Wed. Jan 22nd, 2025
വെള്ളമുണ്ട:

അനധികൃത മണ്ണെടുപ്പും തണ്ണീർത്തടങ്ങളും തോടുകളും മണ്ണിട്ട് നികത്തലും വ്യാപകമാവുന്നു. അധികൃതരുടെ ഒത്താശയോടെയാണ് നിയമം ലംഘിച്ച് ഇവയെല്ലാം അരങ്ങേറുന്നത്. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിലെ വിവിധഭാഗങ്ങളിലാണ് വ്യാപകമായ കുന്നിടിക്കലും മണ്ണിട്ട് നികത്തലും.

തണ്ണീർത്തടങ്ങളടക്കം നികത്തുന്നതും തോടും നീർച്ചാലുകളും മണ്ണിട്ട് മൂടുന്നതും പതിവ് കാഴ്ചയായി. വയൽ നികത്തലും കുന്നിടിക്കലും ഇത്ര വ്യാപകമായും പരസ്യമായും മുമ്പ് ഉണ്ടായിരുന്നില്ല. ഭൂമി തരംമാറ്റൽ നയത്തിൽ വന്ന മാറ്റം ഇളവാക്കിയാണ് മണ്ണിടിക്കലും മണ്ണ് തള്ളലും നടക്കുന്നത്.

കഴിഞ്ഞദിവസം തൊണ്ടർനാട് പഞ്ചായത്തിലെ കോറോം പ്രദേശത്ത് തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നതായി പരാതിയുയർന്നിരുന്നു. ഈ പ്രദേശങ്ങളിൽ നീർച്ചാലുകളും തോടുകളും നികത്തുന്നത് നേരത്തേ, വിവാദമായിരുന്നു. പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കും വിധം മണ്ണെടുപ്പും വയൽനികത്തലും നടത്തുന്നതായ പരാതി ഉയരുമ്പോഴും ബന്ധപ്പെട്ടവർ ഇവക്ക് തടയിടാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഒന്നും ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

2018ലെയും 2019ലെയും പ്രളയത്തിൽ വലിയ തോതിൽ വെള്ളം കയറിയ പ്രദേശങ്ങളിലാണ് ഇങ്ങനെ മണ്ണിട്ട് ഉയർത്തുന്നത്. ഇത്തരത്തിൽ വൻ തോതിൽ മണ്ണിട്ട് ഉയർത്തുന്നത് പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.

നാട്ടുകാരുടെ പരാതിയെ തുടർന്ന് സബ് കലക്ടർ ഇടപെട്ട് തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം കോറോത്ത് എത്തി പരിശോധന നടത്തി. തുടർന്ന് സ്ഥലമുടമയെ വിളിച്ചുവരുത്തുകയും ചെയ്തു. മണ്ണിട്ട് നികത്തിയ നീർച്ചാലുകൾ തുറക്കാനും മൂന്നടി വ്യാസമുള്ള പൈപ്പുകൾ സ്ഥാപിച്ച് നീരൊഴുക്ക് സുഗമമാക്കാനും നിർദേശിച്ചിരുന്നു. തണ്ണീർത്തട സംരക്ഷണ നിയമത്തെയെല്ലാം നോക്കുകുത്തിയാക്കി പ്രകൃതിക്കുനേരെ നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.