Thu. Jan 23rd, 2025

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മേപ്പടിയാന്‍’. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്. ഉണ്ണി മുകുന്ദൻ തന്നെ നിർമ്മാണവും നിർവ്വഹിച്ച ചിത്രം കഴിഞ്ഞ ദിവസം നൂറ് ദിവസം പൂർത്തിയാക്കിയിരുന്നു. ഈ അവസരത്തിൽ വീണ്ടും നിർമ്മാതാവിന്റെ കുപ്പായം അണിയാൻ ഒരുങ്ങുകയാണ് ഉണ്ണിമുകുന്ദൻ.

‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ അടുത്തതായി നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിട്ടുണ്ട്. ‘ഈ ചില്ല് കൂട്ടിൽ ഇരിക്കുന്നതെല്ലാം സവർണ പലഹാരങ്ങളാണോ’ എന്ന ടാ​ഗ് ലൈനോടെയാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. നായകവേഷത്തിൽ എത്തുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്.

നവാ​ഗതനായ അനൂപ് പന്തളമാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് മുഖ്യവേഷങ്ങളിൽ. ഷാൻ റഹ്മാനാണ് സം​ഗീത സംവിധാനം. എൽദോ ഐസക് ഛായാ​ഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.