Mon. Dec 23rd, 2024
വെള്ളമുണ്ട:

തുടർച്ചയായി പെയ്ത വേനൽമഴയിൽ ചളിക്കുളമായി പുളിഞ്ഞാൽ റോഡ്. വെള്ളമുണ്ട ടൗണിൽനിന്ന് തുടങ്ങുന്ന റോഡിന്‍റെ മുഴുവൻ ഭാഗവും ചളിനിറഞ്ഞ് ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. ഇതോടെ, പുറത്തെത്താൻ കഴിയാതെ പ്രയാസത്തിലാണ് പ്രദേശവാസികൾ.

കിലോമീറ്ററുകൾ ചുറ്റിയാണ് നാട്ടുകാർ പ്രധാന ടൗണുകളിലെത്തുന്നത്. വിഷു, ഈസ്റ്റർ ആഘോഷസമയം കൂടിയായതിനാൽ വലിയദുരിതം പേറിയാണ് നാട്ടുകാർ സഞ്ചരിക്കുന്നത്. റോഡ് നിർമാണത്തിനായി പലഭാഗത്തും വ്യാപകമായി മണ്ണ് തള്ളിയതും പലഭാഗങ്ങളിലും നിർമാണം പൂർത്തിയാകാത്തതുമാണ് ഗതാഗതം മുടങ്ങാൻ കാരണം.

കഴിഞ്ഞദിവസങ്ങളിലെ കനത്ത മഴയിൽ ഞാറുനടാൻ പാകത്തിലായി റോഡ്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിപ്രകാരമുള്ള റോഡ് നിർമാണം ഒച്ചിഴയുന്ന വേഗത്തിൽ തികച്ചും അശാസ്ത്രീയമായി നടക്കുന്നത്. വെള്ളമുണ്ട ടൗണിൽനിന്നു തുടങ്ങി എട്ടു കിലോമീറ്റർ റോഡാണ് 10 മീറ്റർ വീതിയിൽ നിർമിക്കുന്നത്.

പാതയിലെ വിവിധ ഭാഗങ്ങൾ പൊളിച്ചിട്ടശേഷം നിർമാണ സാമഗ്രികൾ ഇറക്കിവെച്ച് പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഒരു ഭാഗത്തുപോലും പൂർത്തിയായിട്ടില്ല. കാൽനടപോലും അസാധ്യമായ നിലയിലാണ് റോഡുള്ളത്. രോഗികളെ കൊണ്ടുപോകാൻപോലും പറ്റാത്ത അവസ്ഥയിൽ കിളച്ച് മറിച്ചിട്ട റോഡിന്‍റെ നിർമാണം വേഗത്തിൽ തീർക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതരും അവഗണിക്കുകയാണ്.

പരാതി വ്യാപകമായതോടെ പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് മുമ്പ് കരാറുകാരനെ വിളിച്ച് ചർച്ച നടത്തുകയും വേഗത്തിൽ നിർമാണം പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മഴ തുടരുകയാണെങ്കിൽ ഇതുവഴിയുള്ള യാത്ര പൂർണമായി മുടങ്ങുകയും നാട് ഒറ്റപ്പെടുകയും ചെയ്യുന്ന അവസ്ഥയാവും.