Mon. Dec 23rd, 2024

ഇരിക്കൂർ: മഴക്കാലപൂർവ ശുചീകരണം പോലും നടക്കാതെ മാലിന്യക്കൂമ്പാരമായി ഇരിക്കൂർ പുഴ. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തന്നെ തടസ്സപ്പെടുത്തുന്ന നിലയാണ് മാലിന്യം കൂടിയിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തിൽ വന്നടിഞ്ഞ മണലും എക്കലും കാരണം പുഴയുടെ സ്വാഭാവിക ഒഴുക്ക് നഷ്ടമായിരുന്നു. ഇതുമൂലം പുഴയിൽ കുറ്റിക്കാടുകൾ വളരുകയും ആഴം കുറയുകയും ചെയ്തു.  

കഴിഞ്ഞ പ്രളയത്തിൽ പുഴയോട് ചേർന്നുള്ള നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. മാലിന്യവും മണ്ണും നിറഞ്ഞ് പുഴയുടെ ആഴം കുറഞ്ഞ സാഹചര്യത്തിൽ മഴ തുടങ്ങിയാൽ ഈ വട്ടവും വെള്ളം കയറും. കാലവർഷം തുടങ്ങുന്നതിനു മുൻപ് ബാവലിയടക്കമുള്ള പുഴകളിൽ ശുചീകരണം നടത്തിയെങ്കിലും ഇരിക്കൂറിൽ ഇല്ലായിരുന്നു. പുഴയിൽ നിറഞ്ഞു കിടക്കുന്ന മാലിന്യങ്ങളും കാടുപടലങ്ങളും മഴ തുടങ്ങുന്നതിനു മുൻപ് നീക്കം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം. 

ദൂരസ്ഥലങ്ങളിൽ നിന്നുപോലും ഇരിക്കൂർ പുഴയിൽ മാലിന്യങ്ങൾ വന്ന് തള്ളാറുണ്ട്. കല്യാണ മാലിന്യങ്ങളും, അറവ് മാലിന്യങ്ങളും പുഴയിൽ തള്ളുന്നതിനെതിരെ പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും എടുക്കുന്നില്ലെന്ന പരാതിയുമുണ്ട്. അറവുമാലിന്യം അടിഞ്ഞു കൂടിയതിനാൽ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യവും വർധിച്ചിട്ടുണ്ട്. നൂറുകണക്കിന് കുട്ടികൾ ഓരോ ദിവസവും വിദ്യാലങ്ങളിലേക്ക് പോകുന്നത് ഈ പുഴ കടന്നാണ്. അതുകൊണ്ട് തന്നെ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.