Sun. Dec 22nd, 2024
ന്യൂഡൽഹി:

നോമ്പുകാലമാണ്…നാടെങ്ങും ജാതിമതഭേദമന്യേ ഇഫ്താറുകളും സ്നേഹവിരുന്നുകളും നടന്നുകൊണ്ടിരിക്കുന്നു. നോമ്പുകാലത്ത് സ്നേഹത്തിന്‍റെ മറ്റൊരു മാതൃക കാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. ശതാബ്ദി ട്രയിനിൽ ഇഫ്താർ വിളമ്പിയാണ് ഇന്ത്യൻ റെയിൽവെയിലെ ജീവനക്കാർ ഹൃദയങ്ങള്‍ കീഴടക്കുന്നത്.

ഇഫ്താറിന്‍റെ വിശദാംശങ്ങൾ ഒരു യാത്രക്കാരൻ പങ്കുവെച്ചതിന് പിന്നാലെയാണ് സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായത്. ‘ഇഫ്താറിന് ഇന്ത്യൻ റെയിൽവേയ്ക്ക് നന്ദി. ഞാൻ ധൻബാദിൽ നിന്നും ഹൗറ ശതാബ്ദിയിൽ കയറിയ ഉടൻ എനിക്ക് ലഘുഭക്ഷണം ലഭിച്ചു.

നോമ്പായതിനാൽ അല്‍പം വൈകി ചായ കൊണ്ടുവരാൻ ഞാൻ പാൻട്രിയിലുള്ള ആളോട് അഭ്യർത്ഥിച്ചിരുന്നു. നോമ്പിലാണോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ തലയാട്ടി. കുറച്ചുകഴിഞ്ഞപ്പോൾ മറ്റൊരാൾ ഇഫ്താറുമായി വന്നു’- ഷാനവാസ് അക്തർ തനിക്ക് ലഭിച്ച ഭക്ഷണത്തിന്‍റെ ഫോട്ടോ പങ്കിട്ട് ട്വീറ്റ് ചെയ്തു.

സമൂസയും വടയും പഴങ്ങളും അടങ്ങിയ ട്രേയാണ് ജീവനക്കാര്‍ ഷാനവാസിന് നല്‍കിയത്. വിവിധ ഉത്സവങ്ങളും പരിപാടികളും കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ ഭക്ഷണം നല്‍കുന്നത് ഇതാദ്യമല്ല. നവരാത്രി വ്രതം അനുഷ്ഠിക്കുന്ന ഭക്തർക്ക് യാത്രയ്ക്കിടെ ശുദ്ധമായ ഭക്ഷണം നല്‍കുന്നുണ്ടെന്ന് വിശദീകരിക്കാൻ ഏപ്രിലിൽ റെയിൽവേ മന്ത്രാലയം ഒരു വീഡിയോ ട്വീറ്റ് ചെയ്തിരുന്നു.