Mon. Dec 23rd, 2024

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പരസ്യ സംവാദത്തിനൊരുങ്ങി കേരള റെയില്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെആര്‍ഡിസി). പദ്ധതിയെ അനുകൂലിക്കുന്നവരെയും എതിര്‍ക്കുന്നവരെയും ഒരേ വേദിയില്‍ കൊണ്ടുവന്ന് സംവാദത്തിന് വേദിയൊരുക്കും. ഏപ്രില്‍ 28 ന് തിരുവനന്തപുരത്ത് വെച്ച് പരിപാടി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

പദ്ധതിയുടെ പ്രാഥമിക പഠനം നടത്തിയ റിട്ടയര്‍ഡ് റെയില്‍വേ ചീഫ് എഞ്ചിനീയര്‍ അലോക് വര്‍മ്മയും സംവാദത്തിന്റെ ഭാഗമാകും. കെ റെയില്‍ പ്രയോഗികമല്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ട്, മുഖ്യമന്ത്രിയോ സര്‍ക്കാരിന്റെ ഭാഗമായ ഉന്നത ഉദ്യോഗസ്ഥരോ കൂടികാഴ്ച്ചയ്ക്ക് തയ്യാറായില്ലെന്ന് അലോക് വര്‍മ്മ പരാതിപ്പെട്ടിരുന്നു. ഇത് കൂടെ പരിഗണിച്ചാണ് അലോക് വര്‍മ്മയെ സംവാദത്തിന് ക്ഷണിക്കുക. അദ്ദേഹത്തെ കൂടാതെ ആര്‍ വി ജി മേനോന്‍, ജോസഫ് സി മാത്യൂ എന്നിവരും പാനലില്‍ ഉണ്ടാവും.

കെ റെയിലിനെ എതിര്‍ക്കുന്നതും അനുകൂലിക്കുന്നതുമായ മൂന്ന് പേര്‍ വീതമുള്ള രണ്ട് പാനലുകളായിരിക്കും ഉണ്ടാവുക. സാങ്കേതിക വിദഗ്ധര്‍ക്കും മാധ്യമങ്ങള്‍ക്കും സംവാദത്തിലേക്ക് ക്ഷണമുണ്ടാവുമെങ്കിലും,  രാഷ്ട്രീയ നേതാക്കൾക്ക് ക്ഷണമില്ല. സംവാദത്തിലേക്ക് സാങ്കേതിക വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തിയായിരിക്കും പാനല്‍. സിൽവർ ലൈനിനെ എതിർക്കുന്നവർക്ക് മറുപടി നൽകുന്നതും വിദഗ്ദ്ധരായിരിക്കും.