പാലക്കാട്:
വാളയാർ – വടക്കഞ്ചേരി ദേശീയപാതയിലെ കണ്ണനൂരിൽ സിഗ്നൽ തെറ്റിച്ചെത്തിയ കെഎസ്ആർടിസി ബസിടിച്ച്, സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. നിർത്താതെ പോയ ബസ് നാട്ടുകാർ തടഞ്ഞിട്ടു. കണ്ണാടി കടകുറിശ്ശി പാങ്ങോട് വീട്ടിൽ ചെല്ലമ്മ (77) ആണു മരിച്ചത്.
ഡ്രൈവർ ആലത്തൂർ തോട്ടിങ്കൽ അത്തിപൊറ്റ എ ചന്ദ്രനെ (53) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 9.40നായിരുന്നു അപകടം. തോലനൂരിൽ നിന്നു പാലക്കാട്ടേക്കു പോകുകയായിരുന്ന ബസാണ് ഇടിച്ചത്.
കടയിൽ നിന്നു പച്ചക്കറി വാങ്ങി വീട്ടിലേക്കു മടങ്ങുകയായിരുന്നു ചെല്ലമ്മ. സീബ്രാ ലൈനിലൂടെ റോഡിന്റെ മറുവശത്തേക്കു കടക്കുന്നതിനിടെ, നിർത്തിയിട്ട ബസ് ചുവപ്പു സിഗ്നൽ അവഗണിച്ചു പെട്ടെന്നു മുന്നോട്ടെടുത്തതിനെത്തുടർന്ന് ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ബസിന്റെ ചക്രങ്ങൾ ചെല്ലമ്മയുടെ ദേഹത്തു കയറിയിറങ്ങി. അപകടമുണ്ടായിട്ടും ബസ് നിർത്തിയില്ല.
യാത്രക്കാർ ബസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ വഴങ്ങിയില്ല. നാട്ടുകാർ പിന്നാലെയെത്തി ബസ് തടഞ്ഞതോടെ ഡ്രൈവർ സീറ്റിൽ നിന്നിറങ്ങി ബസിൽ തന്നെ ഒളിച്ചു. ഡ്രൈവർ ഗുരുതര നിയമലംഘനം നടത്തിയെന്നു കണ്ടെത്തിയതായും ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി സ്വീകരിച്ചതായും ആർടിഒ എൻ തങ്കരാജ് അറിയിച്ചു.
വിശദ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണു കേസെടുത്തിട്ടുള്ളത്. കൂടുതൽ വകുപ്പുകൾ ചുമത്തേണ്ടതുണ്ടോയെന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തീരുമാനിക്കുമെന്ന് എസ്ഐ എം.മഹേഷ് കുമാർ പറഞ്ഞു.