Wed. Jan 22nd, 2025

ദില്ലി: ഉന്നതവിദ്യാഭ്യാസത്തിന് പാകിസ്ഥാനിലേക്ക് പോകരുതെന്ന് ഇന്ത്യൻ വിദ്യാർത്ഥികളോട് നിർദേശിച്ച് യുജിസിയും എഐസിടിഇയും. പാകിസ്ഥാനിൽ പഠന നടത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ജോലിക്കോ ഉപരിപഠനത്തിനോ അർഹതയുണ്ടാകില്ലെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു. അതേ സമയം ഇന്ത്യയിൽ പൗരത്വം അനുവദിച്ച കുടിയേറ്റക്കാർക്ക് ഈ നിർദേശം ബാധകമല്ല.

“പാകിസ്ഥാനിലെ ഏതെങ്കിലും ഡിഗ്രി കോളേജിൽ/വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും / ഇന്ത്യയിലെ വിദേശ പൗരനും പാകിസ്ഥാനിൽ ഏത് വിഷയത്തിലും നേടിയ അത്തരം വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ജോലിയോ ഉപരിപഠനമോ തേടുന്നതിന് യോഗ്യനല്ല.” എന്നാണ് സംയുക്ത പ്രസ്താവനയിൽ പറയുന്നത്. 

പാകിസ്ഥാനിൽ നിന്ന് ഉന്നത വിദ്യാഭ്യാസ ബിരുദം നേടിയവരും ഇന്ത്യ പൗരത്വം നൽകിയവരുമായ കുടിയേറ്റക്കാർക്കും അവരുടെ കുട്ടികൾക്കും ഈ നിർദേശം ബാധകമാവില്ല. ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് സുരക്ഷാ ക്ലിയറൻസ് ലഭിച്ചാൽ ഇവർക്ക് ഇന്ത്യയിൽ ജോലി തേടാൻ കഴിയും.  

ഇന്ത്യൻ നിയമങ്ങളുമായി യോജിക്കാത്ത, സ്ഥാപനങ്ങളിലേക്കും രാജ്യങ്ങളിലേക്കും വിദ്യാഭ്യാസത്തിനായി പോകരുതെന്ന കാര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ബോധ്യമുള്ളവരാകണം. ഇന്ത്യയിൽ തുല്യതയില്ലാത്ത ഏതെങ്കിലും ഉപരിപഠനത്തിനായി മാതാപിതാക്കളും വിദ്യാർത്ഥികളും പണം പാഴാക്കരുത്. ഇതിനാലാണ് ഇത്തരമൊരു നിർദ്ദേശം പുറത്തിറക്കിയതെന്നാണ് എഐസിടിഇ ചെയർപേഴ്‌സൺ അനിൽ സഹസ്രബുദ്ധെ പറയുന്നത്.

രാജ്യത്തിന് പുറത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ താൽപര്യം മുൻനിർത്തിയാണ് യുജിസിയും എഐസിടിഇയും ഇത്തരം പൊതു അറിയിപ്പുകൾ പുറപ്പെടുവിക്കുന്നതെന്ന് യുജിസി ചെയർപേഴ്സൺ എം ജഗദേഷ് കുമാർ വ്യക്തമാക്കി. അടുത്ത കാലത്തായി ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം തുടരാൻ വിദേശ രാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിയാത്തതിനാൽ ഏതൊക്കെ രീതിയിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നുവെന്ന്  നേരിട്ടറിഞ്ഞതായും അദ്ദേഹം പറഞ്ഞു.