Wed. Jan 22nd, 2025
കാസർകോട്:

കാസർകോടിന്‍റെ പേര് പരാമർശിക്കാതെ എന്ത് സിൽവർ ലൈൻ. കാസർകോട്ടുകാർക്ക് തിരുവനന്തപുരത്തേക്ക് അതിവേഗം കുതിക്കാനാണല്ലോ സർക്കാറിന്‍റെ ഈ പെടാപ്പാടെല്ലാം. എന്നാൽ,പാത തുടങ്ങുന്നിടത്തുനിന്നുതന്നെ പദ്ധതിവഴിയുള്ള ദുരിതവും ആരംഭിക്കുന്നു.

കാസർകോട് മണ്ഡലത്തിലെ നെല്ലിക്കുന്ന് ഭാഗത്തുനിന്നാണ് പാതയുടെ തുടക്കം. തലസ്ഥാന നഗരിയിൽനിന്ന് പറഞ്ഞാൽ കാസർകോട് റെയിൽവേ സ്റ്റേഷനും കടന്ന് ഏകദേശം ഒന്നര കി മീ കഴിഞ്ഞാണ് ഈ പ്രദേശം. സിൽവർ ലൈനിന്‍റെ സ്റ്റേഷൻ കാസർകോട് റെയിൽവേ സ്റ്റേഷന്‍റെ പടിഞ്ഞാറ് കുണ്ടിൽ പ്രദേശത്ത്. ഇവിടെയാണ് യാത്ര അവസാനിക്കുക.

വണ്ടി നിർത്തിയിടാനും അറ്റകുറ്റപ്പണി നടത്താനുമുള്ള യാർഡ് എത്താൻ ഒന്നര കിലോമീറ്ററോളം പിന്നെയും സഞ്ചരിക്കണം. നെല്ലിക്കുന്നും കടന്ന് അടുക്കത്ത്ബയൽ വില്ലേജിലെ ചേരൈങ്ക എന്ന സ്ഥലത്താണ് യാർഡ് പദ്ധതിപ്രദേശം. 10 മുതൽ 15വരെ ട്രാക്കുകൾ ഇവിടെയുണ്ടാകുമെന്നാണ് നിഗമനം. ഏകദേശം 40 ഏക്കറിലധികം ഭൂമി യാർഡിനായി ഏറ്റെടുക്കണം.

അടുക്കത്ത്ബയൽ, കാസർകോട്, തളങ്കര വില്ലേജുകളിലായി നൂറുകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും രാജ്യത്തെ തന്നെ ആദ്യകാല പള്ളികളിലൊന്നായ മാലിക് ദീനാറിന്‍റെ ഖബർസ്ഥാനും തൊട്ടടുത്തെ ക്ഷേത്രക്കുളവുമെല്ലാം ഇല്ലാതായെങ്കിലേ പദ്ധതി നടപ്പിലാവൂ. ബഫർസോൺകൂടി കണക്കാക്കുമ്പോൾ കാസർകോട് നഗരത്തിനോട് ചേർന്നുകിടക്കുന്ന നെല്ലിക്കുന്ന് പ്രദേശം നെടുകെ പിളരും. ഈ ഭാഗത്ത് കല്ലിടൽ പ്രവൃത്തിയൊന്നും തുടങ്ങിയിട്ടില്ല. ഏതുനിമിഷവും ഉദ്യോഗസ്ഥർ എത്തുമെന്ന നിലക്കാണ് കെ-റെയിൽ വിരുദ്ധ സമിതി പ്രവർത്തകർ.