Fri. Nov 22nd, 2024

ഉഡുപ്പി: കർണാടകയിൽ ഹിജാബ് ധരിച്ച് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാനെത്തിയ രണ്ട് വിദ്യാര്‍ഥിനികളെ സ്കൂൾ അധികൃതര്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ മടക്കി അയച്ചു. ഹിജാബ് വിഷയത്തിൽ ആദ്യം പരാതി നൽകുകയും, സമരം ചെയ്യുകയും ചെയ്ത അലിയ ആസാദി, രെഷാം എന്നീ വിദ്യാര്‍ഥിനികളെയാണ് മടക്കിയയച്ചത്. ഉഡുപ്പിയിലെ വിദ്യോദയ പി.യു കോളേജിലെ പരീക്ഷാ കേന്ദ്രത്തിലായിരുന്നു സംഭവം. 

ഹാള്‍ടിക്കറ്റ് ശേഖരിച്ച് പരീക്ഷാ ഹാളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ തടഞ്ഞത്. മുക്കാല്‍ മണിക്കൂറോളം സ്‌കൂള്‍ അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വിദ്യാർഥികൾ ശ്രമിച്ചെങ്കിലും കോടതി ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാന്‍ സമ്മതിക്കാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ പരീക്ഷ ബഹിഷ്‌കരിച്ച് തിരിച്ചുപോയി. 

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ രണ്ടാംഘട്ട ബോര്‍ഡ് പരീക്ഷയാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഹിജാബ് നിരോധനം ശരിവെച്ച് കൊണ്ട് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിൽ, ഹിജാബ് ധരിച്ച് കൊണ്ട് തന്നെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  ആലിയ ആസാദി കഴിഞ്ഞയാഴ്ചയും മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാൽ ഇതിന് അനുവാദം ലഭിച്ചിരുന്നില്ല. ഇതിലുള്ള പ്രതിഷേധം എന്ന നിലയിലാണ് ഹിജാബ് ധരിച്ച് കൊണ്ട് തന്നെ ഇവര്‍ പരീക്ഷയ്‌ക്കെത്തിയത്.