Mon. Dec 23rd, 2024
കാസർകോട്‌ :

നമ്മുടെ നാടും തോടും പുഴകളും സംരക്ഷിക്കാൻ ഇനി തെളിനീരൊഴുകും കേരളം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ ഹരിത കേരള മിഷനും ശുചിത്വമിഷനും നടപ്പാക്കിയ ‘ഇനി ഞാൻ ഒഴുകട്ടെ’ നീർച്ചാൽ പുനർജീവനപദ്ധതിയുടെ തുടർച്ചയായാണ്‌ മഴക്കാലത്തിന്‌മുമ്പ്‌ ജല സംരക്ഷണ പദ്ധതി നടപ്പാക്കുന്നത്‌.

ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയിൽ ജില്ലയിൽ 476 കിലോമീറ്റർ നീർചാലുകളാണ്‌ ജനപങ്കാളിത്തത്തോടെ പുനർജീവിപ്പിച്ചത്‌.അതിനൊപ്പം തടയണകളും മറ്റും നിർമിച്ചപ്പോൾ ജില്ലയിൽ ഭൂഗർഭ ജല പരിധി ഉയർന്നു. അതിതീവ്ര മഴയുണ്ടായിട്ടും കഴിഞ്ഞവർഷം തെക്കൽ ജില്ലകളിൽ പ്രളയം ഉണ്ടാകാതിരിക്കാൻ കാരണവും സംസ്ഥാനത്താകെ നടത്തിയ ജല സംരക്ഷണപ്രവർത്തനമായിരുന്നു.

ഈ പദ്ധതിയും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനപങ്കാളിത്തത്തോടെയാണ്‌ നടപ്പാക്കുന്നത്‌. അതിനായി വാർഡ്‌തലം വരെ ജലസമിതികൾ നിലവിൽ വരും. 24 മുതൽ 28വരെയുള്ള ദിവസങ്ങളിൽ വാർഡ്‌ ജലസമിതികൾ ചേർന്നു ഒരോ പ്രദേശത്തും സംരക്ഷിക്കേണ്ട ജലസ്രോതസുകൾ ഏതെന്ന്‌ തീരുമാനിക്കും.

മെയ്‌ 4 മുതൽ 8വരെ ആ ജല സ്രോതസുകളിലൂടെയും അതിന്റെ കരയിലൂടെയും ജനപ്രതിനിധികളും  സാംസ്‌കാരിക പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും നടന്ന്‌ തൽസ്ഥിതി പഠിച്ചു രേഖപ്പെടുത്തും. കൂടുതൽ ശ്രദ്ധവേണ്ടയിടം, മാലിനമാകുന്ന പ്രദേശം, ജലത്തിന്റെ ഗുണനിലവാരം എന്നിവയൊക്കെ രേഖയാക്കും. വെള്ളത്തിന്റെ ഗുണ നിലവാരം പരിശോധിക്കാൻ ഒരോ വാർഡിലും നാല്‌ വീതം കിറ്റ്‌ നൽകുന്നുണ്ട്‌.

ശുചീകരണത്തിന്‌ മുമ്പും ശേഷവുമുള്ള വെള്ളത്തിന്റെ ഗുണം അറിയാനാണിത്‌ ഉപയോഗിക്കുക. തുടർന്ന്‌ മെയ്‌ 14, 15 തീയതികളിൽ ജനകീയ പങ്കാളിത്തത്തോടെ സമ്പൂർണ ശുചീകരണം യജഞം നടത്തും. അതിൽ നിന്ന്‌ ലഭിക്കുന്ന  ലയിക്കുന്ന മാലിന്യം നീർച്ചാലിൽ വീണ്ടും എത്താത്ത രീതിയിൽ 20 മീറ്ററിനപ്പുറം സംസ്‌കരിക്കും. പ്ലാസ്‌റ്റിക്‌ ഹരിതകർമസേന ഏറ്റെടുക്കും. 18ഓടെ മാലിന്യ സംസ്‌കരണ പ്രവർത്തനം പൂർത്തിയാക്കും.