Fri. Nov 22nd, 2024
പനമരം:

വലിയ പുഴയിൽ വിഷപ്പായലായ ബ്ലൂ ഗ്രീൻ ആൽഗ അടക്കമുള്ളവയുടെ സാന്നിധ്യം മാനന്തവാടി മേരിമാതാ കോളജ് സുവോളജി വിഭാഗം കണ്ടെത്തി. ജലത്തിൽ ഓക്സിജന്റെ അളവിൽ ഗണ്യമായ കുറവുമുണ്ട്. വലിയപുഴയിൽ കഴിഞ്ഞ വർഷത്തേതിനു സമാനമായി ഇക്കുറിയും പായൽ നിറഞ്ഞുവെന്ന വാർത്തയെ തുടർന്നു മേരിമാതാ കോളജ് സുവോളജി വിഭാഗം അസി പ്രഫസർ ഡോ വി എഫ് സനു, സജിന, ലയ, പ്രബിൻ എന്നിവർ അടങ്ങുന്ന സംഘമാണു പരിശോധന നടത്തിയത്.

എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും കരുതൽ വേണമെന്നും പരിശോധക സംഘം പറയുന്നു. അനിയന്ത്രിതമായ അളവിൽ മാലിന്യങ്ങളും കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന വളങ്ങളും ജലാശയങ്ങളിൽ എത്തിച്ചേരുമ്പോൾ ഉണ്ടാകുന്ന അൽഗൽ ബ്ലൂമും, ഡിക്ടയോസ്ഫറിയം എന്ന ഗ്രീൻ ആൽഗയുമാണ് ഇപ്പോൾ പുഴയിൽ കാണുന്ന പായൽ. ഇവ പൊതുവേ മനുഷ്യർക്കും ജന്തുക്കൾക്കും ഹാനികരമല്ലാത്തതിനാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.

കാഴ്ചയിൽ ബ്ലൂ ഗ്രീൻ ആൽഗെയ്ക്കു സമാനമാണെങ്കിലും സൂക്ഷ്മ നിരീക്ഷണത്തിലൂടെ വ്യത്യാസം കണ്ടുപിടിക്കാനാവും. ഇവയ്ക്ക് പുറമേ ക്ലോറോക്കോക്കും എന്ന ഗ്രീൻ ആൽഗയും ക്രമാതീതമായി പെരുകിയെന്നു കണ്ടെത്തി. ബ്ലൂ ഗ്രീൻ ആൽഗകളുടെ വർധന കാരണം ജലത്തിൽ ഓക്സിജന്റെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

പുഴയുടെ പലഭാഗത്തും ഓക്സിജന്റെ അളവ് ഒരു ലീറ്ററിൽ 3.5 മില്ലിഗ്രാമിലും താഴെയാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. കുറഞ്ഞത് 4 മുതൽ 5 മില്ലിഗ്രാം ഓക്സിജൻ ഒരു ലീറ്റർ വെള്ളത്തിൽ അടങ്ങിയിട്ടുണ്ടെങ്കിലേ ആരോഗ്യമുള്ള ആവാസവ്യവസ്ഥയ്ക്കു നിലനിൽപുള്ളൂ. പ്രധാനമായും കര മണ്ണിൽ കാണപ്പെടുന്ന ക്ലോറോക്കോക്കും എന്ന ഗ്രീൻ ആൽഗ കൂടിയ അളവിൽ പുഴയിൽ എത്താൻ കാരണം കരഭൂമിയിലെ വ്യാപകമായ കുന്നിടിക്കലും മണ്ണെടുപ്പുമാണ്. ഇളകിക്കിടക്കുന്ന മണ്ണ് മഴ പെയ്യുമ്പോൾ പുഴയിലേക്ക് ഒഴുകിയെത്തുന്നതാണ് ഇത്തരം ഗ്രീൻ ആൽഗയുടെ സാന്നിധ്യം പുഴയിൽ വർധിക്കാൻ കാരണമെന്നും പഠനസംഘം പറയുന്നു .