Mon. Dec 23rd, 2024
ഇരിട്ടി:

രാജ്യാന്തര നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച തലശ്ശേരി – വളവുപാറ റോഡിൽ സ്ഥാപിച്ച സൗരോർജ വഴിവിളക്കുകളിൽ ഭൂരിഭാഗവും തെളിയുന്നില്ല. സ്ഥാപിച്ചതു മുതൽ കത്താത്ത വിളക്കുകളും ധാരാളം. ഒരെണ്ണത്തിനു 95,000 രൂപ ചെലവിൽ 9 കോടി രൂപയോളം മുടക്കി കെഎസ്ടിപി പദ്ധതി പ്രകാരം സ്ഥാപിച്ച വഴിവിളക്കുകളാണ് റോഡ് ഉദ്ഘാടനം നടത്തും മുൻപേ കേടായത്.

ഗുണനിലവാരം കുറഞ്ഞ ബാറ്ററി കവചം തുരുമ്പിച്ച് ഇതിനുള്ളിൽ നിന്നു ബാറ്ററികൾ ഏതു സമയവും വഴിയാത്രക്കാരുടെയും വാഹനങ്ങളുടെയും മുകളിൽ പതിക്കുമെന്ന ഭീഷണി വേറെയും. 53.87 കിലോമീറ്റർ വരുന്ന ഈ റോഡിൽ തലശ്ശേരി മുതൽ വളവുപാറ വരെ 947 സോളർ വഴിവിളക്കുകളാണു സ്ഥാപിച്ചത്. കൾറോഡ് – വളവുപാറ റീച്ചിൽ 281, തലശ്ശേരി – കൾറോഡ് റീച്ചിൽ 666. 15 മീറ്റർ ഇടവിട്ട് 2 വശത്തേക്കും പ്രകാശം ചൊരിയുന്ന വിധത്തിൽ 30 വീതം വഴി വിളക്കുകളാണു ടൗണുകൾ, കവലകൾ, ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിലായി സ്ഥാപിച്ചത്. വലിയ ടൗണുകളിൽ എണ്ണം കൂടുതലുണ്ട്.

60 വാട്ടിന്റെ എൽഇഡി ബൾബാണു വഴിവിളക്കുകളിൽ ഉള്ളത്. വാഹനം ഇടിച്ചും മറ്റും തകർന്ന ചില വിളക്കുകൾ മാസങ്ങളായി നിലംപൊത്തി കിടക്കുകയാണ്. ഒരു ഗുണമേന്മയും ഇല്ലാത്ത ബാറ്ററികളും വിളക്കുകളും സോളർ പാനലുകളുമാണു ഇതിൽ ഉപയോഗിച്ചിരിക്കുന്നതെന്നും ആക്ഷേപം ഉയർന്നു. സ്ഥാപിച്ച് 6 മാസം തികയും മുൻപേ ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു തൂണുകൾ പോലും തുരുമ്പ് എടുത്തതു വ്യാപക വിമർശനത്തിനു വഴിയൊരുക്കി.