Wed. Jan 22nd, 2025
മുംബൈ:

അടുത്തിടെ കോപ്പൻഹേഗനിൽ സമാപിച്ച ഡാനിഷ് ഓപൺ നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണവും വെള്ളിയും നേടി നടൻ ആർ മാധവന്റെ മകൻ വേദാന്ത് രാജ്യത്തിന്റെ അഭിമാനമായിരുന്നു. പോഡിയത്തിൽ മകൻ മെഡൽ സ്വീകരിക്കുന്നതിന്റെ വിഡിയോ മാധവൻ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ആർ മാധവന്റെ മകൻ എ​ന്ന പേരിൽ അറിയപ്പെടാൻ ആഗ്രഹമില്ലെന്നും സ്വന്തം നിലയിൽ പേരെടുക്കണമെന്നാണ് താൽപര്യമെന്നും വ്യക്തമാക്കുകയാണ് വേദാന്ത് ഇപ്പോൾ.

പിതാവിന്റെ നിഴലിൽ ജീവിക്കാൻ താൽപര്യമില്ലെന്നും വേദാന്ത് തുറന്നുപറഞ്ഞു.’അച്ഛന്റെ നിഴലിൽ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സ്വന്തമായി പേര് സമ്പാദിക്കാൻ ഞാൻ താൽപര്യപ്പെടുന്നു. വെറും ആർ മാധവന്റെ മകനാകാൻ ആഗ്രഹമില്ല’- വേദാന്ത് പറഞ്ഞു.

വേദാന്തിന്റെ പരിശീലനത്തിനും മറ്റുമായി ദുബൈയിലേക്ക് താമസം മാറിയ മാതാപിതാക്കളുടെ ത്യാഗങ്ങളെയും വേദാന്ത് അനുസ്മരിച്ചു. വേദാന്തിന്റെ ഒളിമ്പിക്സ് തയാറെടുപ്പുകളുടെ ഭാഗമായാണ് മാധവനും കുടുംബവും ദുബൈയിലേക്ക് താമസം മാറിയത്. 8:17:28 സമയം കൊണ്ട് ഫിനിഷ് ചെയ്താണ് 800 മീ നീന്തലിൽ വേദാന്ത് സ്വർണം നേടിയത്. വെള്ളി നേടിയ സമയത്ത് സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ വേദാന്തിന്റെ പരിശീലകന് മാധവൻ നന്ദി അറിയിച്ചിരുന്നു.