Mon. Dec 23rd, 2024
വെള്ളനാട്:

കാട്ടുപന്നികളെ പ്രതിരോധിക്കാൻ സംയോജിത നിയന്ത്രണ മാർഗങ്ങളുമായി മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). കൃഷിയിടങ്ങളിൽ നിന്ന് കാട്ടുപന്നികളെ അകറ്റി നിർത്തുന്നതിനായി പരിസ്ഥിതി സൗഹൃദ നിയന്ത്രണ മാർഗങ്ങളാണ് കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കെവികെ ആസൂത്രണം ചെയ്തിരിക്കുന്നത്. പച്ച തണൽ വല, ആവണക്കെണ്ണ അധിഷ്ഠിത ജൈവവേലി, രൂക്ഷഗന്ധം പരത്തുന്ന ജൈവ ഉപാധികൾ തുടങ്ങിയവ ഇവയിലുൾപ്പെടും.

കൃഷിയിടത്തിനു ചുറ്റും പച്ച നെറ്റ് വേലി പോലെ കെട്ടുന്നതു വഴി കൃഷിയിടത്തിലേക്ക് കടക്കാൻ ശ്രമിക്കുന്ന പന്നികൾക്കു തടസ്സമാകുന്നു. പച്ച തണൽ വലയ്ക്കു പുറമേ ഇപ്പോൾ മീൻ പിടിക്കുന്ന വലയും ഉപയോഗിക്കുന്നു. വല ഒരു കിലോയ്ക്ക് 400 രൂപ വില വരും.

ഒരു ഏക്കർ പുരയിടത്തിൽ 8 കിലോയോളം വേണ്ടി വരും.കാട്ടുപന്നികൾ കൃഷി വിളകളുടെ ഗന്ധം മനസ്സിലാക്കുന്നതു തടയാൻ രൂക്ഷഗന്ധം പരത്തുന്ന ബോറെപ്പ്, ഇക്കോഡോൺ പോലുള്ള പ്രതിരോധ രീതികളും ഉപയോഗിക്കുന്നു.

ബോറെപ്പ് 20 ഗ്രാം വീതം തുണിയിൽ കിഴി പോലെ കെട്ടി ഒന്നര മുതൽ രണ്ട് മീറ്റർ അകലത്തിൽ തറയിൽ നിന്ന് ഒരടി പൊക്കത്തിൽ കൃഷിയിടത്തിന് ചുറ്റും വേലിയായി കെട്ടുകയാണു ചെയ്യേണ്ടത്. മാസം തോറും കിഴികൾ മാറ്റേണ്ടി വരും. കർഷകരുടെ സൗകര്യാർഥം കെവികെയിൽ നിന്ന് കിഴിയാക്കി തന്നെ ബോറെപ്പ് നൽകുന്നുണ്ട്.

ഒരു ഏക്കർ സ്ഥലത്തേക്ക് 650 രൂപയുടെ ബോറെപ്പ് വേണ്ടി വരും. കേരള കാർഷിക സർവകലാശാലയുടെ ഉൽപന്നമാണിത്.ഇക്കോഡോൺ ഉപയോഗിക്കുന്നവർ അതു കട്ടിയുള്ള ചണ നൂലിൽ മുക്കി, കൃഷിയു‌ടെ ചുറ്റും വേലി പോലെ രണ്ട് വരി കെട്ടണം.

ആദ്യ വരി തറയിൽ നിന്ന് ഒരടി പൊക്കത്തിലും രണ്ടാമത്തെ വരി രണ്ടടി പൊക്കത്തിലും കെട്ടണം.
ഇതിന്റെ രൂക്ഷ ഗന്ധം മൂന്നു മാസത്തോളം നിൽക്കും. ചരടിൽ എപ്പോഴും ഈർപ്പം നിലനിർത്തണം.

കടുത്ത വേനൽ കാലത്ത് 1:50 എന്ന അനുപാതത്തിൽ ഇക്കോഡോൺ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യാവുന്നതാണ്. ദീർഘ കാലത്തേക്കുള്ള കൃഷിയാണെങ്കിൽ ഓരോ സാങ്കേതിക വിദ്യകൾ മാറി മാറി പരീക്ഷിക്കാം.ഒരു ഏക്കർ സ്ഥലത്ത് ഒരു ലീറ്റർ വേണ്ടി വരും.

ഒരു ലീറ്റർ ഇക്കോഡോണിന് 750 രൂപ. കൂടാതെ 4 കിലോ മുതൽ 5 കിലോയോളം ചണനൂൽ ആവശ്യമാണ്. ഇതിന് കിലോയ്ക്ക് 150 രൂപയോളം വരും.