Fri. Nov 22nd, 2024
കുണ്ടംകുഴി:

വർഷങ്ങളായി ആൾതാമസമില്ലാത്ത കുണ്ടംകുഴി പൊലീസ് കെട്ടിട സമുച്ചയം സാമൂഹ്യ വിരുദ്ധരുടെ താവളമായി. കുണ്ടംകുഴി ഗവ സ്‌കൂളിന് സമീപം തെക്കിൽ ആലട്ടി, പാണ്ടിക്കണ്ടം റോഡുകൾക്കിടയിലെ പാറപ്രദേശത്താണ് രണ്ടും മൂന്നും നിലയുള്ള രണ്ട് കെട്ടിടങ്ങളുള്ളത്. 2008ൽ എറണാകുളത്തെ കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ്‌ ബേഡകം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക്‌ വേണ്ടികെട്ടിടം നിർമിച്ചത്‌.

കാടുമൂടിയ ഈ കെട്ടിടങ്ങളിൽ രാത്രി കാലങ്ങളിൽ മദ്യപാന സംഘത്തിന്റെ കേന്ദ്രമായതായി നാട്ടുകാർ പറയുന്നു. പൊലീസെത്തുമ്പോഴേക്കും ഇവർ സ്ഥലം വിടും. കെട്ടിടത്തിലെ ഇലക്ട്രിക് ഉപകരണങ്ങളെല്ലാം മോഷണം പോയി. ജനൽ തകർന്നു.

മുന്നാട് സ്ഥിതി ചെയ്യുന്ന ബേഡകം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ദൂരം, കുടിവെള്ള ലഭ്യതക്കുറവ്‌, ഒറ്റപ്പെട്ട സ്ഥലം എന്നീകാരണങ്ങളാൽ പൊലീസ് ഉദ്യോഗസ്ഥർക്ക്‌ കെട്ടിടത്തോട്‌ താൽപര്യമില്ല. ചില അന്ധവിശ്വാസങ്ങളും ഈ കെട്ടിടത്തിൽ നിന്ന്‌ പൊലീസുകാരെ അകറ്റി. പൊലീസിന്‌ ആവശ്യമില്ലെങ്കിൽ ലൈഫ്‌മിഷൻ പാർപ്പിട സമുച്ചയം, ജനമൈത്രി സംവിധാനം തുടങ്ങിയ മറ്റ്‌ ആവശ്യങ്ങൾക്ക്‌ ഈ കെട്ടിടം ഉപയോഗിക്കാനാവും.