച് വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പൊന്നാനി സബ്‌സ്റ്റേഷനില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ മൂന്നു മാസത്തോളമായി തകരാറിലായിട്ടും തിരിഞ്ഞു നോക്കാതെ കെല്‍ട്രോണ്‍ അധികൃതര്‍. 3.3 കോടി രൂപ ചെലവഴിച്ചു നിർമിച്ച സോളാര്‍ പ്ലാന്റാണ് ഇതോടെ തകരാറിലായത്. 2019ല്‍ ഉദ്ഘാടനം ചെയ്ത പ്ലാന്റ് നാശത്തിന്റെ വക്കിലാണ്.

മൂന്ന് മാസമായി തകരാറുകള്‍ അടിക്കടി വന്നിട്ടും യഥാസമയം ഇവ പരിഹരിക്കുന്നില്ല എന്നതാണ് പ്രധാന വെല്ലുവിളി. ഇതോടെ 10,000 രൂപയുടെ നഷ്ടമാണ് ദിനം പ്രതി ഉണ്ടാകുന്നത്. ഒരു വര്‍ഷം മുമ്പ് സോളാറിന്‍റെ ഫ്യൂസ് തകരാറിലായിരുന്നു.

അതോടെ ഉല്പാദനത്തിൽ കാര്യമായ കുറവുണ്ടായി. സമയത്തിനനുസരിച്ച് തകരാറുകള്‍ മാറ്റാത്തത് ഇരട്ടി നഷ്ടമാണ് ഉണ്ടാക്കിയത്. 500 കിലോവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാവുന്ന സോളാർ പവർ പ്ലാന്റാണ് സബ്സ്റ്റേഷന് തൊട്ടടുത്തായി 2019ൽ സ്ഥാപിച്ചത്.

1680 സോളാർ പ്ലാന്റുകളുടെ സഹായത്തോടെ ദിവസവും 2500 ഓളം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവും. സംസ്ഥാന സർക്കാറിന്റെയും വൈദ്യുതി ബോർഡിന്റെയും കീഴിലാണ് സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ഇത്തരം സോളാർ പവർ പ്ലാന്റുകൾ പ്രവർത്തനം തുടങ്ങിയത്. എന്നാൽ തകരാറുകൾ യഥാസമയം പരിഹരിക്കാൻ കെൽട്രോൺ മുൻകൈ എടുക്കാത്തത് സർക്കാറിന് ഭീമമായ നഷ്ടമാണ് വരുത്തി വെക്കുന്നത്.