Sun. Dec 22nd, 2024

20000 കോടിയുടെ വികസനം കൊണ്ടുവന്ന് ജമ്മു കശ്മീരിൽ വികസനത്തിന്റെ പുതിയ ലോകം തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 25 വർഷത്തിനുള്ളിൽ കശ്മീരിന്റെ മുഖച്ഛായ മാറ്റുമെന്നും ജമ്മുവിന്റെ അടിത്തട്ട് വരെ ജനാധിപത്യം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ആർട്ടിക്കിൾ 370 അസാധുവാക്കിയതിനു ശേഷം ആദ്യമായി ജമ്മു കശ്മീ‍രിലെത്തുന്ന പ്രധാനമന്ത്രി, ജമ്മു – ശ്രീനഗർ ദേശീയ പാതയിലെ എട്ടു കിലോമീറ്റർ നീളമുള്ള ബനിഹാൾ- ഖാസികുണ്ട് തുരങ്കം തുറന്നു കൊടുക്കും. പല്ലി ഗ്രാമത്തിൽ എത്തുന്ന പ്രധാനമന്ത്രി പഞ്ചായത്തി രാജ് ദിനത്തിൽ പഞ്ചായത്ത് അംഗങ്ങളെ അഭിസംബോധന ചെയ്യും. ഇതുകൂടാതെ രണ്ടു ജലവൈദ്യുത പദ്ധതികൾക്കും തറക്കല്ലിടുകയും 500 കിലോവാട്ട് സൗരോർജ്ജ പ്ലാൻ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകായും ചെയ്യും. 

ജമ്മു കാശ്മീരിൽ തുടര്‍ച്ചയായി ഉണ്ടാവുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച്  കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.