Mon. Dec 23rd, 2024
തിരുവനന്തപുരം:

കാർ മാത്രം സ്വന്തമായുള്ളയാൾക്ക് ബൈക്ക് യാത്രയിൽ ഹെൽമറ്റ് വെയ്ക്കാത്തതിന് പിഴ. മോട്ടോർ വാഹനവകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞ ബൈക്കിന്റെ ഫോട്ടോ സഹിതമാണ് തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ അജിത്തിന് നോട്ടീസയച്ചിരിക്കുന്നത്.

നമ്പർ മാത്രമല്ല, വാഹനവും കാർ തന്നെയാണെന്ന് കാട്ടിയാണ് ഹെൽമറ്റ് വെക്കാത്തതിനുള്ള പിഴയെന്നതാണ് വിചിത്രം. സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് അജിത്ത്.

സത്യമായിട്ടും തന്റെ കയ്യിൽ ഈ കാറു മാത്രമേയുള്ളൂവെന്ന് ആണയിട്ടു പറയുകയാണ് അജിത്ത്. കാറ് റോഡിലിറക്കിയിട്ട് തന്നെ ഒരു മാസം കഴിഞ്ഞുവെന്നും അജിത്ത് വിശദീകരിക്കുന്നു. അപ്പോഴാണ് ഹെൽമറ്റ് വെയ്ക്കാതെ ബൈക്കോടിച്ചതിന് ഒരാഴ്ച്ച മുൻപ് 500 രൂപ പിഴയടക്കണമെന്ന ചെലാൻ വീട്ടിലെത്തിയത്.

കെ എൽ 21 ഡി 9877 ആണ് അജിത്തിന്റെ കാർ നമ്പർ. ബൈക്കിന്റേത് സൂക്ഷിച്ചു നോക്കിയാൽ അവസാന നാലക്കം 9811 ആണെന്നാണ് കാണാനാവുന്നത്. ഇങ്ങനെയാണ് തന്റെ പേരിൽ തെറ്റായി ചെലാൻ വന്നതെന്നാണ് അജിത്ത് പറയുന്നത്.

ആളുമാറിയാണെങ്കിലും 2021 ഡിസംബർ 7 ലെ നിയമലംഘനത്തിന്റ പിഴയാണ് കഴിഞ്ഞയാഴ്ച്ച അജിത്തിന്റെ കൈയിലെത്തിയിരിക്കുന്നത്. ഏതായാലും മോട്ടോർ വാഹനവകുപ്പിന് പരാതി നൽകാൻ ഒരുങ്ങുകയണ് അജിത്.