Mon. Dec 23rd, 2024
ബ്രസീലിയ:

ചാർജറില്ലാതെ ഐഫോൺ വിൽക്കാനുള്ള ആപ്പിൾ നീക്കത്തിന് തിരിച്ചടി. പവർ അഡാപ്റ്ററില്ലാതെ ഫോൺ വിൽക്കുന്നത് നിയമവിരുദ്ധവും ഉപയോക്താവിനെ അവഹേളിക്കുന്നതാണെന്നും ബ്രസീൽ കോടതി ഉത്തരവിട്ടു. ഇതിൻ്റെ പേരിൽ കമ്പനിക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട് കോടതി.

ഒരു ഉപയോക്താവ് നൽകിയ പരാതിയിലായിരുന്നു മധ്യ ബ്രസീലിയൻ സംസ്ഥാനമായ ഗൊയായ്‌സിലെ പ്രാദേശിക കോടതിയുടെ ഉത്തരവ്. ഐഫോണുകളുടെ പ്രവർത്തനത്തിന് അഡാപ്റ്ററുകൾ അത്യാവശ്യമാണെന്ന് റീജ്യനൽ ജഡ്ജി വാർഡർലീ കൈറസ് പിനൈരോ ചൂണ്ടിക്കാട്ടി.

അത് ഒഴിവാക്കുന്നത് ഉപയോക്തൃ നിയമത്തിന്റെ ലംഘനമാണെന്നും ജഡ്ജി വ്യക്തമാക്കി. ചാർജറില്ലാതെ ഐഫോൺ വിറ്റതിന് പരാതി നൽകിയ ഉപയോക്താവിന് 1,080 ഡോളർ(ഏകദേശം 82,000 രൂപ) നൽകാൻ കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ ഉപയോക്താക്കൾ സമാനമായ പരാതിയുമായി രംഗത്തെത്തിയാൽ കമ്പനിക്ക് കൂടുതൽ നഷ്ടപരിഹാരത്തുക നൽകേണ്ടിവരും. ഫോണിനൊപ്പം ചാർജർ നൽകാനും കമ്പനി നിർബന്ധിതരാകാനിടയുണ്ട്.