Sun. Dec 22nd, 2024
കൽപ്പറ്റ:

ദുരിതങ്ങൾ തുടർമഴയായി പെയ്‌തിറങ്ങിയതോടെ നിലമ്പൂർ വനമേഖലയോട്‌ ചേർന്നുള്ള പരപ്പൻപാറയിലെ ചോലനായ്‌ക്കർക്ക്‌ കാട്‌ മതിയായി. വനാതിർത്തിയിൽ എവിടെയെങ്കിലും വീട്‌ പ്രതീക്ഷിച്ചിരിക്കുകയാണ്‌ ഇവിടെയുള്ള 12 കുടുംബം. ദിവസങ്ങൾക്കുമുമ്പ്‌ ഏകകുടിലും കാട്ടാന തകർത്തതോടെ പാറമടക്കുള്ളിലാണ്‌ താമസം.

തേനെടുക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ കഴിഞ്ഞദിവസം കോളനിയിലെ രാജനും പിഞ്ചുകുഞ്ഞും മരിച്ചതോടെ കാട്‌ ഇറങ്ങണമെന്ന വികാരം ഇവരിൽ ശക്തമായിട്ടുണ്ട്‌. പൂർണമായും വനത്തിനുള്ളിലാണ്‌ 38 ചോലനായ്‌ക്കർ കഴിയുന്നത്‌. ജില്ലയിലെ ഏക ചോലനായ്‌ക്ക സമൂഹമാണിത്‌.

വടുവൻചാൽ കാടാശേരിയിൽനിന്ന്‌ രണ്ടര മണിക്കൂർ കാൽനടയാത്ര ചെയ്‌താലാണ്‌ ഇവിടെ എത്താനാവുക. ദുർഘട വനപാതയാണ്‌. മഴക്കാലത്താണ്‌ ദുരിതം ഏറുന്നത്‌.

ചാലിയാർ പുഴ കരകവിയുന്നതും വന്യമൃഗങ്ങളുടെ ശല്യവുമാണ്‌ പ്രതിസന്ധി. കാട്ടുപോത്തും കാട്ടാനയും മിക്ക ദിവസങ്ങളിലും കോളനിയിലെത്തും. വനംവകുപ്പ്‌ നിർമിച്ച്‌ നൽകിയ കുടിലാണ്‌ ആന തകർത്തത്‌.

മരച്ചുവട്ടിലും പാറമടക്കുള്ളിലുമാണ്‌ ഇപ്പോൾ കഴിയുന്നത്‌. എല്ലാ വർഷവും മഴക്കാലത്തോടടുത്ത്‌ കുറച്ചുപേർ കാടിറങ്ങി കാടാശേരിയിലെത്തും. പഞ്ചായത്ത്‌ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത്‌ താൽക്കാലിക ഷെഡ്‌ ഒരുക്കും.

ഏതാനും സ്‌ത്രീകളും ചെറിയ കുട്ടികളും ഇപ്പോഴും ഇവിടെ കഴിയുന്നുണ്ട്‌. മറ്റുള്ളവരാണ്‌ പരപ്പൻപാറയിലുള്ളത്‌. ഷെഡ്ഡിലെ താമസക്കാരെ ഒഴിപ്പിക്കണമെന്ന്‌ സ്ഥലം ഉടമ ആവശ്യപ്പെട്ടിട്ടുണ്ട്‌.

നാല്‌ കുട്ടികൾ കാടാശേരിയിലെ അങ്കണവാടിയിൽ പേര്‌ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും പോകാറില്ല. പൂർണമായും വനത്തെ ആശ്രയിച്ചാണ്‌ ഇവരുടെ ജീവിതം. ഈ പശ്ചാത്തലത്തിലാണ്‌ ‌ വനാതിർത്തിയിൽ സുരക്ഷിത താമസം ഒരുക്കണമെന്ന ആവശ്യം.

കാടാശേരിയിൽ വീട്‌ നിർമിക്കാനായി ഒരേക്കർ കണ്ടെത്തിയതായി വാർഡ്‌ മെമ്പർ യശോദ പറഞ്ഞു. ഫണ്ടിനായി ജില്ലാ പഞ്ചായത്തിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഭൂമി ലഭ്യമാവുന്ന മുറയ്‌ക്ക്‌ വീട്‌ നിർമിച്ച്‌ നൽകും.