Mon. Dec 23rd, 2024

സംവിധായകന്‍ ഒമര്‍ ലുലുവിന് വധഭീഷണി. പുതിയ ചിത്രങ്ങളായ ‘നല്ല സമയം’,’പവര്‍ സ്റ്റാര്‍’ എന്നീ സിനിമകളുടെ പി ആർ ഒ സ്ഥാനത്തു നിന്നും വാഴൂര്‍ ജോസിനെ മാറ്റി പുതിയൊരാളെ നിയമിച്ചതോടെയാണ് ഭീഷണി ഫോണ്‍ സന്ദേശം വന്നതെന്ന് ഒമര്‍ ലുലു പറഞ്ഞു. വാഴൂര്‍ ജോസ് ഫോണ്‍ വിളിച്ച് തീര്‍ത്തുകളയും എന്ന് ഭീഷണി മുഴക്കിയതായി ഒമര്‍ ലുലു പറഞ്ഞു. ഇതാണ് നിങ്ങൾ സ്വപ്നം കാണുന്ന സിനിമാ മേഖലയെന്നും താൻ എന്ത് ചെയ്യണമെന്നും ഒമര്‍ ലുലു ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ആർആർആര്‍ അടക്കം നിരവധി സിനിമകളുടെ പിആർ ഒ ആയി പ്രവര്‍ത്തിച്ച പ്രതീഷ് ശേഖറിനാണ് ഒമര്‍ ലുലുവിന്‍റെ പുതിയ രണ്ട് ചിത്രങ്ങളുടെയും പരസ്യ ചുമതല. ഒടിടി പ്ലാറ്റ്ഫോമിനു വേണ്ടി ആദ്യമായി സംവിധാനം ചെയ്യുന്ന നല്ല സമയം ആണ് ഒമര്‍ ലുലുവിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം. ആന്‍ ഒമര്‍ മാജിക് എന്നാണ് സംവിധായകന്‍ ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുള്ള ഗ്ലോബേഴ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ഗ്രൂപ്പ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ബാബു ആന്‍റണിയെ നായകനാക്കി ചിത്രീകരണം പുരോഗമിക്കുന്ന പവര്‍ സ്റ്റാറിനു മുന്‍പേ നല്ല സമയം റിലീസ് ചെയ്യുമെന്ന് ഒമര്‍ ലുലു അറിയിച്ചിരുന്നു. ക്രിസ്മസ് റിലീസ് ആയാണ് പവര്‍ സ്റ്റാര്‍ പ്ലാന്‍ ചെയ്യുന്നത്.

പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്‍റെ അവസാന തിരക്കഥയിലാണ് പവര്‍ സ്റ്റാര്‍ ഒരുങ്ങുന്നത്. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്‍റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്. മുഴുനീള ആക്ഷന്‍ ചിത്രത്തിന്‍റെ നിര്‍മ്മാണം റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും ചേർന്നാണ്. ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലാണ് പവര്‍ സ്റ്റാര്‍ കഥ പറയുന്നത്.