Wed. Dec 18th, 2024

മുതിർന്ന മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ-സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. ബി. ആർ. പി ഭാസ്‌കറിനെ മദ്രാസ് സർവകലാശാല മലയാളം വിഭാഗം ആദരിക്കുന്നു. ബിആർപി@90 എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ റിട്ടേയർഡ് ജസ്റ്റിസ് കെ.ചന്ദ്രു അദ്ദേഹത്തെ ആദരിക്കും. ഏപ്രിൽ 27 ന് മദ്രാസ് യൂണിവേഴ്‌സിറ്റി മറൈൻ ക്യാമ്പസിലെ പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2 മണിക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്.  

ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപനായി സേവനമനുഷ്ഠിച്ച മാധ്യമ പ്രവർത്തകനാണ് ബി. ആർ. പി ഭാസ്‌കർ. ചെന്നൈയിൽ ദ ഹിന്ദുവിന്റെ സഹപത്രാധിപർ, ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്മാനിൽ ഉപപത്രാധിപർ, ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡിൽ അസോസിയേറ്റ് പത്രാധിപർ, ആന്ധ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കൺസൽറ്റന്റും, പാട്രിയറ്റിന്റെ സഹപത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തനരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്‌കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.  ‘ചരിത്രം നഷ്ടപ്പെട്ടവർ’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ’ എന്നീ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ബി. ആർ. പി ഭാസ്‌കർ. നിലവിൽ വോക്ക് മലയാളം ഓൺലൈൻ ചാനലിൽ വാർത്ത വിശേഷങ്ങളുമായി ബിആർപി എന്ന പരിപാടി ചെയ്യാറുണ്ട്.

ബി.ആർ.പി. ഭാസ്കർ

മദ്രാസ് സർവകലാശാല മലയാളം വിഭാഗം അധ്യക്ഷൻ ഡോ. പിഎം ഗിരീഷ് അധ്യക്ഷനായ ചടങ്ങിൽ മദ്രാസ് സർവകലാശാല മുൻ അധ്യക്ഷനായ ഡോ.സി.ജി രാജേന്ദ്ര ബാബു, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ പി.കെ ശ്രീനിവാസൻ എന്നിവർ ആശംസകൾ അറിയിക്കും. 

പരിപാടിയോട് തുടർന്ന് രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നടത്തും. ദരിദ്രരുടെയും അധസ്ഥിതരുടെയും ശബ്ദമായി മാറിയ റിട്ടേയർഡ് ജസ്റ്റിസ് കെ.ചന്ദ്രു രചിച്ച ‘നിൽക്കൂ ശ്രദ്ധിക്കൂ’ എന്ന പുസ്തകം മാധ്യമ പ്രവർത്തകൻ ശ്രീ. ബി. ആർ. പി ഭാസ്‌കർ പ്രകാശനം ചെയ്യും. മദ്രാസ് സർവകലാശാല മലയാളം വിഭാഗം അധ്യക്ഷൻ ഡോ. പിഎം ഗിരീഷിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ജയ് ഭീം എന്ന സിനിമയ്ക്ക് ആസ്പദമായ ‘Listen to my case’ എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷയാണ് പ്രസ്തുത പുസ്തകം. 

വൈകിട്ട്  മൂന്ന് മണിക്ക് മദ്രാസ് സർവകലസാല മലയാളം വിഭാഗം അധ്യാപകൻ ഒ. കെ സന്തോഷ് രചിച്ച ‘അനുഭവങ്ങൾ അടയാളങ്ങൾ- ദളിത് ആഖ്യാനം രാഷ്ട്രീയം’ എന്ന പുസ്തകം റിട്ടേയർഡ് ജസ്റ്റിസ് കെ ചന്ദ്രു പ്രകാശനം ചെയ്യും.  മാധ്യമ പ്രവർത്തകൻ ബി. ആർ. പി ഭാസ്‌കർ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിക്കും.