ലഖ്‌നൗ: ഉത്തർപ്രദേശിൽ മകന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്ത അമ്മയ്ക്കുനേരെ ആക്രോശിച്ച് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്. മതി, വായപൂട്ട്, നിങ്ങളോട് എത്രവട്ടമാണ് പറയേണ്ടത്, പറഞ്ഞാലും മനസ്സിലാവില്ല എന്നുപറഞ്ഞാണ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ശുഭാംഗി ശുക്ല ആക്രോശിക്കുന്നത്. വിരല്‍ ചൂണ്ടി അമ്മയെ ഉദ്യോഗസ്ഥ ശകാരിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബുധനാഴ്ച രാവിലെ സ്‌കൂളില്‍ പോകുന്നതിനിടെയാണ് പത്തു വയസ്സുകാരനായ അനുരാഗ് മരിച്ചത്. ബസ് യാത്രയ്ക്കിടെ ഛര്‍ദിക്കാന്‍ തോന്നിയപ്പോള്‍ കുട്ടി വിന്‍ഡോയില്‍ തലചായ്ച്ചു കിടക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ പെട്ടെന്ന് ബസ് തിരിക്കുകയും കുട്ടിയുടെ തല ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തല്‍ക്ഷണം മരിക്കുകയായിരുന്നു. സംഭവത്തിൽ ബസ് ഡ്രൈവറേയും ജീവനക്കാരനേയും അറസ്റ് ചെയ്‌തെങ്കിലും സ്‌കൂളിനെതിരെ നടപടി എടുത്തിട്ടില്ലായിരുന്നു. ഇതെത്തുടര്‍ന്നാണ് കുട്ടിയുടെ അമ്മയും ബന്ധുക്കളും സമരം ചെയ്തത്.
മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാതെയാണ് സ്‌കൂള്‍ ബസ് സര്‍വീസ് നടത്തിയതെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. സ്കൂൾ ബസിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.