Fri. Nov 22nd, 2024
മാട്ടൂൽ:

മഴ തുടങ്ങിയതോടെ കടൽഭിത്തി ഇല്ലാത്ത തീരദേശ പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിൽ. കഴിഞ്ഞ മൂന്ന് ദിവസമായി വൈകുന്നേരം ശക്തമായ മിന്നലും മഴയുമുണ്ട്. പഞ്ചായത്തിന്റെ അതിര് കടൽ ആയ മാട്ടൂൽ പഞ്ചായത്തിന്റെ അവസ്ഥ ഭീകരമാണ്.

പഞ്ചായത്തിലെ മാട്ടൂൽ സൗത്ത്, മാട്ടൂൽ സെൻട്രൽ, ബാവുവളപ്പ്‌, കക്കാടൻ ചാൽ എന്നിവിടങ്ങളിൽ കടൽഭിത്തി തകർന്നു കിടക്കുകയാണ്. തൊട്ടടുത്ത മാടായി പഞ്ചായത്തിലും സ്ഥിതി ഗുരുതരമാണ്. സൂനാമി കടുത്ത ദുരിതം വിതച്ച പഞ്ചായത്തുകളാണ് മാടായി, മാട്ടൂൽ.

മാടായി പഞ്ചായത്തിലെ ചൂട്ടാട്, പുതിയവളപ്പ്‌ പ്രദേശത്തു കടൽഭിത്തി പേരിനു പോലും ഇല്ല. സൂനാമി തീർത്ത ദുരിതങ്ങളിൽ നിന്നു ഇതുവരെ കരകയറാൻ ഈ തീരദേശ ഗ്രാമങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഏതു നിമിഷവും ഇവിടെ കടലേറ്റം ഉണ്ടാകും.

പഞ്ചായത്തിലെ തന്നെ പുതിയങ്ങാടി, നീരൊഴുക്കും ചാൽ എന്നിവിടങ്ങളിലും കടൽഭിത്തി ഇല്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ കടൽ ഭിത്തി തകർന്നതും തീരെ ഇല്ലാത്തതും ആയ തീരദേശ പ്രദേശങ്ങൾ ഉണ്ട്. വീണ്ടും ഒരു മഴക്കാലം വിളിപ്പാടകലെ നിൽക്കുമ്പോൾ പ്രശ്നങ്ങൾക്ക് പരിഹാരം ഇല്ലാത്തതാണ് തീരദേശവാസികളുടെ ഉറക്കം കെടുത്തുന്നത്.

മാട്ടൂൽ, മാടായി പഞ്ചായത്തിൽ മാത്രം 2820 മീറ്റർ നീളത്തിൽ കടൽ ഭിത്തി നിർമിക്കാൻ 16 കോടി രൂപ ചെലവിൽ പദ്ധതിയുണ്ട്. കടപ്പുറത്തു ഇതിനായി കരിങ്കൽ ബോളുകൾ അട്ടിയട്ടിയായി വച്ചിട്ട് മാസങ്ങളായി. എന്നാൽ കടൽ ഭിത്തി നിർമാണം തുടങ്ങിയിട്ടില്ല.

മഴക്കാലത്തിനു മുൻപ് കടൽ ഭിത്തി നിർമാണം പൂർത്തിയായില്ലെങ്കിൽ കോടികൾ വീണ്ടും കടലിലേക്ക് തന്നെ ഒലിച്ചു പോകുമെന്ന് തീരദേശവാസികൾ പറയുന്നത്. കടൽ ഭിത്തി നിർമാണം വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.