കൊച്ചി:
ജോൺ പോളിന്റെ നിര്യാണത്തോടെ സാംസ്കാരിക കേരളത്തിന് നഷ്ടമായത് ‘ജാടകളില്ലാത്ത സിനിമ’ക്കാരനെ. സിനിമ ലോകത്തെ അതുല്യപ്രതിഭയായിട്ട് പോലും വിനയവും സൗമ്യതയും വിടാതെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടലുകൾ.
ഏത് പ്രായപരിധിയിലുള്ളവർക്കും ജോൺ പോൾ എന്നും സുഹൃത്തായിരുന്നു. സിനിമയെക്കുറിച്ച സംശയങ്ങൾ ദൂരീകരിക്കുന്ന വിജ്ഞാനകോശമായിരുന്നു. സിനിമ, മാധ്യമരംഗത്തെ പുതുതലമുറക്കാർക്കും വിദ്യാർഥികൾക്കും മാത്രമല്ല, ഇരുത്തംവന്ന പ്രഗല്ഭ സിനിമ പ്രവർത്തകർക്കുപോലും അദ്ദേഹം ഗുരുവായിരുന്നു.
പുതുതലമുറ സിനിമക്കാരെ ഒരിക്കലും ജോൺ പോൾ തള്ളിപ്പറഞ്ഞില്ല. അതേസമയം, കാലഭേദമില്ലാതെ സിനിമയിലെ പരസ്പരബന്ധങ്ങളുടെ ഇഴയടുപ്പം കുറഞ്ഞുവരുന്നുവെന്ന സത്യം വെട്ടിത്തുറന്ന് പറയാൻ മടികാട്ടിയുമില്ല.
വ്യത്യസ്തധ്രുവങ്ങളിൽ പോയിരുന്ന സമാന്തര-വാണിജ്യ സിനിമകളുടെ സമന്വയത്തിന് പ്രധാന കാരണമായി മാറിയത് അദ്ദേഹത്തിന്റെ തിരക്കഥകളാണ്. വാണിജ്യസിനിമക്ക് പുതിയ രസം നൽകിയ എഴുത്തുകാരൻ എന്നാണ് ജോൺ പോളിനെക്കുറിച്ച് പറയാറുള്ളത്.