Wed. Jan 22nd, 2025
ബോവിക്കാനം:

മന്ത്രിയുടെ അന്ത്യശാസനവും ഫലിച്ചില്ല; ഒന്നര വർഷം മുൻപ് തറക്കല്ലിട്ട എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഇപ്പോഴും കടലാസിൽ തന്നെ. ഏറ്റവും ഒടുവിൽ, കഴിഞ്ഞ 7നു മുൻപ് നിർമാണം തുടങ്ങണമെന്ന് എൻഡോസൾഫാൻ‌ ദുരിതബാധിത പുനരധിവാസ സെൽ ചെയർമാൻ കൂടിയായ മന്ത്രി എം വി ഗോവിന്ദൻ നിർദേശിച്ചെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും പണി തുടങ്ങിയില്ല.

ജില്ലയിലെ നൂറുകണക്കിനു എൻഡോസൾഫാൻ ദുരിതബാധിതരുടെയും അവരുടെ കുടുംബങ്ങളുടെയും പ്രതീക്ഷയായിരുന്ന പദ്ധതിയാണ് നീളുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുളിയാർ പഞ്ചായത്തിലെ മുതലപ്പാറയിലെ 25 ഏക്കർ സ്ഥലത്താണ് പുനരധിവാസഗ്രാമത്തിന്റെ തറക്കല്ലിട്ടത്. 2020 ജൂലൈ 4ന് മന്ത്രിയായിരുന്ന കെ കെ ശൈലജ വിഡിയോ കോൺഫറൻസിലൂടെയാണ് തറക്കല്ലിടൽ ഉദ്ഘാടനം ചെയ്തത്.

10 മാസത്തിനുള്ളിൽ ആദ്യഘട്ട നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കാസർകോട് വികസന പാക്കേജിൽ നിന്ന് 5 കോടി രൂപ ഇതിനായി അനുവദിക്കുകയും ചെയ്തിരുന്നു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെയാണ് നിർമാണം ഏൽപിച്ചത്.

അവരുമായി കരാർ ഒപ്പുവയ്ക്കുകയും ചെയ്തു. പക്ഷേ ഇതുവരെയായിട്ടും ഒന്നും നടന്നില്ല. പിന്നീട് പലതവണ പണി തുടങ്ങുന്ന തീയതി മാറിക്കൊണ്ടിരുന്നെങ്കിലും അതെല്ലാം വെള്ളത്തിലെ വര പോലെയായി.

കഴിഞ്ഞ എൻഡോസൾഫാൻ ദുരിതബാധിത പുനരധിവാസ സെൽ യോഗത്തിൽ, ഏഴിനു മുൻപ് പണി തുടങ്ങാൻ മന്ത്രി എം വി ഗോവിന്ദൻ നിർദേശിക്കുകയും സെൽ യോഗത്തിന്റെ തീരുമാനമായി രേഖപ്പെടുത്തുകയും ചെയ്തതാണ്.
പക്ഷേ അതിന്റെ ഗതിയും പഴയതു തന്നെ. ദുരിതബാധിതർക്കുള്ള കെയർ ഹോം, ഫിസിയോ തെറപ്പി മുറികൾ, ക്ലാസ് മുറികൾ, നൈപുണ്യ വികസന കേന്ദ്രം, പരിശോധന മുറികൾ, താമസ സൗകര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നതായിരുന്നു പുനരധിവാസ ഗ്രാമം.

58 കോടി രൂപയാണ് മൊത്തം ചെലവ് കണക്കാക്കിയത്. 3 ഘട്ടമായിട്ടാണ് നിർമാണം വിഭാവനം ചെയ്തത്. തങ്ങളുടെ കാലത്തിനു ശേഷം ദുരിതബാധിതരായ മക്കളെ ആര് നോക്കുമെന്ന നൂറുകണക്കിനു മാതാപിതാക്കളുടെ ചോദ്യത്തിനും ആശങ്കയ്ക്കുമുള്ള ഉത്തരമായിട്ടാണ് അവർ പുനരധിവാസ ഗ്രാമത്തെ കണ്ടത്. പ്ലാന്റേഷൻ കോർപറേഷനിൽ നിന്നു 25 ഏക്കർ ഭൂമി കൈമാറിയിട്ടും നിർമാണം തുടങ്ങാതെ ഉരുണ്ടുകളിക്കുന്നതിന്റെ ഔചിത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്.