Wed. Jan 22nd, 2025
ഡല്‍ഹി:

സ്വകാര്യവൽക്കരിക്കുന്ന വിമാനത്താവളങ്ങളുടെ വരുമാന വിഹിതം ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ. ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചത്.

ഭൂമിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിനാൽ വരുമാന വിഹിതം വേണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം.

ഡി എം കെയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാരാണ് ആദ്യം ആവശ്യമുന്നയിച്ചത്. തമിഴ്നാട്ടില്‍ ചെന്നൈ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോവുകയാണ്. ചെന്നൈ, ട്രിച്ചി, കോയമ്പത്തൂർ, മധുരൈ തുടങ്ങിയ വിമാനത്താവളങ്ങളും സ്വകാര്യവൽക്കരിക്കും.

2022 മുതൽ 2025 വരെയുള്ള കാലയളവിലാണ് വിമാനത്താവള സ്വകാര്യവൽക്കരണം.
വിമാനത്താവളങ്ങളുടെ വികസനത്തിനായി ഭൂമിയേറ്റെടുക്കാൻ സംസ്ഥാന സർക്കാർ വലിയ തുക ചെലവഴിച്ചിട്ടുണ്ട്. അതിനാൽ വിമാനത്താവള വരുമാനത്തിന്റെ ഒരു വിഹിതം വേണമെന്നാണ് തമിഴ്നാടിന്റെ നിലപാട്.

തമിഴ്നാടിന്‍റെ നഷ്ടപരിഹാര നയത്തെ പിന്തുണച്ച് കൂടുതൽ ബി.ജെ.പി ഇതര സംസ്ഥാനങ്ങൾ രംഗത്തെത്തി. ജെ.എം.എം ഭരിക്കുന്ന ജാർഖണ്ഡും കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഛത്തീസ്ഗഡ് സര്‍ക്കാരുമാണ് നിലവില്‍ പിന്തുണ നല്‍കിയത്. എന്നാല്‍ സംസ്ഥാനങ്ങളുടെ ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.