Mon. Dec 23rd, 2024
സുൽത്താൻ ബത്തേരി:

നമുക്ക് ചുറ്റുമുള്ള ഓരോരുത്തരും വ്യത്യസ്തമാണ്. കാഴ്ചപ്പാടുകൾ കൊണ്ട്, ജീവിത രീതി കൊണ്ട്, ഇഷ്ടങ്ങൾ കൊണ്ടെല്ലാം വ്യത്യസ്തർ. ചിലർ പ്രശ്നങ്ങളെ നേരിടുന്നതും അങ്ങനെയായിരിക്കും.

അങ്ങനെ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നിമിഷങ്ങളെ വ്യത്യസ്തമായി അതിജീവിച്ച ഒരു ചെറുപ്പക്കാരനെ പരിചയപ്പെടാം. ഒന്നര സെന്റ് ഭൂമിയിൽ അലങ്കാര ചെടികൾ വളർത്തി അവയ്ക്കൊപ്പം ജീവിതം ആസ്വദിക്കുകയാണ് ഷെനിൽ. സുൽത്താൻ ബത്തേരിയാണ് ഷെനിലിന്റെ സ്വദേശം.

ജീവിതത്തിൽ ഒറ്റപെട്ടുപോയപ്പോഴാണ് ഷെനിൽ ചെടികളുമായുള്ള സൗഹൃദം തുടങ്ങിയത്. ആ സൗഹൃദം വളർന്നു ഇപ്പോൾ ഷെനിലിന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായി. ഇപ്പോൾ വീട് നിറയെ അലങ്കര ചെടികളാണ്.

വീടിനെ മറച്ചു വളർന്നു നിൽക്കുന്ന ഈ ചെടികളിൽ വിലയിൽ കേമന്മാരായ മെലനോ ക്രൈസം, പ്രിങ്ക് പ്രിൻസസ് തുടങ്ങി 506 ഇനം വ്യത്യസ്തതയാർന്ന ചെടികളുടെ ശേഖരം തന്നെയുണ്ട്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ ഒറ്റപെട്ടുപ്പോയതോടെ ഷെനിൽ തുടങ്ങിയ ഹോബിയാണ് ഈ ചെടി വളർത്തൽ. ഇന്ന് 2913 ചട്ടികളിലായി ചെടികളെ പരിപാലിക്കുന്നുണ്ട് ഈ യുവാവ്.

എയർ പ്ലാന്റ്, സ്പാനിഷ് മോസ് തുടങ്ങി വ്യത്യസ്ത ഇനങ്ങൾ ഏറെയുണ്ട് ഈ ശേഖരത്തിൽ. ഒന്നര സെന്റ് ഭൂമിയിൽ ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും ഇടപിടിച്ചിട്ടുണ്ട്. ഈ ഒന്നര സെന്റ് സ്ഥലത്തു 5000 ചട്ടികളും ആയിരത്തോളം വെറൈറ്റി ചെടികൾ കൂടി സംഘടിപ്പിക്കണം എന്നാണ് ഷെനിലിന്റെ ഇപ്പോഴത്തെ ആഗ്രഹം.

പുനരുപയോഗം സാധ്യമായ ഉപേക്ഷിക്കപ്പെട്ട കുപ്പികളും പത്രങ്ങളുമെല്ലാം ഷെനിലിന് ഇപ്പോൾ ചെടികൾ വളർത്താനുള്ള ഇടങ്ങൾ ആണ് . ജീവിതത്തിൽ ഒറ്റപെട്ടുപോയാലും തെറ്റായ വഴിയിൽ സഞ്ചരിക്കരുതെന്ന സന്ദേശം പകരുക എന്നതു കൂടിയാണ് ഈ ചെറുപ്പക്കാരന്റെ ലക്‌ഷ്യം. ഒഴുക്കിനൊപ്പമല്ല ഒഴുക്കിനെതിരെ നീന്തി വേണം കരകയറാൻ. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് നീങ്ങുക എന്നത് തന്നെയാണ് പ്രധാനമെന്നും ഷെനിൽ പറയുന്നു.