“പ്രതിപക്ഷമോ ഭരണപക്ഷമോ എന്നില്ലാതെ എല്ലാവരും വികസനം വികസനം എന്ന് തന്നെയാണ് പറയുന്നത്, പക്ഷെ ഞങ്ങൾക്ക് വികസനം എന്ന് പറയുന്നത് തന്നെ പേടിയാണ്. വികസനം വരുമ്പോൾ കിടപ്പാടം പോകുമെന്നുറപ്പാണ്. ഒരു ആയുഷ്ക്കാലം അധ്വാനിച്ച് പണിത വീടാണ് നിസാര കാര്യത്തിന് വേണ്ടി, വേറൊരാളെ പരിപോഷിക്കാൻ വേണ്ടി വിട്ടു നൽകുന്നത്. ഞങ്ങൾ ഇവിടെ ഒന്നിനും എതിരല്ല. പക്ഷെ ഞങ്ങൾക്ക് വികസനം ഇപ്പോൾ പേടിയാണ്.”
മഞ്ഞുമ്മൽ സ്വദേശിയായ വിപി വിൽസന്റെ അഭിപ്രായം മാത്രമല്ലിത്, പതിനാല് വർഷം മുൻപ് വല്ലാർപാടം കണ്ടെയ്‌നറിന്റെ പേരിൽ കുടിയിറക്കപ്പെട്ട മുഴുവൻ പേരുടേതുമായിരുന്നു. വികസനത്തിന് വേണ്ടി കിടപ്പാടം നൽകിയ അവരിൽ പലർക്കും ഇന്നും സ്വന്തമായി ഒരു വീടില്ല. ഇനി വീടുള്ള മറ്റു ചിലരാകട്ടെ ലോണും കടങ്ങളും കാരണം ജീവിതം വഴിമുട്ടി നിൽക്കുകയാണ്. സർക്കാർ നൽകിയ വാഗ്ദാനങ്ങളും പാക്കേജുകളുമെല്ലാം അപ്പോഴും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി പോവുകയും ചെയ്തു.
2005 ലായിരുന്നു ബിഒടി പ്രൊജക്ടായ ഇന്റർനാഷണൽ കണ്ടെയ്നർ ട്രാന്സിഷണൽ ടെർമിനലിന്റെ റോഡിനും റെയിലിനുമായുള്ള സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് പ്രകാരം മൂലമ്പിളി, മുളവ്കാട്, ചേരാനല്ലൂർ, ഏലൂർ, ഇടപ്പള്ളി, കളമശ്ശേരി, കടുങ്ങല്ലുർ എന്നീ ഏഴ് പഞ്ചായത്തിൽ നിന്നായി 316 കുടുംബങ്ങളെയായിരുന്നു കുടിയൊഴിപ്പിക്കാൻ തീരുമാനിച്ചത്. ഭൂമി സർക്കാരിന്റെതാണെന്നും, അതിനാൽ സർക്കാരിന് ഭൂമി ആവശ്യമുണ്ടെങ്കിൽ അറിയിപ്പ് നൽകിയ ശേഷം നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാമെന്നും അനുശാസിക്കുന്ന 1894 ലെ പൊന്നുംവില നിയമപ്രകാരമായിരുന്നു ഭൂമി ഏറ്റെടുത്തിരുന്നത്. ഇതനുസരിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് പകരമായി മറ്റൊരു സ്ഥലമോ, മറ്റൊരു പുനരധിവാസമോ നൽകില്ലായിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങൾ എല്ലാം പദ്ധതിയെ എതിർത്തു. പക്ഷെ 2008 ഫെബ്രുവരി 6 ന് ബലമായി മൂലമ്പള്ളി പഞ്ചായത്തിലെ വീടുകൾ പൊളിച്ചടുക്കി.
“പൊളിച്ചു നീക്കിയ വീടുകളുടെ ഉടമസ്ഥർ ആരും തന്നെ സർക്കാരിന് ഭൂമി വിട്ടു നല്കിയവരോ, സമ്മതപത്രം ഒപ്പിട്ടു നല്കിയവരോ ആയിരുന്നില്ല. സർക്കാർ പ്രഖ്യാപിച്ച നാമമാത്രമായ നഷ്ടപരിഹാര തുകയും അവർ കൈപ്പറ്റിയിരുന്നില്ല. എന്നിട്ടും അവരുടെ വീട് സർക്കാർ ബലമായി ഏറ്റെടുക്കുകയായിരുന്നു. കേരളത്തിന്റെ സ്ഥലമേറ്റെടുപ്പ് ചരിത്രത്തിലാദ്യമായി സർവേ നടത്തുവാനായി പോലീസ് റൂട്ട് മാർച്ച് ഉപയോഗിച്ചതും ഇവിടെയായിരുന്നു,” മൂലമ്പള്ളി കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ പറയുന്നു.
മൂലമ്പിള്ളിയിലെ സെലെസ്റ്റീന്‍ മാസ്റ്ററുടെ വീടായിരുന്നു ആദ്യം പൊളിച്ചത്. ഇവിടത്തെ വീടുകൾ ഇടിച്ചു നിരത്തുന്നത് കണ്ടതോടെയാണ് മറ്റു പഞ്ചായത്തിലെയും ആളുകൾക്ക് വിഷയത്തിന്റെ ഗൗരവം മനസിലാവുന്നത്. സർക്കാർ പ്രഖ്യാപിച്ച തുച്ഛമായ നഷ്ടപരിഹാരം കൊണ്ട് യാതൊന്നും ചെയ്യാൻ കഴിയില്ലെന്ന് കൂടെ ബോധ്യമായതോടെ ആളുകൾ സമരത്തിനിറങ്ങുകയായിരുന്നു.
“ഭൂമി ഏറ്റെടുക്കാനുള്ള കല്ല് കൊണ്ടുവന്നപ്പോൾ ഞങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല. ഒരാൾ തോളിൽ വെച്ച് കൊണ്ടുവരികയായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ, ഞങ്ങൾക്ക് വഴിയുണ്ടാക്കാനാണെന്ന് അവർ പറഞ്ഞു. ശരിയെന്ന് ഞങ്ങളും പറഞ്ഞു. പിന്നെ മൂലമ്പിള്ളിയിൽ വീട് ഇടിച്ചു പൊളിച്ചപ്പോഴാണ് എല്ലാവര്ക്കും ചൂട് വന്നത്,” മഞ്ഞമ്മലിൽ വീടും സ്ഥലവും എടുത്തു പോയതിനാൽ ഇപ്പോൾ മകളുടെ വീട്ടിൽ കഴിയുന്ന രമണി റാഫേൽ ഓർത്തെടുത്തു.
തല്ഫലമായി ഉണ്ടായി വന്ന ഏഴ് പഞ്ചായത്തിലുമുള്ള സമരകമ്മിറ്റികളെ ഏകീകരിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നത് അങ്ങനെയാണ്. കൗൺസിലിന്റെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫിസിലേക്ക് മാർച്ച് നടത്തി. എന്നാൽ മേനകയുടെ മുൻപിൽ മാർച്ച് തടഞ്ഞതോടെ അവിടെ തന്നെ സമരം ചെയ്യാൻ ആരംഭിച്ചു. ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായിരുന്നു മഹാശ്വേതാ ദേവി, മെത്രാന്മാർ അങ്ങനെ നിരവധി പേർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ നാല്പത്തിയഞ്ച് ദിവസം നീണ്ടു നിന്ന സമരത്തിനൊടുവിലാണ് 2008 മാർച്ച് 19ന്, കോടതി മൂലമ്പിളി പാക്കേജ് പ്രഖ്യാപിക്കുന്നത്. അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി ഹരൻ അന്നത്തെ ഗവർണറിനു വേണ്ടി ഒപ്പിട്ട ഒരു ഗവണ്മെന്റ് ഉത്തരവായിരുന്നു ഈ പാക്കേജ്. ഇതിലെ വാഗ്ദാനങ്ങൾ കേട്ടതോടെയാണ് സമരം അവസാനിപ്പിച്ച് ഭൂമി വിട്ടുനൽകാൻ എല്ലാവരും സമ്മതിക്കുന്നത്.
നഷ്ടപരിഹാര തുകയെ കൂടാതെ അഞ്ച് സെന്റിന് താഴേക്ക് ഭൂമിയുള്ളവർക്ക് അഞ്ച് സെന്റും, അതിനു മേലേക്ക് ആറ് സെന്റും വീട് വെക്കാന്‍ അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ഭൂമിയായിരുന്നു പാക്കേജിലെ ഒരു പ്രഖ്യാപനം. എന്നാൽ ഇത്രയും ആളുകൾക്ക് നൽകാനുള്ള ഭൂമി ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്ന് കടമക്കുടി വില്ലജ് ഒഴിച്ച് മറ്റെല്ലായിടത്തും നാല് സെന്റ് ആക്കി. ഇരുപത് സെന്റോളം ഭൂമി നഷ്ടമായവർക്കും ലഭിച്ചത് ആറ് സെന്റായിരുന്നു.
ഏഴ് സ്ഥലങ്ങളിലായി അനുവദിച്ചു നൽകിയ പുനരധിവാസ ഭൂമിയിലും പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കാക്കനാട് തുതിയൂരിലെ ആദർശ് നഗറിൽ റെയിൽവേയ്ക്കായി ഏറ്റെടുത്ത സ്ഥലങ്ങളിൽ നിന്നുള്ളവർക്കുൾപ്പെടെ 56 കുടുംബങ്ങൾക്കായിരുന്നു വീടിനുള്ള സ്ഥലം കൊടുത്തിരുന്നത്. എന്നാൽ ഇവിടെ മൂന്നു വീടുകൾ മാത്രമാണ് നിലവിലുള്ളത്. ചതുപ്പുനിലമായ ഇവിടെ ആദ്യം വെച്ച രണ്ടു വീടിനും ചരിവും വിള്ളലും വന്ന് നിലംപൊത്താറായ നിലയിലാണ്. ഈ രണ്ടു വീട്ടുകാരും ഇത് സംബന്ധിച്ച് കോടതിയിൽ കേസ് നടത്തുകയാണിപ്പോൾ.
“സുരക്ഷിതമായി വീട് പണിത് താമസിക്കാൻ പറ്റിയ സ്ഥലമല്ല തൂത്തിയൂരിലേതെന്ന് കാണിച്ച് പിഡബ്ലിയൂഡിയിലെ ഉദ്യോഗസ്ഥർ നൽകിയ സർട്ടിഫിക്കറ്റ് കളക്ടറുടെ ഫയലിലുണ്ട്. ഞങ്ങൾ നേരിട്ട് പോയി സന്ദർശിച്ച സ്ഥലമാണത്. അതൊട്ടും വാസയോഗ്യമല്ല.” മഹാരാജാസ് മുൻ പ്രിൻസിപ്പലും കമ്മീഷൻ അംഗവുമായ പ്രൊഫ. കെ. അരവിന്ദാക്ഷൻ പറഞ്ഞു.
നല്ല ഭൂമിയല്ലെന്ന് അറിഞ്ഞിട്ടും, പുതിയൊരു സ്ഥലം വാങ്ങാനോ, വാടക കൊടുത്ത് താമസിക്കാനോ കഴിയാതെ വന്നതോടെയാണ് മറ്റൊരു കുടുംബം കഴിഞ്ഞ വര്ഷം തൂതിയൂരിൽ താമസിച്ചത്. മഴ പെയ്യുന്നതോടെ വെള്ളം നിറയുന്ന, തോട്ടിൽ നിന്നും മലിന ജലം ഒഴുകുന്ന, ഇഴജന്തുക്കളുടെ ശല്യമുള്ള ഈ പറമ്പിൽ ഇപ്പോഴും പേടിയോടെയാണ് ജീവിക്കുന്നതെന്ന് ഇവർ പറയുന്നു. “ഈ അടുത്തുള്ള തോട്ടിൽ നിന്നും മലിനജലത്തിന്റെ മണമാണ്. മഴ പെയ്താൽ ഈ വെള്ളം മുഴുവൻ പറമ്പിലെത്തും. പാമ്പുമൊക്കെ മുറ്റത്തുണ്ടാവും. തോട്ടിലെ വെള്ളം തള്ളി മതിൽ ഇടിയുമോ എന്ന പേടിയുമുണ്ടായിരുന്നു. കഴിഞ്ഞ വട്ടം വെള്ളം കയറിയപ്പോൾ മകളുടെ വീട്ടിൽ പോയി നിൽക്കേണ്ടി വന്നു. അത്പോലെ ഒരു കിണർ കുഴിക്കാനോ, വേസ്റ്റ് കുഴി കുത്താനോ, ഒരു ചെടി നടാനോ കൂടെ ഇവിടെ സാധിക്കില്ല. മറ്റൊരു വഴി ഇല്ലാത്തതിനാൽ പേടിച്ചിട്ട് താമസിക്കുകയാണിവിടെ.” ആദർശ് നഗറിൽ താമസിക്കുന്ന സുബൈദ നസീർ പറയുന്നു.
തുതിയൂരിയിൽ തന്നെ ഇന്ദിരാനഗറിലും പുനരധിവാസ ഭൂമി അനുവദിച്ചിരുന്നു. ഇവിടെ ആകെ രണ്ട് കുടുംബങ്ങൾ മാത്രമാണ് വീട് വച്ചിരിക്കുന്നത്. നഗരത്തിൽ നിന്നും അല്പം ദൂരെയുള്ള ഈ പ്രദേശത്തേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണെന്നാണ് പലരും പറയുന്നത്. “വർക്ക് ഷോപ്പിലായിരുന്നു എന്റെ ഭർത്താവ് ജോലി ചെയ്തിരുന്നത്. പിന്നെ ഇവിടെ വന്നതിനു ശേഷം പണിക്ക് പോവാൻ കഴിയാതെയായി. പണിക്ക് പോയാൽ രാത്രി ആവും എത്താൻ. ആ സമയത്ത് ഇവിടേക്ക് എത്താൻ ഒരു വണ്ടിയുമുണ്ടാവില്ല. അല്ലെങ്കിൽ കാക്കനാട് നിന്നും ഓട്ടോ കയറിയാൽ നൂറ് രൂപ കൊടുക്കണം. അതിനുള്ള കൂലി കൂടെ നമുക്ക് കിട്ടണ്ടേ?” ഇന്ദിര നഗറിൽ വീട് വെച്ച മേരി സേവ്യർ തങ്ങളുടെ അവസ്ഥ പറഞ്ഞു.
ചതുപ്പു നിലമായതിനാൽ തന്നെ മഴ പെയ്താൽ ഈ പറമ്പിലും വെള്ളം കെട്ടി നിൽക്കാറുണ്ട്. കൂടാതെ നാല് ദിവസം കൂടുമ്പോൾ മാത്രമേ ഇവിടെ പൈപ്പിൽ വെള്ളവും വരാറുള്ളൂ. യാത്ര ബുദ്ധിമുട്ടിനോടൊപ്പം ഇതും പല ആളുകളുടെയും വിമുഖതയ്ക്ക് കാരണമായി. പലർക്കും ഇവിടെ ഭൂമി അനുവദിച്ചുകൊണ്ടുള്ള പട്ടയം നൽകിയിട്ടുണ്ടെങ്കിലും, ഭൂമി ഏതാണെന്ന് കൃത്യമായി അളന്നു തിരിച്ചു കൊടുത്തിട്ടില്ല എന്നും ചിലർ പരാതിപ്പെടുന്നുണ്ട്.
മൂലമ്പിളിയിൽ നിന്നും കുടിയൊഴിക്കപ്പെട്ട 22 വീട്ടുകാർക്ക് അനുവദിച്ചിട്ടുള്ള മൂലമ്പിള്ളിയിലെ ഭൂമിയിൽ പതിമൂന്നു വീട്ടുക്കാർ മാത്രമാണ് വീട് വെച്ചിട്ടുള്ളത്. ഈ വീടുകളിലേക്കുള്ള വഴി രണ്ടു മാസം മുൻപാണ് ഗതാഗത യോഗ്യമാക്കിയത്. “ഇവിടെ നിന്നും പുറത്തേക്ക് പോകാനും വരാനുമായി നാലു കാലിൽ വലിഞ്ഞുകയറേണ്ട അവസ്ഥയായിരുന്നു. എത്രയോ വട്ടം റോഡ് ശരിയാക്കി തരണമെന്ന് കാണിച്ച് കളക്ടർക്ക് അപേക്ഷ കൊടുത്തു. പഞ്ചായത്തിലും നിരവധി തവണ പറഞ്ഞിട്ടുണ്ട്. എന്നിട്ടും രക്ഷയുണ്ടായില്ല. സർക്കാരിന്റെ ഒരു ആനുകൂല്യവും ഞങ്ങൾക്ക് തരില്ലായിരുന്നു. ഒടുക്കം ബ്ലോക്ക് മെമ്പറെ വീട്ടിൽ പോയി കണ്ട്, കാലുപിടിച്ച് അവർ ഒരു ഫണ്ട് കണ്ടെത്തിയിട്ടാണ് ഈ റോഡ് ഇങ്ങനെയായത്.” ഇവിടത്തെ താമസക്കാരനായ ജോൺസൻ കെ.എൽ പറഞ്ഞു.
44 കുടുംങ്ങൾക്കനുവദിച്ച മറ്റൊരു പുനരധിവാസ ഭൂമിയായ കോതാടിലും കുറച്ച് കുടുംബങ്ങൾ മാത്രമേ വീട് വെച്ച് താമസിച്ചിട്ടുള്ളു. പലയിടത്തായി ഏതാണ്ടെല്ലാവർക്കും പട്ടയം ലഭിച്ചെങ്കിലും അധികപേർക്കും വീട് വയ്ക്കാനുള്ള പണമില്ലാത്തതാണ് പ്രശ്നമായി പറയുന്നത്. അതാത് സ്ഥലത്ത് സർക്കാർ നിശ്ചയിച്ച വിലയോടൊപ്പം അതിന്റെ നിശ്ചിത ശതമാനം കൂടുതലും മാത്രമേ കുടിയൊഴിക്കപ്പെട്ടവർക്ക് നൽകിയിട്ടുള്ളൂ. വീടിന്റെ പഴക്കം അനുസരിച്ചുള്ള ചെറിയ തുകയും നഷ്ടപരിഹാരത്തിനൊപ്പം നല്കിയിരുന്നു. എന്നാൽ ഈ തുക പുതിയൊരു വീട് നിർമ്മിക്കാൻ കഴിയില്ല എന്നാണ് എല്ലാവരും പറയുന്നത്.
“17000 sq. ഫീറ്റ് വലിപ്പമുള്ള വലിയ വീടായിരുന്നു. ആ വീടും സ്ഥലവും റോഡിനു വിട്ടുകൊടുത്തിട്ട് ആകെ കിട്ടിയത് അഞ്ചര ലക്ഷം രൂപയാണ്. നാലര ലക്ഷം രൂപ ഭൂമി വിലയും, ഒരു ലക്ഷം രൂപ വീടിനുമാണ് അനുവദിച്ചത്. ആ തുക കൊണ്ട് വീട് വയ്ക്കാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. അപ്പോം അത് പോരാന്ന് പറഞ്ഞ് ഞാൻ കോടതിയെ സമീപിച്ചു. കോടതിയിൽ പോയെന്ന ഒറ്റ കാരണം കൊണ്ട് പുനരധിവസ പാക്കേജിൽ എന്നെ ഉൾപ്പെടുത്തിയില്ല.” കോതാട് താമസിക്കുന്ന പിടി ഫ്രാൻസിസ് പറയുന്നു. ഇത്തരത്തിൽ കോടതിയിൽ പോയ മറ്റു രണ്ടു മൂന്ന് പേരെ കൂടെ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ല. സെന്റിന് തുച്ഛമായ വില കണക്കാക്കിയത് മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടിട്ടും ഒന്നര ലക്ഷം രൂപ മാത്രം ലഭിച്ചവരുമുണ്ട്.
“അന്ന് ഞങ്ങളുടെ വീട് നിന്ന ഭൂമിക്കെല്ലാം വിലകുറവായിരുന്നു. ആ കാലത്തെ വില സ്ഥലത്തിന് നിശ്ചയിച്ച് ഒന്നര വർഷം കഴിഞ്ഞതിനു ശേഷമാണ് സർക്കാരിൽ നിന്നും പണം കിട്ടുന്നത്. ഈ ഒന്നര വർഷത്തിനുള്ളിൽ ഇവിടെ ഭൂമിക്കും സാധനങ്ങൾക്കും എല്ലാം വില കൂടി. ഇന്നത്തെ സാഹചര്യമനുസരിച്ച് ഒരു സെന്റ് സ്ഥലം വാങ്ങാനോ, ഒരു തറ കെട്ടാനോ ഉള്ള പണം പോലും ഞങ്ങൾക്ക് വീടിനു കിട്ടിയിട്ടില്ല.” മൂലമ്പിളിയിൽ നിന്ന് വീട് നഷ്ടപ്പെട്ട സലോമി സാർത്തോ പറയുന്നു. പുനരധിവാസ ഭൂമിയായി ലഭിച്ച കോതാടിൽ നഷ്ടപരിഹാര തുക കൊണ്ട് വീടുണ്ടാക്കാൻ ശ്രമിച്ച ഗോപിയുടെ വീട് ഇപ്പോഴും പകുതിയേ പണിതിട്ടുള്ളു. ഗോപിയുടെ കുടുംബം വാടക വീടുകളിൽ മാറി മാറി താമസിക്കുമ്പോൾ, കാടു മൂടി കിടക്കുകയാണ് കോതാടിലെ പൂർത്തിയാകാത്ത കെട്ടിടം.
വീടിന്റെ ആധാരം ബാങ്കിൽ പണയം വച്ചവർക്കും, ലോണുകൾ എടുത്തവർക്കുമെല്ലാം ലഭിച്ച നഷ്ടപരിഹാര തുക ബാങ്കിൽ അടച്ചു തീർക്കാൻ മാത്രമേ തികഞ്ഞുള്ളു. ബാങ്കിലെ കടം വീടിയെങ്കിലും, സ്വന്തമായി വീട് വയ്ക്കാൻ കഴിയാതെ വാടകവീട്ടിൽ കഴിയുകയാണ് പലരും. കൂട്ടുകുടുംബമായി താമസിച്ചവരുടെയും സ്ഥിതി വ്യത്യസ്തമല്ല. “സൊസൈറ്റിയിൽ നാലര ലക്ഷം രൂപ കടമുണ്ടായിരുന്നു. വീട് എല്ലാവരുടേതുമായതിനാൽ കിട്ടിയതിൽ ബാക്കി
പൈസ വീതം വെച്ചും കൊടുക്കണമായിരുന്നു. പിന്നെ കൂട്ടുകുടുംബമാണെങ്കിൽ കുടുംബത്തിൽ ഒരാൾക്ക് മാത്രമേ സ്ഥലം അനുവദിക്കൂവെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഞങ്ങൾക്ക് സ്ഥലം കിട്ടി. അനിയനും കുടുംബവും സ്ഥലം കൊടുത്തു ബാക്കിവന്ന അര സെന്റിൽ ഷെഡ് കെട്ടിയാണ് ഇപ്പോഴും കഴിയുന്നത്.” മഞ്ഞമ്മലിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട് ഇപ്പോൾ കോതാട് താമസിക്കുന്ന മേരി ജോസഫ് പറയുന്നു.
നഷ്ടപരിഹാരമായി ലഭിക്കുന്ന തുകയിൽ നിന്നും നികുതി പിടിക്കില്ലെന്ന് മൂലമ്പിള്ളി പാക്കേജിൽ പറഞ്ഞിരുന്നുവെങ്കിലും, എല്ലാവരിൽ നിന്നും നികുതി പിടിച്ചിട്ടുണ്ട്. ഇതിൽ ചിലർക്ക് മാത്രം പിന്നീട് ഇത് തിരികെ നൽകിയിട്ടുണ്ട്. എല്ലാം കഴിഞ്ഞു കിട്ടുന്ന നഷ്ടപരിഹാര തുക കൊണ്ട് അനുവദിച്ച പുനരധിവാസ ഭൂമിയിൽ പൈലിങ് നടത്താൻ മാത്രമേ കഴിയൂവെന്നാണ് എല്ലാവരും പറയുന്നത്. 75000 രൂപ പൈലിങ്ങിനായി മൂലമ്പിളി പാക്കേജിൽ സർക്കാർ പ്രഖ്യാപിച്ചത്. വീട് വച്ച മുഴുവൻ പേർക്കും ഈ തുക നൽകിയെങ്കിലും ഇത് ഒന്നിനും തികയില്ല എന്നതാണ് സത്യാവസ്ഥ. പുനരധിവാസ ഭൂമി ചതുപ്പ് നിലമായതിനാൽ പൈലിങിന് ബലമില്ലെങ്കിൽ തൂത്തിയൂരിലെ വീടുകൾ പോലെ ചരിഞ്ഞു പോകാനോ, ഇടിഞ്ഞു പോകനോ സാധ്യതയുണ്ട്. “ഈ പറമ്പിലെ രണ്ടു വീടുകളും ചെരിഞ്ഞതുകൊണ്ട് നല്ല പൈസയ്ക്ക് പൈലിങ് നടത്തിയാണ് ഇങ്ങോട്ട് വന്നത്. പിഎംഎ ലോൺ എല്ലാം അതിനു മാത്രമേ തികഞ്ഞുള്ളൂ. പിന്നെ കടവും വായ്പയും എടുത്താണ് വീട് പണി പൂർത്തിയാക്കിയത്. “ ആദർശ് നഗറിലെ നാസിർ പറയുന്നു. പുഴ നികത്തി കല്ലിട്ട് നിരപ്പാക്കിയ മൂലമ്പിളിയിലെ പുനരധിവാസ ഭൂമിയിൽ, ഒരു മീറ്റർ പൈലടിക്കാൻ തന്നെ 15000 രൂപ ചിലവ് വന്നിട്ടുണ്ടെന്നാണ് താമസക്കാർ പറയുന്നത്.
സർക്കാർ അനുവദിച്ച പുനരധിവാസ ഭൂമി ക്രയവിക്രയം ചെയ്യുന്നതിനും നിയന്ത്രണങ്ങളുണ്ട്. കോടതിയിൽ പോയി മാറ്റാതെ 25 വർഷത്തേക്ക് ഈ ഭൂമി കൈമാറ്റം ചെയ്യാൻ സാധിക്കുകയില്ല. കോതാട് ഭൂമിയുള്ള ഫ്രാൻസിസിന് മാത്രമാണ് ഇത്തരത്തിലൊരു അവകാശം ലഭിച്ചത്.
ഭൂമി വിട്ടു നൽകിയതിന് ശേഷം ബാക്കിയുള്ള സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യാമെന്നും അതിനൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും സർക്കാർ അധികൃതർ ഭൂമി ഏറ്റെടുക്കും മുൻപ് വാക്ക് നൽകിയിരുന്നതാണ്. ഇതിനായി കെട്ടിടാനിർമ്മാണ ചട്ടങ്ങൾക്ക് ഇളവ് നൽകാമെന്ന് അന്നത്തെ മന്ത്രിയായിരുന്ന എസ് ശർമ്മ, പറഞ്ഞിരുന്നു.എന്നാൽ അതിനും ഇപ്പോൾ അനുമതിയില്ലാത്ത അവസ്ഥയാണെന്നാണ് ആളുകൾ പറയുന്നത്.
“റോഡിനു നൽകി മിച്ചമുള്ള സ്ഥലത്ത് വീട് വയ്ക്കാമെന്ന് കരുതി കല്ലും, മെറ്റലും ഇറക്കി, തറയ്ക്ക് കല്ല് വരെ ഇട്ടതാണ്. അപ്പോൾ റോഡിൽ നിന്നും ഇത്ര ദൂരം വിട്ടു വേണം വീട് പണിയാൻ എന്ന് കാണിച്ച് പഞ്ചായത്ത് അനുമതി നിഷേധിച്ചു. മിച്ചമുള്ളത് ആകെ മൂന്നര സെന്റ് ഭൂമിയാണ്. അത് വിട്ടു കഴിഞ്ഞാൽ ബാക്കി നിസാര സ്ഥലമെയുള്ളൂ. അവിടെയൊരു വീട് വെയ്ക്കാൻ പറ്റില്ല. മിച്ചമുള്ള സ്ഥലം വേണ്ട എന്നുണ്ടെങ്കിൽ സർക്കാർ തന്നെ എടുത്തോളും, അല്ലെങ്കിൽ ബാക്കിയുള്ള സ്ഥലത്ത് വീട് വയ്ക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ അതിനുള്ള അനുമതി നല്കാമെന്നൊക്കെ അന്ന് ജില്ലാ കളക്ടർ പറഞ്ഞിരുന്നെങ്കിലും ഒന്നും പ്രാബല്യത്തിൽ വന്നില്ല.” വീട് നഷ്ടപ്പെട്ട ശേഷം ഒരുപാട് കാലം വാടക വീട്ടിൽ താമസിച്ച്, ഇപ്പോൾ വാടക കൊടുക്കാൻ കഴിയാതെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന പിടി ഫ്രാൻസിസ് പറഞ്ഞു.
വീട് നിർമ്മിക്കാൻ ഭൂമി കണ്ടെത്തി നൽകും വരെ പ്രതിമാസം 5000 രൂപ വാടകയിനത്തിൽ നൽകണമെന്നും പാക്കേജിൽ പറഞ്ഞിരുന്നു. പത്തുമാസത്തെ വാടകയും, ഷിഫ്റ്റിംഗ് അലവൻസ് 10000 രൂപയും അടക്കം 60000 രൂപ ആദ്യം കുടിയൊഴിക്കപ്പെട്ട എല്ലാവർക്കും ലഭിച്ചിരുന്നു. പിന്നീട് എല്ലാ മാസവും ആറാം തീയ്യതി സമരം ചെയ്താണ് ചിലർ വാടക വാങ്ങിച്ചെടുത്തത്. ചിലർക്ക് കുടിശ്ശികയായി ഉണ്ടായിരുന്ന ബാക്കി തുക ഒരുമിച്ച് കിട്ടുകയായിരുന്നു. എന്നാൽ 2013 ൽ സ്ഥലം നൽകിയെന്ന പേരിൽ വാടക നൽകുന്നത് സർക്കാർ നിർത്തിവെച്ചു. അടിസ്ഥാന സൗകര്യങ്ങളുള്ള ഭൂമിയാണോ, ഇവിടെ എത്ര കുടുംബങ്ങൾ വീട് വച്ചു എന്നൊന്നും നോക്കാതെയാണ് വാടക സർക്കാർ നിർത്തലാക്കിയത്. വാസയോഗ്യമായ സ്ഥലം ലഭിക്കുന്നത് വരെ സർക്കാർ വാടക നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും കാര്യമുണ്ടായില്ല. ഇതിനിടയിൽ കുടിയൊഴിക്കപ്പെട്ട് കഴിഞ്ഞ പതിനാലു കൊല്ലമായി വാടകവീടുകളിൽ താമസിക്കുന്ന കുടുംബങ്ങൾ ഇപ്പോഴുമുണ്ട്.
“വാടകയിനത്തിൽ തരുന്ന 5000 രൂപ കൊണ്ട് ഇന്ന് ഒരു സ്ഥലത്തും വാടകയ്ക്ക് വീട് കിട്ടില്ല. ഒരു സ്ഥലത്ത് ചെന്ന് താമസിച്ച്, അവിടെ വാടക കൂടി വരുമ്പോൾ അടുത്ത സ്ഥലത്തേക്ക് പോകും. ഇങ്ങനെ പോയി പോയി എത്രാമത്തെയോ സ്ഥലത്താണ് ഇപ്പോൾ താമസിക്കുന്നത്. സ്ഥലം കിട്ടിയ സ്ഥലത്ത് വീട് വയ്ക്കണമെങ്കിൽ പൈലിങ് അടിക്കണം. അതിനു നല്ലൊരു സംഖ്യ വരും. ഏതാണ്ട് എനിക്ക് കിട്ടിയിരിക്കുന്ന നഷ്ടപരിഹാരത്തുക മുഴുവൻ തന്നെ ഈ പൈൽ അടിക്കുന്നതിനു മാത്രം ചിലവാകും. അതുകഴിഞ്ഞു മേലോട്ട് പൊക്കി കെട്ടാൻ സംഖ്യ വേറെ അന്വേഷിക്കണം. അതുകൊണ്ടാണ് അവിടെ വീട് വെയ്ക്കാത്തത്. വീട് പോയതോടെ ആകെ ദുരിതത്തിലായിരിക്കുകയാണ്. എന്റെ വീടിരുന്ന മഞ്ഞുമ്മലിൽ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ടായിരുന്നു. പിന്നെ വീട്ടിൽ തന്നെ ചെറിയ കൃഷികൾ ഒക്കെ ചെയ്ത് ആവശ്യമുള്ള ചെറിയ ഭക്ഷ്യവസ്തുക്കൾ ഒക്കെ ഉണ്ടാക്കാമായിരുന്നു. ഇപ്പോൾ കറിവേപ്പിലയും തേങ്ങയുമെല്ലാം പൈസ കൊടുത്തു വാങ്ങേണ്ട അവസ്ഥയാണ്.” ഇപ്പോഴും വാടക വീട്ടിൽ കഴിയുന്ന ആന്റണി പറയുന്നു.
ഇനി സ്വന്തമായി ഒരു വീട് എന്ന്, എങ്ങനെ പണിയുമെന്ന് യാതൊരു ഊഹവുമില്ലാതെ നിൽക്കുന്നവരാണിവരെല്ലാം. കിട്ടുന്ന വരുമാനം കൊണ്ട് വാടകയും കൊടുത്ത് കുടുംബം നോക്കേണ്ടവരാണിവർ. കുടിയൊഴിക്കപ്പെട്ടതിനു ശേഷം പലർക്കും തൊഴിൽ നഷ്ടമാവുകയും ആരോഗ്യപ്രശനങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. മത്സ്യബന്ധനയം ഉൾപ്പെടെ അതാതു പഞ്ചായത്തുകളിൽ ജോലി ചെയ്തിരുന്നവരെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. “ ഇതിനോടകം സ്വന്തം വീട്ടിലല്ലാതെ മുപ്പത്തി രണ്ട് പേരോളം മരിച്ചിട്ടുണ്ട്. അതിൽ ചിലരെങ്കിലും ആത്മഹത്യയായിരുന്നു. അധിക പേരും മാനസികരോഗികളായി. ചിലരെങ്കിലും കിടപ്പു രോഗികളായി. കുടുംബങ്ങൾ ശിഥിലമായി. ഒഴിപ്പിക്കപ്പെട്ട കുടുംബംങ്ങളെ സംബന്ധിച്ച് സ്വപ്നപദ്ധതി ദുരന്ത പദ്ധതിയായി മാറുകയായിരുന്നു.” ഫ്രാൻസിസ് കളത്തിങ്കൽ പറയുന്നു.
കുടിയൊഴിക്കപ്പെട്ട കുടുംബത്തിൽ നിന്നും ഒരാൾക്ക് വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ അവരുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ജോലി എന്ന് പാക്കേജിൽ പറഞ്ഞ വാഗ്ദാനത്തിലായിരുന്നു എല്ലാവരും സ്ഥലം വിട്ടു നല്കാൻ തയ്യാറായത്. കുടുംബത്തിൽ ഒരാൾക്ക് ജോലിയുണ്ടെങ്കിൽ, സ്വന്തമായി വീട് വയ്ക്കാമെന്നും, ഉപജീവന മാർഗമാവുമല്ലോയെന്നും അവർ വിചാരിച്ചിരുന്നു. അച്ചുതാനന്ദന്റെ സർക്കാർ ഇത് സംബന്ധിച്ച് ഉറപ്പു നൽകിയത് കൂടാതെ, യുഡിഎഫിന്റെ കാലത്തും അന്നത്തെ തൊഴിൽ മന്ത്രി കെവി തോമസിനെ ചുമതലപ്പെടുത്തി ജോലിയുമായി ബന്ധപ്പെട്ട വിഷയം കൊച്ചിൻ പോർട്ടുമായി സംസാരിച്ചു ചെയ്യാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പതിനാല് വര്ഷങ്ങൾക്ക് ശേഷവും ഒരാൾക്ക് പോലും ജോലി ലഭിച്ചിട്ടില്ല. രണ്ട് സർക്കാരുകളും ഇത് സംബന്ധിച്ച് ഉറപ്പു നൽകിയെങ്കിലും വിവരാവകാശ നിയമം പ്രകാരം ചീഫ് സെക്രട്ടറി പറയുന്നത് ഇത് ബിഒടി പ്രൊജക്റ്റ് ആണെന്നാണ്. ഇത് നേരത്തെ അറിയാമായിരുന്നില്ലേയെന്നും, പിന്നെ എന്തിനാണ് വാഗ്ദാനം നല്കിയതെന്നുമാണ് കുടിയൊഴിക്കപ്പെട്ട ഓരോ ആളുകളും ചോദിക്കുന്നത്.
ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് മൂലമ്പിളിയെ നൂറ് ദിനകർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയതിന്റെ ഭാഗമായി മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ജില്ലാ കളക്ടർ അധ്യക്ഷനായ കമ്മിറ്റിയിൽ ജല- വൈദ്യുതി- പിഡബ്ലിയൂ , ആർഡിഒ തുടങ്ങി വിവിധ ഡിപ്പാർട്ടമെന്റുകളുടെ തലവന്മാരും, അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ അടങ്ങിയ കമ്മിറ്റിയും, മൂലമ്പിളി സമര സമിതിയുടെ ജനറൽ കൺവീനർ ഫാൻസിസ് കളത്തിങ്കൽ, സി.ആർ നീലകണ്ഠൻ, കൺവീനർ വിപി വിൽസൺ തുടങ്ങി മറ്റു ഭാരവാഹികളും അംഗങ്ങളായ കമ്മിറ്റി എല്ലാ മാസവും കൂടാറുണ്ടായിരുന്നു. തിരുവനന്തപുരത്ത് പോകാതെ കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്നതായിരുന്നു കമ്മിറ്റിയുടെ ലക്‌ഷ്യം. ഇത് സംബധിച്ച് റവന്യൂ മന്ത്രിക്ക് റിപ്പോർട്ടും നൽകുമായിരുന്നു. ആദ്യം കുറച്ചു കാലം കൃത്യമായും കാര്യക്ഷമമായും നടന്നെങ്കിലും പിന്നെ കുറെ നാളായി കമ്മിറ്റി വിളിക്കാതെയായി. ഉദ്യോഗസ്ഥർ അടിക്കടി മാറുന്നതും കമ്മിറ്റിയുടെ കാര്യക്ഷമമായ പ്രവർത്തനത്തെ ബാധിച്ചിരുന്നു. പുനരധിവാസത്തിന് മാത്രമായി ഡെപ്യൂട്ടി റാങ്കിലുള്ള ഒരു നോഡൽ ഓഫീസറെ നിയമിക്കണമെന്ന സമര സമിതിയുടെ ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല.
വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ അത്രപോലും വ്യവസായ – കച്ചവട സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവരെ പരിഗണിച്ചിട്ടില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം. സ്ഥലത്തിനുള്ള നഷ്ടപരിഹാര തുക ലഭിച്ചിരുന്നെങ്കിലും ഇവർക്ക് വന്ന നഷ്ടം കണക്കാക്കുമ്പോൾ അത് തീരെ ചെറിയ തുകയായിരുന്നു. മോണിറ്ററി കമ്മിറ്റി ഇടപെട്ടതിനെ തുടർന്ന് കുറച്ച് പേർക്ക് നഷ്ടപരിഹാരത്തുകയ്ക്ക് പുറമെ രണ്ട് സെന്റ് സ്ഥലം അനുവദിച്ചെങ്കിലും ഇന്നും തങ്ങൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ നേടിയെടുക്കാനായി നടക്കുന്നവരുണ്ട്.
“മുപ്പത് ലക്ഷത്തോളം രൂപ മുതൽമുടക്കിൽ 35 കൊല്ലത്തോളം അച്ഛൻ നടത്തിയിരുന്ന ടാറിൽ നിന്നും ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന ചെറുകിട വ്യവസായമായിരുന്നു അത്. ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് മാറ്റി കൊണ്ടുപോകാൻ കഴിയുന്ന ഉപകരണങ്ങളും വ്യവസായവുമല്ലായിരുന്നു അത്. 32 സെന്റ് സ്ഥലത്തിന്റെ വില മാത്രം കണക്കാക്കി പതിനേഴര ലക്ഷം രൂപയാണ് സർക്കാരിൽ നിന്നും ഭൂമി ഏറ്റെടുത്തപ്പോൾ കിട്ടിയത്. അതിൽ ഫെഡറൽ ബാങ്കിലുണ്ടായിരുന്ന ലോൺ കിഴിച്ച് ബാക്കിയുണ്ടായിരുന്ന തുക അവിടെയുണ്ടായിരുന്ന പന്ത്രണ്ട് ജോലിക്കാർക്ക് നഷ്ടപരിഹാരമായി കൊടുക്കാനേ ഉണ്ടായിരുന്നുള്ളു. സ്ഥലം ഏറ്റെടുപ്പ് കഴിഞ്ഞതിനിടെയാണ് അച്ഛന് ക്യാൻസർ വരുന്നത്. ചികിത്സയുടെ തിരക്കിനിടയിൽ ഇതിനു പിന്നാലെ നടക്കാൻ ആരുമുണ്ടായില്ല. പിന്നെ അച്ഛന്റെ മരണശേഷമാണ് സ്ഥലത്തിനും മറ്റുമായി നടക്കാൻ തുടങ്ങിയത്. ചുരുങ്ങിയത് അമ്പത് വട്ടമെങ്കിലും ഈ കാര്യത്തിനായി ഞാൻ കലക്ടറേറ്റിൽ പോയിട്ടുണ്ടായിരുന്നു. മോണിറ്ററി കമ്മിറ്റി മുഖേന വ്യവസായം നഷ്ടമായവർക്ക് ഭൂമി ലഭിച്ചതറിഞ്ഞ് അവർ വഴിയും ശ്രമം നടത്തി. പക്ഷെ ഇത്രയും കാലം എവിടെയായിരുന്നു എന്ന് മാത്രം ചോദിച്ച് ഞാനടക്കമുള്ള മൂന്ന് പേരുടെ അപേക്ഷ അധികൃതർ തളളികളയുകയുകയായിരുന്നു.ഇത് സംബന്ധിച്ച് റവന്യൂ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്, ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയിൽ പോയി പരാതി കൊടുത്തിട്ടുണ്ട്, തിരുവനന്തപുരത്ത് പോയി മന്ത്രിമാരെ കണ്ടിട്ടുണ്ട്. പക്ഷെ എല്ലാവരും പറയുന്നത് ഇതിലൊന്നും ചെയ്യാൻ കഴിയില്ല എന്നാണ്,” സജിൽ ജോസഫ് പറയുന്നു.
ചുരുക്കത്തിൽ സമരം ചെയ്ത് നേടിയ പാക്കേജ്, പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങി പോവുകയായിരുന്നു. കഴിഞ്ഞ പതിനാലു കൊല്ലമായി ഇവിടുത്തുക്കാർ ആവശ്യപ്പെടുന്നത് ഒന്നുമാത്രമാണ്, നിലവിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുക. നടപ്പിലാക്കാനല്ലെങ്കിൽ പിന്നെന്തിനാണ് ഓർഡറിട്ടിരിക്കുന്നത് എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ ചോദിക്കുന്നത്. “സർക്കാർ കണ്ടതിനേക്കാൾ സ്വപ്നം കണ്ടത് ഈ കുടിയൊഴിക്കപ്പെട്ടവരായിരുന്നു. എന്നാൽ ആ സ്വപ്നത്തെ സർക്കാർ കണ്ടില്ല. അവർ പറയുന്നത് അവരുടെ സ്വപ്ന പദ്ധതിയാണെന്നാണ്. നഷ്ടപ്പെടുന്നവന്റെ സ്വപ്നത്തെ പറ്റി യാതൊരു ചിന്തയുമില്ല. വാക്കാലെ അന്നേരം പറഞ്ഞ്. സ്ഥലം അവരുടെ കയ്യിൽ കിട്ടുന്ന വരെയും പല പല വാഗ്ദാനങ്ങൾ ആയിരുന്നു. കിട്ടി കഴിഞ്ഞൽ പിന്നെ ഈ സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങാൻ വിധിക്കപ്പെട്ട ഒരു വർഗമായി മാറും ഈ കുടിയൊഴിക്കപ്പെട്ടവർ.” പതിനാലു വർഷത്തെ തന്റെ അനുഭവമായിരുന്നു ആന്റണി പിപി പറഞ്ഞത്.
കേരളത്തിൽ വികസന പദ്ധതികൾ കൊണ്ടുവരുന്നതിൽ ഇന്നും ഇവരാരും എതിരല്ല, പക്ഷെ ഈ കഴിഞ്ഞ പതിനാലു വർഷത്തിനുള്ളിൽ, അനുഭവത്തിൽ നിന്നും ഇവർ പഠിച്ച പാഠങ്ങളുണ്ട്. ഇനി ഒരു വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിക്കും മുൻപ് സർക്കാരിനോടും, കുടിയൊഴിപ്പിക്കപ്പെടുന്നവരോടും അവർക്ക് ചിലത് പറയാനുമുണ്ട്. “വീടിന്റെ പഴക്കം നോക്കി വില കൊടുക്കാതെ ഇന്ന് ഒരു വീട് വയ്ക്കാനുള്ള വില കൊടുക്കണം. വീടിന്റെയും സ്ഥലത്തിന്റെയും പണം കിട്ടി മറ്റൊരിടത്തേക്ക് മാറി താമസിക്കാൻ ആറ് മാസം വരെ അവർക്ക് സമയം കൊടുക്കണം. പിന്നെ സർക്കാരും ഉദ്യോഗസ്ഥരും ഇതിനിടയിൽ പറയുന്ന ഒരു വാഗ്ദാനങ്ങളിലും വിശ്വസിക്കരുത്.” മറ്റൊരു മൂലമ്പിള്ളിക്കാർ ഉണ്ടാവാതിരിക്കാനാണ് അവർ ഈ കാര്യങ്ങൾ പറയുന്നത്. സിൽവർ ലൈൻ അടക്കമുള്ള പദ്ധതികൾക്കായി കുടിയൊഴിപ്പിക്കാൻ തുടങ്ങുമ്പോൾ മൂലമ്പിളിയിലെ ഓരോ ആളുകളും ചോദിക്കുന്ന ഒരു ചോദ്യത്തിന് തന്നെയാണ് സർക്കാരും ഉത്തരം പറയേണ്ടത്, “പതിനാലു വർഷമായിട്ടും 316 കുടുംബങ്ങൾക്ക് നിറവേറ്റാത്ത വാഗ്ദാനങ്ങൾ എങ്ങനെയാണ് 2000 കുടുംബങ്ങൾക്ക് സർക്കാർ നിറവേറ്റുക?”