ആലപ്പുഴ:
കൊവിഡ് നിയന്ത്രണങ്ങൾ ഇല്ലാതായെങ്കിലും യാത്രസൗകര്യം പഴയപടിയാക്കുന്നതിൽ റെയില്‍വേ മെല്ലെപ്പോക്കിൽ. കൊവിഡിന്റെ പേരിൽ നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പലതും ഇനിയും ഓടിത്തുടങ്ങിയിട്ടില്ല. മറ്റു ട്രെയിനുകളിൽ ഉയർന്ന ടിക്കറ്റ് നിരക്കും വാങ്ങുന്നു.
പലതിലും റിസർവ് ചെയ്തേ യാത്ര ചെയ്യാൻ കഴിയൂ. ഓൺലൈനായി ടിക്കറ്റെടുത്താൽ നിരക്ക് പിന്നെയും ഉയരും. ഇപ്പോഴുള്ള മിക്ക ട്രെയിനുകളിലും സീസൺ ടിക്കറ്റ് അനുവദിക്കുന്നുമില്ല.
ജില്ലയിലെ രണ്ടുപാതയിലും യാത്രക്കാരുടെ ദുരിതം തീരുന്നില്ല. സീസൺ ടിക്കറ്റ് അനുവദിക്കുന്നത് ഏതാനും വണ്ടികളിൽ മാത്രമെന്നതാണ് പതിവുയാത്രക്കാരുടെ ദുരിതം. തീരദേശ പാതയിൽ ജനറൽ കോച്ചുകളുള്ള ആലപ്പുഴ-കണ്ണൂർ, തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റികൾക്കുമാത്രമാണ് സീസൺ ടിക്കറ്റ് അനുവദിക്കുന്നത്.
20 മുതൽ എല്ലാ ട്രെയിനുകളിലും ജനറൽ കോച്ചുകൾ അനുവദിച്ച് സീസൺ ടിക്കറ്റ് നൽകുമെന്ന് അധികൃതർ പറയുന്നു. മിക്കവാറും ട്രെയിനിൽ എക്പ്രസ് നിരക്ക് നൽകി യാത്രചെയ്യേണ്ട അവസ്ഥയാണ്. കായംകുളം-കോട്ടയം പാസഞ്ചർ നിരക്ക് 15 രൂപയാണ്.
ഇപ്പോൾ 35 രൂപ മുടക്കിയേ യാത്രസാധ്യമാകൂ. ഇന്റർസിറ്റിയിൽ കായംകുളം-എറണാകുളം നിരക്ക് 50 രൂപയാണ്. റിസർവേഷനുണ്ടെങ്കിൽ 65 രൂപ നൽകണം. ആലപ്പുഴ-എറണാകുളം 35 രൂപ, റിസർവേഷൻ 50. ഓൺലൈനായി ടിക്കറ്റെടുത്താൽ 20 രൂപയോളം അധികം നൽകണം.
പതിവുയാത്രക്കാർക്ക് പ്രയോജനപ്പെടുന്ന വിധത്തിലല്ല ഇപ്പോൾ ഓടുന്ന ട്രെയിനുകളുടെ സമയക്രമം. ആശ്രയിക്കാവുന്നവക്കാകട്ടെ ഉയർന്ന നിരക്കും.