ന്യൂഡൽഹി:
രാജ്യത്തെ സെമികണ്ടക്ടർ നിർമ്മാണത്തിനായുള്ള പദ്ധതിയുടെ രൂപരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ. ദില്ലിയില്‍ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരാണ് രൂപരേഖ പുറത്തിറക്കിയത്. തദ്ദേശീയമായി സെമികണ്ടക്ടർ നിർമ്മാണത്തിന് വൻ കുതിച്ച് ചാട്ടമുണ്ടാക്കുന്നതാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. 76000 കോടി രൂപയുടെ പദ്ധതിയാണിത്.
സെമികണ്ടക്ടർ നിർമ്മാണത്തിൽ ആഗോള ശക്തയായി മാറാനുള്ള ഇന്ത്യയുടെ ചുവടുവെപ്പാണ് ഇന്ത്യ സെമി കണ്ടക്ടർ മിഷൻ. മൈക്രോചിപ്പുകളുടെ കുറവ് വ്യാവസായികോത്പാദനത്തെ ദോഷമായി ബാധിച്ചിരുന്നു. ഇത് മറികടക്കാനും രാജ്യത്തെ ഇലക്ട്രോണിക് ഹബാക്കി മാറ്റുകയുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
സ്വദേശ വിദേശ കമ്പനികളുമായി സഹകരിക്കുന്ന പദ്ധതി സ്റ്റാർട്ടപ്പുകൾക്കും ഊന്നൽ നൽകുന്നു. പദ്ധതി ഇന്ത്യയുടെ സാങ്കേതികവ്യവസായ രംഗത്ത് വലിയ മാറ്റം സൃഷ്ടിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കൂടാതെ സെമി കണ്ടക്ടർ നിർമ്മാണം നടത്തുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ റിസ്ക് അഞ്ചിലും ഇന്ത്യ അംഗമായി.
70 രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ശക്തി മൈക്രോ പ്രോസ്സറും മന്ത്രി ചടങ്ങിൽ പ്രദർശിപ്പിച്ചു. കേരളത്തിലടക്കം പദ്ധതിക്കായുള്ള അന്തരീക്ഷം ഒരുക്കാൻ സംസ്ഥാന സർക്കാരുകൾ മുൻകൈ എടുക്കണമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായുള്ള പ്രഥമ സെമി കണ്ടക്ടർ കോൺഫറൻസ് സെമികോൺ മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.